പുതുജീവൻ പകർന്ന് ആലിൻ യാത്രയായി; പിഞ്ചോമനയ്ക്ക് വിട നൽകി കേരളം

പത്തനംതിട്ട: അവയവ ദാനത്തിൽ പുതു ചരിത്രമെഴുതി ആലിൻ മടങ്ങി. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. സംസ്ഥാനത്തെ ഏറ്റവും പ്രായ കുറഞ്ഞ അവയവ ദാതാവിനെ കാണാൻ നിരവധി പേരാണ് മല്ലപ്പളളിയിലെ വീട്ടിലേയ്ക്കെത്തിയത്. മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാന്‍, റോഷി അഗസ്റ്റിന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ എന്നിവര്‍ ആദരാഞ്ജലികൾ അർപ്പിച്ചു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം വാഹനാപകടത്തിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച മസ്തിഷ്ക മരണം സംഭവിച്ചതിനു പിന്നാലെയാണ് ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി അഞ്ച് പേർക്കാണ് പുതുജീവൻ ലഭിച്ചത്. ആലിൻ ഷെറിന്റെ കരൾ ലഭിച്ച ആറുമാസക്കാരി ധ്രിയയുടെ ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.










0 comments