print edition ആമി ആശുപത്രിവിട്ടു, പുതു ഹൃദയസ്‌പന്ദനവുമായി

ആശുപത്രി വിടുന്ന ആമി ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് നന്ദിപറയുന്നു
കൊച്ചി: പുതുഹൃദയത്തിന്റെ സ്പന്ദനവുമായി ആമി (അമാന മെഹനാസ്–14) ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക്. ദുബായിലെ ഒന്പതാംക്ലാസ് വിദ്യാർഥി അമാനയാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുശേഷം എറണാകുളം ലിസി ആശുപത്രിയിൽനിന്ന് മടങ്ങിയത്. മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതുജീവനേകിയത്.
മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകൾ അമാനയ്‌ക്ക് അഞ്ചുവർഷം മുമ്പാണ് ഹൃദയത്തിന് തകരാർ കണ്ടെത്തിയത്. അഞ്ചുവർഷം ചികിത്സ നടത്തിയെങ്കിലും ഹൃദയം മാറ്റിവയ്ക്കലാണ് പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ലിസി ആശുപത്രിയിൽ എത്തിയത്. ഏപ്രിൽ ഒന്പതിനായിരുന്നു ശസ്‌ത്രക്രിയ. അമാനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ സാധാരണ ജീവിതം നയിക്കനാകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ലിസി ആശുപത്രി എംഡി ഫാ. പോൾ കരേടന്റെ നേതൃത്വത്തിൽ മധുരം പങ്കിട്ടാണ് അമാനയെ യാത്രയാക്കിയത്. എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണമ്പുഴ, ജോ. ഡയറക്ടർ ഫാ. വർഗീസ് അമ്പലത്തിങ്കൽ, ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ എന്നിവർ ചടങ്ങിനെത്തി. അവയവദാനത്തിന് തയ്യാറായ ജയിയുടെ കുടുംബത്തിനും സർക്കാരിനും മന്ത്രി പി രാജീവിനും പൊലീസിനും ആംബുലൻസ് ഡ്രൈവർമാർക്കും അമാനയും മാതാപിതാക്കളും നന്ദിപറഞ്ഞു.
ലിസി ആശുപത്രിയിലെ 32–ാ-മത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്. ഒന്പതുതവണയും വ്യോമമാർഗമാണ് ഹൃദയം എത്തിച്ചത്. പൂർണ്ണമായും സൗജന്യമായാണ് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കിയത്.










0 comments