ad
Deshabhimani

ആപ്പിലായി കോൺ​ഗ്രസ്: എല്ലാം ആപ്പിലുണ്ടെന്ന് അനിൽ കുമാർ, ക്ലോസ് ചെയ്തെന്ന് സതീശൻ

kpcc app
വെബ് ഡെസ്ക്

Published on Jul 19, 2025, 08:27 PM | 1 min read

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിതർക്ക്‌ 100 വീടു നിർമിക്കാനുള്ള ഫണ്ട്‌ പിരിവിൽ ആപ്പിലായി കോൺ​ഗ്രസ്. ഫണ്ട് പിരിവിനായുള്ള മൊബൈൽ ആപ് കാണാതായ സംഭവത്തിൽ നേതാക്കൾ രണ്ട് തട്ടിലായി. ഫണ്ട് പിരിവിനുള്ള ആപ്പ് കെപിസിസി ക്ലോസ് ചെയ്തെന്നും മറുപടി കെപിസിസി പ്രസിഡന്റ്‌ നൽകുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ പിരിച്ച പണമെല്ലാം ആപ്പിലുണ്ടെന്നാണ് കെപിസിസി വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളായ എ പി അനിൽ കുമാർ പറയുന്നത്.


‘സ്‌റ്റാൻഡ്‌ വിത്ത്‌ വയനാട്‌’ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഡിസ്‌ട്രസ്സ് ഫണ്ട്‌ എന്ന പേരിലാണ്‌ ആപ്പ് തയ്യാറാക്കിയിരുന്നത്‌. മുണ്ടക്കൈ ദുരന്തമുണ്ടായതിന്റെ അടുത്ത ദിവസങ്ങളിലാണ്‌ കോൺഗ്രസ്‌ നൂറ്‌ വീട്‌ നൽകുമെന്ന്‌ പ്രഖ്യാപിച്ചത്‌. മലപ്പുറത്തെ സ്വകാര്യ കമ്പനി ഡെവലപ്‌ചെയ്‌ത മൊബൈൽ ആപ്‌ രണ്ടു മാസം മാത്രമാണ്‌ പ്രവർത്തിച്ചത്‌. ഇപ്പോൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ആപ്പിൽ ക്ലിക്ക്‌ ചെയ്‌താൽ ന്യൂ വേർഷൻ അവെയ്‌ലബിൾ എന്നും താങ്ക്‌ യൂ എന്നും കാണും.



Related News


മുണ്ടക്കൈ ദുരന്തബാധിതർക്ക്‌ വീടുനിർമിക്കാനെന്ന പേരിൽ പിരിച്ച ഫണ്ടിന്റെ കൃത്യമായ കണക്ക്‌ പുറത്തുവിടാൻ പോലും യൂത്ത്‌ കോൺഗ്രസും കോൺഗ്രസും മുസ്ലിം ലീഗും ഇതുവരെ തയ്യാറായിട്ടില്ല. യൂത്ത്‌ കോൺഗ്രസിന്റെ പിരിവിനെക്കുറിച്ച്‌ നിരവധി പരാതികളുണ്ട്‌. ഒരു നിയോജക മണ്ഡലത്തിൽനിന്ന്‌ രണ്ടര ലക്ഷം രൂപ പിരിക്കാനാണവർ തീരുമാനിച്ചത്‌. 140 നിയോജകമണ്ഡലങ്ങളുണ്ട്‌. പായസ ചലഞ്ചും ബിരിയാണി ചലഞ്ചും നടത്തി. പ്രവാസികളിൽനിന്നും വ്യവസായികളിൽനിന്നും പിരിച്ചു. എന്നിട്ടും 89 ലക്ഷമേ കിട്ടിയുള്ളു എന്നാണ്‌ പറയുന്നത്‌.




മുസ്ലിംലീഗിന്റെ പിരിവിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. വീട്‌ നിർമിക്കാനെന്ന പേരിൽ വയനാട്ടിൽ ഭൂമി വാങ്ങാൻ യഥാർഥ വിലയുടെ നാലിരട്ടിവരെ ചെലവിട്ടു. നിർമാണത്തിന്‌ അനുമതിയില്ലാത്ത ഭൂമിയാണ്‌ വാങ്ങിക്കൂട്ടിയത്‌ എന്നാണ്‌ റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്‌. അതേസമയം സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിന്റെ നിർമാണം കൽപ്പറ്റയിൽ അതിവേഗം നടക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home