ഖത്തർ മോഡൽ പൊളിയാണ്; കുട്ടികൾ ഓടുന്നത് മെഡലിനായല്ല, ഭക്ഷണത്തിന്

ഫോട്ടോ: വി കെ അഭിജിത്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേള വേദിയിലെ ഭക്ഷണവിതരണത്തെ കുറിച്ച് കടുത്ത വിവാദങ്ങൾ ഉയരുകയാണ്. കുട്ടികൾ ഓടേണ്ടി വരുന്നത് മെഡലിനായല്ല, നല്ല ഭക്ഷണത്തിനായാണെന്നാണ് കേൾക്കുന്നത്.
ഇൗ വിവാദങ്ങൾക്ക് ഇടയാക്കിയ സാഹചര്യം എന്താണ്. ഉത്തരം കൃത്യമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി സ്കൂൾ മീറ്റിലെ ഭക്ഷണ വിതരണം ഏറ്റവും നല്ല നിലയിലാണ് നടന്നത്. കഴിഞ്ഞ വർഷം മുതൽ കുട്ടികൾക്ക് നോൺവെജും നൽകാൻ തുടങ്ങി. പച്ചക്കറി മാത്രമല്ല, പലതരം ഭക്ഷണശീലങ്ങളുള്ളവരാണ് ഇന്നത്തെ കുട്ടികൾ. കടുത്ത മത്സരങ്ങൾ നടക്കുന്ന വേദിയാണ് സ്കൂൾ മീറ്റ്. അതുകൊണ്ട് തന്നെ പോഷകസമൃദ്ധവും ഇഷ്ടപ്പെട്ടതുമായ ഭക്ഷണം കുട്ടികൾക്ക് അത്യാവശ്യമാണ്. മികച്ച ആരോഗ്യനില കാത്തുസൂക്ഷിക്കുന്നതിൽ നോൺവെജ് ഭക്ഷണത്തിന് വലിയ പങ്കുണ്ട്. കുട്ടിത്താരങ്ങൾക്കു നൽകേണ്ട ഭക്ഷണം സംബന്ധിച്ച് വിദഗ്ധാഭിപ്രായങ്ങളും വസ്തുതകളും കണക്കിലെടുത്താണ് മെനു നിശ്ചയിച്ചത്.
കഴിഞ്ഞ കാലങ്ങളിൽ നിരവധി പാചകപ്പുരകൾ ഒരുക്കിയിരുന്നു. 2024 ൽ കൊച്ചിയിൽ 12 വേദികൾക്കടുത്താണ് പാചകപ്പുര സജ്ജമാക്കിയത്. അതുകൊണ്ട് തന്നെ എല്ലാവർക്കും വേണ്ടത്ര ഭക്ഷണം കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞു. വേദിയിൽ വരാൻ കഴിയാത്തവർക്ക് പാഴ്സൽ എത്തിക്കാനും സൗകര്യം ഒരുക്കി. എന്നാൽ, ഇത്തവണ രണ്ട് പാചകപ്പുര മാത്രമാണുള്ളത്. ഭക്ഷണം പത്ത് കിലോ മീറ്റർ വരെ അകലെയുള്ള വേദികളിലേക്ക് സമയത്ത് എത്തിക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ നിരവധി കുട്ടികൾക്ക് ഭക്ഷണം ലഭിച്ചില്ല.
കഴിഞ്ഞ ദിവസം ഭിന്നശേഷി കായികതാരങ്ങൾ ഭക്ഷണം കിട്ടാതെ തളർന്നു വീണ സംഭവം ഉണ്ടായി. കുട്ടികൾ ഭക്ഷണം കഴിക്കാൻ വന്നപ്പോഴേക്ക് എല്ലാം തീർന്നുപോയിരുന്നു. കൂടുതൽ പേർ കഴിക്കാൻ വന്നതു കൊണ്ടാണ് ഭക്ഷണം പെട്ടന്ന് തീർന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ന്യായീകരണം. അങ്ങനെ പറയാൻ തോന്നിയ മന്ത്രിയെ നമിക്കണം. കാരണം, കുട്ടികൾക്കു വേണ്ടിയാണ് കായികമേളയുടെ വേദിയിൽ ഭക്ഷണം ഉണ്ടാക്കുന്നത്. സാധാരണ അതത് ദിവസത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണവും, അദ്ധ്യാപകരുടെയും ഒഫീഷ്യൽസിന്റെയും എണ്ണവും കണക്കാക്കിയാണ് ഭക്ഷണത്തിന്റെ അളവ് തീരുമാനിക്കുക. കഴിഞ്ഞ വർഷങ്ങളിൽ അതത് ദിവസത്തെ ഭക്ഷണം വേണ്ടവരുടെ എണ്ണത്തിന്റെ 10 ശതമാനം അധികം ഭക്ഷണം തയ്യാറാക്കുമായിരുന്നു. അതുകൊണ്ട് തന്നെ തീർന്നുപോയെന്ന പരാതി ഒരിക്കലും കേട്ടില്ല. ഇത്തവണ പാഴ്സൽ എത്തിക്കാനും നടപടിയുണ്ടായില്ല.
സാധാരണ കുട്ടികൾക്ക് ഭക്ഷണം നൽകാൻ അക്ഷീണം പ്രയത്നിക്കുന്ന സംഘാടകരെയാണ് കായികമേളയുടെ ഭക്ഷണശാലയിൽ കാണുക. ഇത്തവണ ഭക്ഷണത്തിനായി എത്തുന്നവരെ ചീത്തവിളിക്കാനും മന്ത്രിക്കൊപ്പം റീൽസിടാനുമാണ് സംഘാടകർ തിരക്കുകൂട്ടുന്നത്. ഇവർ തന്നെയാണ് കഴിക്കാനിരിക്കുന്നവരിൽ കൂടുതലെന്ന ആരോപണവുമുണ്ട്. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് ഇത്തവണ ഭക്ഷണ കമ്മിറ്റി ചുമതല. 14 കമ്മിറ്റികൾ 14 അംഗീകൃത സംഘടനകൾക്ക് വീതിച്ചപ്പോൾ കഴിവ് തെളിയിക്കാൻ ഭക്ഷണക്കമ്മിറ്റി തന്നെ മുഖ്യ ഭരണാനുകൂല സംഘടന ഏറ്റെടുത്തു.
ഭക്ഷണപാചകമാണ് പഴയിടത്തെ ഏൽപ്പിച്ചിട്ടുള്ളത്. വിളന്പുന്നതടക്കമുള്ള വിതരണകാര്യങ്ങളെല്ലാം കെപിഎസ്ടിഎയുടെ ചുമതലയാണ്. ഇൗ ചെലവിനായി അവർക്ക് ഏകദേശം 10 ലക്ഷം രൂപയോളം സർക്കാർ നൽകുന്നുമുണ്ട്. വിളന്പുകാരെയും വളണ്ടിയർമാരെയും ഏർപ്പെടുത്താനും ഭക്ഷണം വേണ്ട സ്ഥലത്ത് എത്തിക്കുന്നതിനുമുള്ള ചെലവിലേക്കാണിത്. അത് കൃത്യമായി ചെലവഴിക്കുന്നുവോ എന്ന് സംശയപ്പിക്കുന്നതാണ് കോഴിക്കോട്ടെ വേദിയിൽ നിന്നുള്ള വാർത്തകൾ. കായികതാരങ്ങൾക്ക് വേണ്ടിയാണോ ഭരണാനുകൂല സംഘടനയ്ക്ക് വേണ്ടിയാണോ ഭക്ഷണക്കമ്മിറ്റി എന്നതിൽ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ കുറ്റപ്പെടുത്താനാവില്ല.
ഒരു കാര്യം കൂടി പ്രത്യേകം പറയണം, കഴിഞ്ഞ രണ്ടു വർഷവും ഒളിന്പിക്സ് മാതൃകയിൽ നടന്ന സ്കൂൾ കായികമേളയിൽ 25000 കുട്ടികളാണ് ഒറ്റവേദിയിൽ മത്സരിക്കാൻ എത്തിയത്. അവർക്കെല്ലാം ഒരു പരാതിയുമില്ലാതെ ഭക്ഷണമടക്കം എല്ലാ സൗകര്യവും നൽകി. ഒളിന്പിക്സ് മാതൃക തകർത്ത യുഡിഎഫ് സർക്കാർ ഇത്തവണ ഭൂരിപക്ഷം ഗെയിംസ് ഇനങ്ങളും പല ജില്ലകളിലായി പൂർത്തിയാക്കി. ഒന്പതിനായിരം കുട്ടികൾ മാത്രമാണ് കോഴിക്കോട്ടെ പ്രധാന മീറ്റിൽ പങ്കെടുക്കുന്നത്. അവർക്കു പോലും മതിയായ സൗകര്യം ഒരുക്കാൻ കഴിയാത്തവർ എന്തു വിസ്മയമാണ് കാണിക്കാൻ പോകുന്നത്.
ആദ്യ ദിവസം മീറ്റിൽ വിളന്പിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടത് വലിയ ഞെട്ടലായിരുന്നു. കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതിലെ അനാസ്ഥയുടെ അങ്ങേയറ്റമായിരുന്നു അത്. ഇന്നും കുട്ടികൾക്ക് ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടി. അത് കുട്ടികൾ കരുതിക്കൂട്ടി കൊണ്ടിട്ടതാണെന്ന് ആക്ഷേപിക്കാൻ അസാധാരണ തൊലിക്കട്ടി വേണം. പരാതിക്കാരായ കുട്ടികളെ ഉള്പ്പെടെ പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. പുഴു പരാതി മീറ്റ് അലങ്കോലമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് സംഘാടകർ വീഴ്ച മറയ്ക്കാൻ ശ്രമിക്കുന്നത് അതിദയനീയമാണ്.








0 comments