ad
Deshabhimani

പുതുജീവനേകി മടക്കം; ആലിൻ ഷെറിന്റെ മൃതദേഹം കൈമാറി

AALIN SHERIN BODY
വെബ് ഡെസ്ക്

Published on Feb 13, 2026, 09:36 PM | 1 min read

കൊച്ചി : അഞ്ചുപേർക്ക് പുതുജീവനേകി ആലിൻ ഷെറിൻ യാത്രയാകുന്നു. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്ന് അവയവദാനം നടത്തിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ മൃതദേഹം കൈമാറി. അവയവദാന ചരിത്രത്തിൽ പുതുചരിത്രം സൃഷ്ടിച്ചാണ് പത്തുമാസം മാത്രം പ്രായമുള്ള ആലിൻ യാത്രയാകുന്നത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് ആലിന്റെ മൃതദേഹം ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കും.


​അമൃത ആശുപത്രിയിലെ ജീവനക്കാർ ചേർന്ന് ​ഗാർഡ് ഓഫ് ഓണർ നൽകിയാണ് ആലിനെ യാത്രയാക്കിയത്. ആലിന്റെ അവയവങ്ങളുമായുള്ള ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിരുന്നു. ഹൃദയവാൽവ്, കരൾ, വൃക്കകൾ, നേത്രപടലം എന്നിവയാണ് ദാനം ചെയ്യുന്നത്.


ഫെബ്രുവരി അഞ്ചിനാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളായ ആലിൻ ഷെറിൻ എബ്രഹാമിന് വാഹനാപകടത്തിൽ ​ഗുരുതര പരിക്കേൽക്കുന്നത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. 13ന് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയും ചെയ്തു.


രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകിയത്. കെ-സോട്ടോയുടെ നേതൃത്വത്തിൽ ആഭ്യന്തര വകുപ്പിൻ്റെ ഏകോപനത്തോടെയാണ് ആംബുലൻസിൽ അവയവങ്ങൾ തിരുവനന്തപുരത്തെത്തിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home