അവയവദാനം മഹാദാനം: സർക്കാരിനെ അഭിനന്ദിച്ച് ലിസി ആശുപത്രി അധികൃതർ

എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവക്കലിന് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം ആവണി കൃഷ്‌ണയുടെ മാതാപിതാക്കളായ സന്തോഷ് കുമാർ, സിന്ധു, അജിൻ ഏലിയാസിന്റെ സഹോദരൻ അഖിൽ ഏലിയാസ് എന്നിവർ. ഡോ. ജേക്കബ് എബ്രഹാം, ഡോ . ജോ ജോസഫ് എന്നിവർ സമീപം
കൊച്ചി: നാൽപത്തെട്ട് മണിക്കൂറിനുള്ളിൽ രണ്ട് ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ ഇടപെട്ട മുഖ്യമന്ത്രിയെയും കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓഗനൈസേഷനെ (കെ സോട്ടോ)യും അഭിനന്ദിച്ച് ലിസി ആശുപത്രി അധികൃതർ. സംസ്ഥാനത്ത് മന്ദഗതിയിലായിരുന്ന അവയവദാനത്തിന് ഇൗ ഇടപെടൽ ഉണർവേകിയെന്ന് അധികൃതർ പറഞ്ഞു.
അവയവദാനം സംബന്ധിച്ച് രാത്രി വൈകി അറിയിപ്പെത്തിയതോടെ മന്ത്രി പി രാജീവ് ഉടൻ ഇടപെട്ടു. ഹെലികോപ്‌റ്റർ വിട്ടുകിട്ടാൻ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു. ചാലക്കുടിയിലായിരുന്ന ഹെലികോപ്‌റ്റർ സൗജന്യമായി വിട്ടുകിട്ടി. രണ്ട് അവയവദാനവും സുഗമമായി നടത്താനായി. സംസ്ഥാന സർക്കാർ, മുഖ്യമന്ത്രി, മന്ത്രിമാർ, പൊലീസ്, ഇതുമായി സഹകരിച്ച പൊതുജനങ്ങൾ എന്നിങ്ങനെ എല്ലാവരെയും അഭിനന്ദിക്കുന്നതായി ആശുപത്രി ഡയറക്‌ടർ ഫോ. പോൾ കരേടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹൃദയം മാറ്റിവച്ച അജിൻ ഏലിയാസിന്റെയും ആവണി കൃഷ്‌ണയുടെയും നില തൃപ്‌തികരമാണെന്ന് ശസ്‌ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഇരുവരും ഭക്ഷണം കഴിക്കാനും സംസാരിക്കാനും തുടങ്ങി. അടുത്ത ദിവസങ്ങളിൽ നടത്തിച്ചുനോക്കും. തുടർന്ന് രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ മുറിയിലേക്ക് മാറ്റും.
ഹൃദയങ്ങൾ ദാനം ചെയ്‌ത ഐസക് ജോർജിനെയും ബിൽജിത്ത് ബിജുവിനെയും അജിന്റെയും ആവണിയുടെയും ബന്ധുക്കൾ അനുസ്‌മരിച്ചു. ഡോ. ജോ ജോസഫ്, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് ജെ തോമസ്, ആവണിയുടെ മാതാപിതാക്കളായ സന്തോഷ്‌കുമാർ, സിന്ധു, അജിന്റെ സഹോദരൻ അഖിൽ ഏലിയാസ്, സുഹൃത്ത് ബേസിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ആദരിച്ചു.









0 comments