print edition പിഎസ്‌സി പരീക്ഷാ മാറ്റത്തിൽ വലഞ്ഞ് ഉദ്യോഗാർഥികൾ

കൊല്ലം: കമ്പനി ബോർഡിലെ എൽഡി ക്ലർക്ക്, എൽജിഎസ് തസ്‌തികകളിൽ ശനിയാഴ്ച നടക്കേണ്ടിയിരുന്ന പിഎസ്‌സി പരീക്ഷ അവസാന നിമിഷം മാറ്റിവച്ചതോടെ ജില്ലയിൽ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ വലഞ്ഞു. പത്താംക്ലാസ് അടിസ്ഥാന യോഗ്യതയായവർക്ക് പിഎസ്‌സി നടത്തിയ പ്രാഥമിക പരീക്ഷയാണ് മാറ്റിയത്. 79 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുണ്ടായിരുന്നത്. പലരും ഹാളിൽ പ്രവേശിച്ചശേഷമാണ് മാറ്റിയ വിവരമറിഞ്ഞത്.
ദൂരെനിന്നുവരെ പരീക്ഷാകേന്ദ്രങ്ങളിലെത്തിയവർക്ക് തീരുമാനം തിരിച്ചടിയായി. നഗരത്തിലുള്ളവർക്കുപോലും പുനലൂർ, പത്തനാപുരം മേഖലയിലാണ് പരീക്ഷാകേന്ദ്രം അനുവദിച്ചത്. കിഴക്കൻ മേഖലയിലുള്ളവർക്ക് കൊല്ലത്തും കരുനാഗപ്പള്ളിയിലും മറ്റുമായിരുന്നു കേന്ദ്രങ്ങൾ. ഇതര ജില്ലകളിൽനിന്നുള്ള ഒട്ടേറെ ഉദ്യോഗാർഥികളുമുണ്ടായിരുന്നു.
ഇതരജില്ലകളിലുള്ളവരിൽ പരീക്ഷയ്ക്കായി വെള്ളിയാഴ്‌ച ജില്ലയിൽ എത്തിയവരാണ്. ചില കേന്ദ്രങ്ങളിൽ പിഎസ്‌സി വാഹനക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു ഉദ്യോഗാർഥികൾ ബഹളംവച്ചു. രാവിലെ പരീക്ഷ സുഗമമായി നടന്നെങ്കിലും ഉച്ചയ്ക്കുശേഷം നടക്കേണ്ടിയുന്ന പരീക്ഷയാണ് മാറ്റിയത്. ആലപ്പുഴയിലെ പരീക്ഷാകേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷമുള്ള പരീക്ഷയുടെ ചോദ്യക്കടലാസ് രാവിലെ നൽകിയതാണ് പരീക്ഷ മാറ്റിവയ്ക്കാൻ കാരണം. മുൻ കാലങ്ങളിൽ നാലു ഘട്ടങ്ങളായി നാലുദിവസം നടത്തുന്ന പരീക്ഷ ഇത്തവണ പിഎസ്‌സി രണ്ടു ദിവസമായി ചുരുക്കുകയായിരുന്നു.











0 comments