ad
Deshabhimani

സിയാദ് മടങ്ങി, എസ്എസ്എല്‍സി ഫലമറിയാതെ

Mankada Lightning Death Siyad

ഇടിമിന്നലേറ്റ് മരിച്ച സിയാദ് (ഇടത്), വിദ്യാർഥികളുടെ മൃതദേഹങ്ങൾ കോഴിക്കോട്ടുപറമ്പ് ടസ്കർ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ (വലത്)

വെബ് ഡെസ്ക്

Published on May 13, 2026, 02:23 PM | 1 min read

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷാഫലത്തിന് കാത്തുനില്‍ക്കാതെ സിയാദ് മടങ്ങി. വെള്ളില കുരങ്ങന്‍ചോലയില്‍ ഇടിമിന്നലേറ്റ് മരിച്ച സിയാദ് (16) ഈവര്‍ഷമാണ് മങ്കട ഗവ. ഹൈസ്കൂളില്‍നിന്ന് പത്താംക്ലാസ് പരീക്ഷയെഴുതിയത്. ദിവസങ്ങള്‍മാത്രമേ ഫലമറിയാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിന്റെ ആകാംക്ഷയിലായിരുന്നു അവന്‍.


അവധിക്കാലമായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം ഒത്തുകൂടുന്നത് പതിവായിരുന്നു. അങ്ങനെയാണ് ചൊവ്വ വൈകിട്ട് കുരങ്ങന്‍ചോലയിലെത്തിയത്. എന്നും പോകുന്ന സ്ഥലം. തമാശയും കളിചിരികളുമായി ഒത്തുകൂടിയയിടം. അത് ദുരന്തഭൂമിയാകുമെന്ന് ആരും കരുതിയിരുന്നില്ല. സിയാദ് ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ട എല്ലാവരും പ്രദേശവാസികളാണ്. ആലിക്കാപറമ്പിൽ അസീസിന്റെയും സുലൈഖയുടെയും മകനാണ് സിയാദ്.


malapuram Lightning Tragedy.jpgഇടിമിന്നലേറ്റ് മരിച്ച ഫഹദ്, സിയാദ്, ബഹാസ്, റഹീസ്


ചൊവ്വ വൈകിട്ട് അഞ്ചിനാണ്‌ നാടിനെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഇടിമിന്നലേറ്റ് മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിൽ നാല് വിദ്യാർഥികൾ മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സിയാദിനെ കൂടാതെ, മലയിൽ പുതുക്കൂടി അലിയുടെയും മുബീനയുടെയും മകൻ റഹീസ് (20), പുത്തൻവീട്ടിൽ കൂരിമണ്ണിൽ സെയ്‌തലവിയുടെയും പരേതയായ സാജിതയുടെയും മകൻ മുഹമ്മദ് ബഹാസ് (18), കറുത്താൻകുത്ത് നിസാറിന്റെയും നസീമയുടെയും മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്. ഫഹദിന്റെ ഇരട്ടസഹോദരൻ റോഷൻ, റഹീസിന്റെ സഹോദരൻ സൽമാനുൽ ഫാരിസ്‌, മലയിൽ വീട്ടിൽ മുഷ്‌താഖിന്റെ മകൻ ഇഷ്‌ഹാത്ത് (16) എന്നിവർക്കാണ് പരിക്കേറ്റത്.


ഉയർന്ന പ്രദേശമായ കുരങ്ങൻചോല വ്യൂപോയിന്റില്‍ ഒത്തുകൂടിയവരാണ്‌ അപകടത്തിൽപ്പെട്ടത്‌. ഏഴുപേരും സുഹൃത്തുക്കളാണ്‌. വലിയ മിന്നലുണ്ടായശേഷം താഴെയുണ്ടായിരുന്ന നാട്ടുകാര്‍ ഉയരത്തിൽ വ്യൂപോയിന്റിലെത്തി നോക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു.


മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. നാലുപേരുടെയും മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കോഴിക്കോട്ടുപറമ്പ് ടസ്കർ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനെത്തിച്ചു. പിന്നീട് അതത് വീടുകളിലേക്ക് കൊണ്ടുപോയി. മലയിൽ ജുമ മസ്ജിദ് കബർസ്ഥാനിലാണ് കബറടക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home