'നിലവിളി കേട്ട് ഓടിയെത്തി, കണ്ടത് രക്തം'; കടുവ ആക്രമണത്തിൽ നടുങ്ങി നാട്

വയനാട് പുൽപ്പള്ളി വണ്ടിക്കടവ് കന്നാരം പുഴയുടെ തീരത്ത് കടുവ ആക്രമിച്ച് കൊന്ന ദേവർഗദ്ധ ഉന്നതിയിലെ കൂമൻ
പുൽപ്പള്ളി: 'വലിയ നിലവിളി കേട്ടാണ് ഓടിയെത്തിയത്. അവിടെ മുഴുവൻ തിരഞ്ഞെങ്കിലും കൂമനെ കണ്ടില്ല. നിലത്ത് രക്തം കണ്ടപ്പോൾ എന്തോ ജീവി ആക്രമിച്ചുവെന്ന് മനസ്സിലായി. ഭയന്ന് നിലവിളിച്ച് തിരിച്ച് ഓടുകയായിരുന്നു'– കടുവാ ആക്രമണം വിവരിക്കുമ്പോൾ കുള്ളിയുടെ വിറയൽ മാറുന്നില്ല. നിമിഷങ്ങൾമുമ്പുവരെ ഒപ്പമുണ്ടായിരുന്ന അടുത്ത ബന്ധുവിനെ കടുവ കടിച്ചുകൊന്നതിന്റെ ഞെട്ടലിലാണ് അവർ.
കൂമനും കുള്ളിയും ഭർത്താവും പതിവായി വനത്തിൽ വിറകും തേനും ശേഖരിക്കാൻ പോകുന്നതാണ്. വണ്ടിക്കടവിന് സമീപത്തെ വനവും വനത്തിനുള്ളിലെ വഴികളും ഇവർക്ക് സുപരിചിതമാണ്. ശനി പകലും പതിവുപോലെ വനത്തിൽ പോകാനെത്തിയതാണ്. കൂമൻ വനത്തിലേക്ക് 20 മീറ്ററോളം പ്രവേശിച്ചിരുന്നു. കുള്ളി കന്നാരം പുഴയുടെ സമീപത്തായിരുന്നു. ഒപ്പമുണ്ടായിരുന്നുവെങ്കിൽ കടുവ തന്നെയും ആക്രമിക്കുമായിരുന്നുവെന്ന് കുള്ളി പറയുന്നു. കുള്ളിയുടെ നിലവിളി കേട്ടാണ് ആളുകൾ ഓടിയെത്തിയത്.
പുൽപ്പള്ളി ദേവർഗദ്ദ ഉന്നതിയിലെ കൂമനെ(മാരൻ) ആണ് കടുവ കൊന്നത്. കേരള– കർണാടക അതിർത്തി വനമേഖലയായ കന്നാരം പുഴയുടെ സമീപത്തും വനത്തിലും മുമ്പ് പലവട്ടം കടുവയെ കണ്ടിട്ടുണ്ടെങ്കിലും ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നത് ആദ്യമായാണ്. പ്രദേശത്ത്‌നിന്ന് മൂന്ന് കിലോമീറ്റർ അകലെ ചീയമ്പം 73ൽ കഴിഞ്ഞ ദിവസം കടുവ പോത്തിനെ പിടിച്ചിരുന്നു. തുടർന്ന് വനം വനം വകുപ്പ് പ്രദേശത്ത് പട്രോളിങ് ശക്തമാക്കുകയും കാമറ സ്ഥാപിക്കുകയും ചെയ്‌തു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ചെത്തിമറ്റത്ത് അക്രമണമുണ്ടായത്. പകൽ പതിനൊന്നോടെയാണ് ബന്ധുവായ കുള്ളിയോടൊപ്പം കൂമൻ വിറക് ശേഖരിക്കാൻ വനത്തിലേക്ക് പോകുന്നത്.
ദേവർഗദ്ധ ഉന്നതയിൽനിന്ന് പ്രഭാത് കവലയിൽ എത്തിയശേഷം കന്നാരംപുഴയുടെ തീരത്തുടെ ചെത്തിമറ്റം ഭാഗത്ത് എത്തുകയായിരുന്നു. കുള്ളി പുഴയിലായിരുന്നപ്പോൾ വിറക് കെട്ടാനുള്ള വള്ളി വെട്ടാനാണ് കൂമൻ വനത്തിലേക്ക് കയറിയത്. അൽപ്പസമയത്തിനുള്ളിൽ കൂമന്റെ കരച്ചിൽ കേട്ട് കുള്ളി ഓടിയെത്തിയപ്പോഴേക്കും കടുവ കൂമനെ കടിച്ചുവലിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയിരുന്നു. വയനാട് വന്യജീവി സങ്കേതം പരിധിയിലാണ് പ്രദേശം.
മൃതദേഹം വണ്ടിക്കടവ് ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് എത്തിച്ചപ്പോഴേക്കും നൂറുകണക്കിനുപേർ എത്തി. സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവർ കണ്ണീരടക്കാൻ പാടുപെട്ടു. പരേതയായ ബൊമ്മിയാണ് കൂമന്റെ ഭാര്യ. മക്കൾ: ഗീത, രവി. ഇൗ വർഷം കടുവയുടെ ആക്രമണത്തിൽ വയനാട്ടിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് കൂമൻ.
ജനുവരിയിൽ സമീപപ്രദേശങ്ങളായ ആടിക്കൊല്ലി, അമരക്കുനി, ഉൗട്ടിക്കവല പ്രദേശങ്ങളിലെ ജനവാസമേഖലയിൽ കടുവ ഇറങ്ങി ആടുകളെ കൊന്നിരുന്നു. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് കടുവയെ വനംവകുപ്പ് കൂടുവച്ച് പിടികൂടിയത്. 2020 ജൂണിൽ പുൽപ്പള്ളി കതവാക്കുന്നിൽ ബസവൻകൊല്ലിയിൽ ശിവനെ കടുവ കൊന്നിരുന്നു.










0 comments