ad
Deshabhimani

യുപിയിൽനിന്ന്‌ വിമാനത്തിലെത്തി മോഷണം: 11 അംഗ സംഘം പിടിയിൽ

jail new
വെബ് ഡെസ്ക്

Published on Sep 22, 2026, 08:41 AM | 1 min read

കളമശേരി : യുപിയിൽനിന്ന്‌ വിമാനത്തിലെത്തി മോഷണം നടത്തിയിരുന്ന 11 അംഗസംഘം പിടിയിൽ. കൊച്ചി സിറ്റി പൊലീസിന്റെ ഏകോപനത്തിൽ തൃശൂർ, കളമശേരി, കണ്ണൂർ പൊലീസ് നടത്തിയ സംയുക്തനീക്കത്തിലാണ്‌ സംഘത്തെ പിടികൂടിയത്‌. തൃശൂരിൽ മോഷണശ്രമത്തിനിടെ രിഹാനെ (20) പിടികൂടിയതോടെയാണ് സംഘത്തിലെ മറ്റുള്ളവർ കൊച്ചിയിലുള്ളതായി വിവരം ലഭിച്ചത്. കളമശേരിയിലെ ലോഡ്ജിൽ തൃശൂർ, കളമശേരി പൊലീസ് സംഘം നടത്തിയ പരിശോധനയിൽ സൈഫുള്ള (31), മുഹമ്മദ് ഫർമാൻ അൻസാരി (22), സുഹൈൽ (22), ഷക്കീബ് (21), രിഹാൻ ഖാൻ (22) എന്നീവരെക്കൂടി പിടികൂടി. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മൊനിഷ്, സമീർ, മുഹമ്മദ് സാഹിൽ, മുഹമ്മദ് സാജിത് അൻസാരി, മൊഹസിൻ എന്നിവരെ കണ്ണൂർ പൊലീസ്‌ പിടികൂടി. പ്രതികളെല്ലാവരും യുപി മീററ്റ് സ്വദേശികളാണ്.


വിമാനമാർഗം കേരളത്തിലെത്തുന്ന സംഘം മോഷണത്തിനും യാത്രയ്ക്കുമായി ഡൽഹിയിൽനിന്ന് ട്രെയിനിൽ ഇരുചക്രവാഹനങ്ങൾ കേരളത്തിലെത്തിച്ചിരുന്നതായി പൊലീസ്‌ പറഞ്ഞു. പ്രതികളിൽനിന്ന് കേബിൾകട്ടറുകൾ, താക്കോലുകൾ, മൊബൈൽഫോണുകൾ, വാച്ചുകൾ, പണം, തിരിച്ചറിയൽരേഖകൾ എന്നിവ കണ്ടെടുത്തു. മോഷണത്തിന്‌ ഉപയോഗിച്ചിരുന്ന നാല് ഇരുചക്രവാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിർമാണം പുരോഗമിക്കുന്ന വീടുകൾ, കോപ്പർ സ്ട്രിപ്പുകളുള്ള വൻകിട ജനറേറ്ററുകൾ, ടെലിഫോൺ എക്സ്ചേഞ്ച് ബൂത്തുകൾ എന്നിവയായിരുന്നു ലക്ഷ്യമിട്ടിരുന്നത്‌. തൊഴിലാളികളുടെ വേഷത്തിലെത്തിയായിരുന്നു മോഷണം. ഇതിനുപയോഗിച്ച വസ്ത്രങ്ങളും കണ്ടെടുത്തു.


സംഘത്തിലെ ചിലർക്കെതിരെ സമാന മോഷണക്കേസുകൾ തൃക്കാക്കര സ്റ്റേഷനിലുണ്ടെന്നാണ്‌ വിവരം. മറ്റു ജില്ലകളിൽ സംഘം നടത്തിയിട്ടുള്ള മോഷണങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണ്. കൊച്ചി ഡിസിപി അരുൺ പവിത്രൻ, എസിപി ബിജോയ് ചന്ദ്രൻ തുടങ്ങിയവരടങ്ങുന്ന സംഘവും തൃശൂർ ഈസ്റ്റ് പൊലീസ്, കളമശേരി ഷാഡോ ടീം, കണ്ണൂർ സിറ്റി ക്രൈം ടീം എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home