10 കോടിയുടെ എംഡിഎംഎ വേട്ട: പിടിയിലായത് ലഹരി ശൃംഖലയിലെ പ്രധാനികൾ

പ്രതികളുടെ കാറില്‍നിന്ന് കണ്ടെടുത്ത എംഡിഎംഎ പാക്കറ്റുകള്‍
മലപ്പുറം: കോയമ്പത്തൂരിൽനിന്ന് 12.80 കിലോഗ്രാം എംഡിഎംഎയുമായി പൊലീസ് പിടിയിലായ മലയാളി യുവാക്കൾ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്ന് സൂചന. കേരളത്തിലെ മലബാർ ജില്ലകൾ കേന്ദ്രീകരിച്ച് രാസലഹരിയെത്തിക്കുന്ന സംഘത്തിൽപ്പെട്ട മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), ആനക്കയം സ്വദേശി ഷെയിം അക്ബർ (21), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34) എന്നിവരെയാണ് വെള്ളിയാഴ്ച അറസ്റ്റ്ചെയ്തത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിതരണക്കാർക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് ലഹരിയെത്തിക്കുന്നത് ഇവരാണെന്നാണ് പൊലീസിന്റെ നിഗമനം.
മലപ്പുറം മഞ്ചേരിയിൽ 10 കിലോയിലധികം എംഡിഎംഎ പിടികൂടിയ കേസിൽ അറസ്റ്റിലായ ഷെയിം അക്ബർ, ജാബിര്‍ അലി, മുഹമ്മദ് സാലിഹ്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരിയിലെ സ്വകാര്യ അപ്പാർട്മെന്റിൽ ഈമാസം ആറിന് പൊലീസ് നടത്തിയ പരിശോധനയാണ് കേസിന്റെ തുടക്കം. അന്ന് 97 ഗ്രാം എംഡിഎംഎയുമായി ആറുപേർ അറസ്റ്റിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാനികളെ കുറിച്ച് വിവരം ലഭിച്ചു. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വൻതോതിൽ എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘമാണിതെന്ന സൂചനയും ലഭിച്ചു. ആഡംബര വാഹനങ്ങളിൽ രഹസ്യ അറകളുണ്ടാക്കി ലഹരിവസ്തുക്കൾ ഒളിപ്പിച്ചുകടത്തുന്നതാണ് ഇവരുടെ രീതി. കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ തുടങ്ങിയ തിരക്കേറിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനമെന്നും മനസ്സിലാക്കി.
വെള്ളിയാഴ്ച മലപ്പുറത്തുനിന്നുള്ള പൊലീസ് സംഘം കോയമ്പത്തൂരിലേക്ക് പുറപ്പെട്ട് ലോഡ്ജിൽനിന്ന് മൂന്നുപേരെയും അറസ്റ്റ്ചെയ്യുകയായിരുന്നു. പുറത്ത് നിർത്തിയിട്ടിരുന്ന ഇന്നോവ കാറിന്റെ ഡോർപാഡിൽനിന്ന് എംഡിഎംഎ കണ്ടെടുത്തു. 100 ഗ്രാം മുതൽ 500 ഗ്രാംവരെയുള്ള പാക്കറ്റുകളാക്കിയാണ് സൂക്ഷിച്ചിരുന്നത്. റിമാൻഡ്ചെയ്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. മലപ്പുറം ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ച് ഉറവിടത്തെക്കുറിച്ചും അന്വേഷിക്കും.









0 comments