print edition അവഗണിച്ച് വി ഡി സതീശൻ യുഡിഎഫ് യോഗമില്ല; ലീഗിൽ അമർഷം

റഷീദ് ആനപ്പുറം
Published on Jul 15, 2026, 12:01 AM | 1 min read
തിരുവനന്തപുരം: നിരന്തരം ആവശ്യപ്പെട്ടിട്ടും യുഡിഎഫ് യോഗം വിളിക്കാത്തതിൽ ലീഗിൽ അമർഷം പുകയുന്നു. സർക്കാർ അധികാരത്തിൽവന്ന് രണ്ടുമാസമായിട്ടും മുന്നണി യോഗം ചേർന്നിട്ടില്ല. കാവിവൽക്കരണം, മദ്യനികുതി കുറയ്‌ക്കൽ, വിഴിഞ്ഞം ഓഹരിക്കൈമാറ്റം എന്നീ വിഷയങ്ങളുണ്ടായിട്ടും യോഗം വിളിച്ചിട്ടില്ല.
മുന്നണി ചെയർമാനായ മുഖ്യമന്ത്രി ഇക്കാര്യത്തിൽ മുൻകൈയെടുക്കാത്തതിൽ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുളളവരെ സംശയത്തോടെയാണ് ലീഗ് പ്രവർത്തകർ കാണുന്നത്. കഴിഞ്ഞദിവസം കോഴിക്കോട്ട് ലീഗ് പ്രവർത്തകസമിതി യോഗത്തിൽ പല നേതാക്കളും അതൃപ്‌തി രേഖപ്പെടുത്തി. മുഖ്യമന്ത്രി ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്വം ലീഗ് പേറേണ്ടതില്ലെന്നാണ് വാദം.
ആർഎസ്‌എസ് അജണ്ടയാണ് സർക്കാർ നടപ്പാക്കുന്നതെന്ന വിമർശം ഭരണത്തിലേറിയതുമുതൽ ശക്തമാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചതുമുതൽ തുടങ്ങിയതാണ് വിമർശം. പിഎം ശ്രീ നടപ്പാക്കാനുള്ള തീരുമാനം, എംജി സർവകലാശാല താൽക്കാലിക വിസി, സെനറ്റ് അംഗങ്ങൾ എന്നിവരുടെ നിയമനം, കേരള സർവകാലാശാല സിണ്ടിക്കറ്റിലെ ബിജെപി–കോൺഗ്രസ് കൂട്ടുകെട്ട് തുടങ്ങിയവ വിമർശം ശരിവയ്‌ക്കുന്നു. പിഎം ശ്രീ നടപ്പാക്കൽ, പിഎംഎവൈ വീടുകളിൽ മോദിയുടെ ചിത്രംവയ്‌ക്കൽ തുടങ്ങിയവയിൽ സ്വന്തം മന്ത്രിമാരുടെ നിലപാട് ലീഗിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലീഗ് മന്ത്രിമാരുടെ അറിവോടെയാണ് കാവിവൽക്കരണം എന്ന അണികളുടെ ആരോപണത്തിന് മറുപടി നൽകാൻ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർക്ക് സാധിച്ചിട്ടില്ല. പാർടിയുടെ അഭിപ്രായം യുഡിഎഫിൽ തുറന്നുപറയാൻ പി കെ കുഞ്ഞാലിക്കുട്ടിയെ നേരത്തെ പാണക്കാട് നടന്ന അനൗപചാരിക യോഗം ചുമതലപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കത്തിൽ സതീശനൊപ്പം ഉറച്ചുനിന്ന പാർടിയാണ് ലീഗ്. പക്ഷേ, ഭരണം കിട്ടിയപ്പോൾ തങ്ങൾക്ക് പുല്ലുവിലപോലും കിട്ടുന്നില്ല എന്ന വികാരമാണ് ലീഗിന്. ലീഗിന്റെ വകുപ്പുകളിലെ നിയമനങ്ങൾപോലും സതീശൻ നടത്തുകയാണെന്നും മുൻ യുഡിഎഫ് സർക്കാരുകളുടെ കാലത്തൊന്നും ഇൗ ഗതികേട് ഉണ്ടായിട്ടില്ലെന്നും പ്രമുഖ ലീഗ് നേതാവ് പറഞ്ഞു.










0 comments