നിധിൻ രാജിന്റെ മരണം: അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു

നിധിൻരാജ് (ഇടത്), നിധിൻരാജിന്റെ മൃതദേഹത്തിന് മുന്നിലിരുന്ന വിങ്ങിപ്പൊട്ടുന്ന അച്ഛനും അമ്മയും (വലത്)
കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജ് ബിഡിഎസ് വിദ്യാർഥി ആർ എൽ നിധിൻ രാജിന്റെ മരണത്തിൽ രണ്ട് അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. പട്ടികജാതി– പട്ടികവർഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജ് അറിയിച്ചു. വിദ്യാർഥിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
വെള്ളിയാഴ്‌ചയാണ് നിധിൻരാജിനെ ആശുപത്രിക്കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടത്. സഹോദരി നിഖിലയുമായി നടത്തിയ ഫോൺ ചാറ്റുകളിൽ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. റാമും ഡോ. സംഗീതയും നിറത്തിന്റെയും ജാതിയുടെയും സാമ്പത്തികനിലയുടെയും പേരിൽ അധിക്ഷേപിച്ചതായി നിധിൻരാജ് പറയുന്നുണ്ട്. ഹോസ്റ്റൽ വാർഡൻ കമലിനെക്കുറിച്ചും പരാമർശമുണ്ട്. ഇതെല്ലാം കാണിച്ചാണ് സഹോദരീഭർത്താവ് അശോക്‌കുമാറും ബന്ധുക്കളും ചക്കരക്കൽ പൊലീസിൽ പരാതി നൽകിയത്.
സഹപാഠികളുടെ മുന്നിൽവച്ച് അധിഷേപിച്ചതായും ‘നിനക്ക് പോയി ചത്തൂടെ’ എന്നു പറഞ്ഞതായും പരാതിയിലുണ്ട്. നിധിൻരാജ് ബിഡിഎസ് പഠനത്തിന് ചേർന്നിട്ട് അഞ്ചുമാസമേ ആയിട്ടുള്ളൂ. അതിനിടയിലാണ് ഇത്രമാത്രം പീഡനം അനുഭവിക്കേണ്ടിവന്നതെന്ന് ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച ഉച്ചവരെ നിധിൻരാജ് ക്ലാസിലുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷമാണ് മെഡിക്കൽ കോളേജ് റിസപ്ഷന്റെ പിറകിലെ കല്ലുപാകിയ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരണം സ്ഥിരീകരിച്ചു. നിധിൻരാജിന്റെ മരണത്തിൽ വലിയ പ്രതിഷേധമാണ് ഡെന്റൽ കോളേജ് അധികൃതർക്കെതിരെ ഉയർന്നിരിക്കുന്നത്. ആരോപണവിധേയരായ അധ്യാപകരെ പിരിച്ചുവിടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.










0 comments