Deshabhimani

കുട്ടിത്താരങ്ങളെ ആർക്കും വേണ്ട; 8 വർഷം സിന്തറ്റിക്കിൽ നടന്ന കോട്ടയം സ്‌കൂൾ മീറ്റ്‌ ഇത്തവണ മൺട്രാക്കിൽ

Kottayam School Meet
വെബ് ഡെസ്ക്

Published on Oct 08, 2026, 06:06 PM | 1 min read

കോട്ടയം: കഴിഞ്ഞ എട്ടു വർഷം സിന്തറ്റിക്‌ ട്രാക്കിൽ നടന്ന കോട്ടയം ജില്ലാ സ്‌കൂൾ കായികമേള ഇത്തവണ നടക്കുന്നത്‌ മൺട്രാക്കിൽ. അഞ്ച്‌ മാസം കൊണ്ട്‌ കേരളത്തിലെ കായികമേഖല എത്തിച്ചേർന്ന ദൈന്യാവസ്ഥയുടെ തെളിവാണിത്‌.


കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമനിക്‌സ്‌ കോളേജിൽ ജില്ലാ സ്‌കൂൾ മീറ്റ്‌ വ്യാഴാഴ്‌ച ആരംഭിച്ചു. 93 ഇനങ്ങളിലായി 2500 കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്‌. ഇ‍ൗ കുട്ടികൾ പുതിയ കാലത്തും മൺട്രാക്കിൽ മത്സരിക്കേണ്ട സ്ഥിതിയാണ്‌. സംസ്ഥാന, ദേശീയ മത്സരങ്ങൾ നടക്കുന്നത്‌ സിന്തറ്റിക്‌ ട്രാക്കിലാണ്‌. മികച്ച താരങ്ങൾ പലരും പരിശീലിക്കുന്നതും സിന്തറ്റിക്‌ ട്രാക്കിലാണ്‌. മൺട്രാക്കിൽ ഓടുന്നത്‌ കുട്ടികൾക്ക്‌ ഏറെ ദോഷകരമാകും. പ്രകടനം മോശമാകാനും മികച്ച സമയം കണ്ടെത്താനും കഴിയാത്ത സ്ഥിതിയുണ്ടാകും. പരിക്കിനുള്ള സാധ്യത കൂടുന്നതാണ്‌ ഏറ്റവും വലിയ പ്രതിസന്ധി. കഴിഞ്ഞ മാസം നടന്ന ജില്ലാ അത്‌ലറ്റിക്‌ മീറ്റിൽ ഹർഡിൽസിൽ മത്സരിച്ച കുട്ടിയുടെ കാലൊടിഞ്ഞിരുന്നു.


കോട്ടയത്ത്‌ മൺട്രാക്കിൽ മത്സരിച്ച്‌ ജയിക്കുന്നവർ സംസ്ഥാന മീറ്റിൽ ഓടേണ്ടത്‌ സിന്തറ്റിക്‌ ട്രാക്കിലാണ്‌. സെന്റ്‌ ഡൊമനിക്‌സ്‌ കോളേജിൽ പോൾവോൾട്ട്‌ പിറ്റുമില്ല. ആ മത്സരങ്ങൾ മറ്റൊരിടത്ത്‌ നടത്തേണ്ടി വരും. പാലാ മുൻസിപ്പൽ സ്‌റ്റേഡിയത്തിലാണ്‌ ജില്ലയിലെ ഏക സിന്തറ്റിക്‌ ട്രാക്ക്‌. ഇ‍ൗ ട്രാക്കിന്റെ നവീകരണം അനന്തമായി നീണ്ടതാണ്‌ മൺട്രാക്കിനെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക്‌ എത്തിച്ചത്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ പാലാ സിന്തറ്റിക്‌ ട്രാക്ക്‌ പുതുക്കിപ്പണിയാൻ എട്ടു കോടിയോളം രൂപ അനുവദിക്കുകയും പ്രവൃത്തി നല്ല നിലയിൽ പുരോഗമിക്കുകയും ചെയ്‌തതാണ്‌. എന്നാൽ, പുതിയ സർക്കാർ വന്നതോടെ പ്രവൃത്തി അവതാളത്തിലായി. എം ജി സർവകലാശാല കാന്പസിലും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. സ്‌കൂളിലും കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ സിന്തറ്റിക്‌ ട്രാക്കിന്‌ പണം അനുവദിച്ചതാണ്‌. കുന്നുംഭാഗം സ്‌കൂളിൽ 25 കോടി രൂപയുടെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home