ad
Deshabhimani

പുതുജീവനേകി ആലിൻ; സംസ്കാരം നാളെ

aalin sherin abraham
വെബ് ഡെസ്ക്

Published on Feb 14, 2026, 07:44 AM | 1 min read

പത്തനംതിട്ട : അവയവദാനത്തിൽ പുതുചരിത്രം കുറിച്ച് വിടപറഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഞായറാഴ്ച. അമൃതയിൽ നിന്ന് വെള്ളി രാത്രി വൈകി കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാളെ രാവിലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പകൽ രണ്ടുവരെ വീട്ടിൽ പൊതുദർശനമുണ്ടായിരിക്കും. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിൽ 3.30ഓടെയാണ് സംസ്കാരം.


ഫെബ്രുവരി അഞ്ചിനുണ്ടായ അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതിനുപിന്നാലെയാണ് ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. രാത്രിയിൽ തന്നെ അവയവങ്ങൾ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 211 കിലോമീറ്റർ ദൂരം പിന്നിട്ടത് 3.15 മണിക്കൂറിലാണ്. ആലിന്റെ രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്ക് നൽകും. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകിയത്.


കിംസിലെത്തിച്ച കരൾ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് മാറ്റിവയ്ക്കുന്നത്. കേരളമൊന്നാകെ വഴിയൊരുക്കിയാണ് ഇന്നലെ കൊച്ചിയിൽ നിന്ന് അവയവങ്ങൾ തിരുവനന്തപുരത്തെത്തിച്ചത്. കൊച്ചി മുതൽ തലസ്ഥാനം വരെ ​ഗ്രീൻ കോറിഡോർ ഒരുക്കിയായിരുന്നു യാത്ര. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിനെ ​ഗാർഡ് ഓഫ് ഓണർ നൽകിയാണ് ആശുപത്രിയിൽ നിന്ന് യാത്രയാക്കിയത്.


പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം വച്ചാണ് അപകടമുണ്ടായത്. ഗുരുതമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. 13നാണ് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home