മണപ്പാട്ട് ഫൗണ്ടേഷനുമായി സതീശന് അടുത്ത ബന്ധം

തിരുവനന്തപുരം: ‘പുനർജനി’ പദ്ധതിക്കായി വിദേശത്തുനിന്ന് അനധികൃതമായി പണം സ്വീകരിച്ച മണപ്പാട്ട് ഫൗണ്ടേഷനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനുള്ളത് അടുത്ത ബന്ധം. യുകെയിലെ ബർമിങ്‌ഹാമിലെ ഒരു ലഞ്ച് മീറ്റിൽ വി ഡി സതീശൻ നടത്തിയ അഭ്യർഥനയെ തുടർന്ന് 1,27,33,545.24 രൂപ പിരിച്ചെടുത്ത് മണപ്പാട്ട് വഴി എത്തിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. പുനർജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് 2018 നവംബർ 27 മുതൽ 2022 മാർച്ച് എട്ട് വരെയാണ് വിനിമയം നടത്തിയത്. ഇതേ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് വിജിലൻസ് സർക്കാരിന് ശുപാർശ നലകിയിട്ടുണ്ട്.
ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുനർജനി പദ്ധതിക്കായി ‘പുനർജനി’ സ്പെഷ്യൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ/കറന്റ് അക്കൗണ്ട് വഴിയും ആണ് പണം സ്വരൂപിച്ചത്. യുകെയിലെ മലയാളികളിൽ നിന്നും പണം സ്വരൂപിച്ച മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും ആ പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ എംഒയു ഒപ്പുവെച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. സാധാരണഗതിയിൽ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ എംഒയു ഒപ്പുവെക്കാറുണ്ട്.
ഒമാൻ എയർവെയ്‌സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി ഡി സതീശൻ യുകെയിലേക്ക് പോയതും തിരികെ വന്നതും. മണപ്പാട്ട് ഫൌണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദാണ് സതീശന് വേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഈ ടിക്കറ്റിന് ടാക്സ് അടച്ചിരിക്കുന്നത് മണപ്പാട്ട് ഫൗണ്ടേഷനാണ്. സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയർമാൻ അമീർ അഹമ്മദ് വിജിലൻസിനോട് വ്യക്തമാക്കിയിട്ടുണ്ട്.










0 comments