print edition നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; ധനബിൽ ബുധനാഴ്ച

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്‌ച പുനരാരംഭിക്കും. മൂന്നുദിവസം സമ്മേളിച്ച് ബുധനാഴ്‌ച പിരിയും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ധനാഭ്യർഥനകൾ പരിഗണിക്കും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ് സഭയിലെത്തുക. അന്നുതന്നെ ധനവിനിയോഗ ബില്ലും ‘കേരളം’ എന്ന് പേരുമാറ്റാനുള്ള ബില്ലിലെ രാഷ്‌ട്രപതിയുടെ റഫറൻസും ചർച്ചചെയ്യും.
ധനബില്ലിലാകും സമ്മേളനകാലത്തെ ശ്രദ്ധ മുഴുവൻ. യുഡിഎഫും കോൺഗ്രസും വകുപ്പുമന്ത്രിയും അറിയാതെയാണ് വീര്യം കുറഞ്ഞ മദ്യം ഇഷ്‌ടംപോലെ വില്‍ക്കാൻ വൻകിട കമ്പനികൾക്ക് അവസരം നൽകുന്ന നികുതി നിർദേശം മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ തിരുകിക്കയറ്റിയത്. ബില്ലിന്റെ കരട് ഗവർണറുടെ അംഗീകാരത്തിനുശേഷം ഗസറ്റ് വിജ്ഞാപനമായി ഇറങ്ങി. ‘വീര്യം കുറഞ്ഞ മദ്യം’ എന്നത് പുതിയ നിർദേശമായി ധനബില്ലിൽ ഉൾപ്പെടുത്തിയതോടെ ഏത് മദ്യക്കന്പനിക്കും വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാം.
ധനബിൽ സഭയിലെത്തുംമുമ്പ് മുന്നണി യോഗം ചേരാൻ സാധ്യതയില്ലാത്തതിനാൽ എതിർപ്പുണ്ടായാലും ബില്ലിനെ ന്യായീകരിക്കേണ്ട ഗതികേടിലാകും യുഡിഎഫ് എംഎൽഎമാർ. മദ്യനയം വരുംമുമ്പ് ബജറ്റിലൂടെ നികുതി നിർദേശം വന്നത് അറിയില്ലെന്ന് മന്ത്രിമാരായ എം ലിജുവും രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. കുറഞ്ഞ നികുതി നിശ്‌ചയിച്ചതോടെ സംസ്ഥാനത്തിന് വർഷം അറുന്നൂറോളം കോടി രൂപയുടെ വരുമാന നഷ്‌ടമാണുണ്ടാവുക.











0 comments