print edition പോറ്റിയുടെ കോൺഗ്രസ് ബന്ധത്തിന്റെ കൂടുതൽ തെളിവ് പുറത്ത്

ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസർ ചെയ്ത അന്നദാന സദ്യ അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Feb 08, 2026, 12:00 AM | 1 min read
തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസർ ചെയ്ത അന്നദാന സദ്യ ഉദ്ഘാടനം ചെയ്യാൻ അടൂർ പ്രകാശ് ശബരിമലയിലെത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
ഉണ്ണിക്കൃഷ്ണൻ പോറ്റി സദ്യയും അന്നദാനവും സ്‌പോൺസർ ചെയ്തതിന്റെ മറവിൽ ഭക്തരിൽനിന്ന് ലക്ഷക്കണക്കിന് രൂപ സംഭാവനയായി സ്വീകരിച്ചിരുന്നുവെന്ന് ദേവസ്വം വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. അടൂർ പ്രകാശിന് പോറ്റിയും സഹായികളുമായുമുള്ള അടുപ്പം തെളിയിക്കുന്ന ചിത്രങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാൽ യാദൃശ്ചിക ബന്ധം മാത്രമാണ് പോറ്റിയുമായി ഉള്ളതെന്നായിരുന്നു അടൂർ പ്രകാശ് വിശദീകരിച്ചത്. ആ ന്യായം പൊളിക്കുന്നതാണ് പുതിയ ചിത്രങ്ങൾ. ഇരുവരും ബംഗളൂരുവിൽവച്ചും കൂടിക്കാഴ്ച നടത്തി. ശബരിമല തട്ടിപ്പിൽ പോറ്റിയുടെ സഹായി രമേഷ് റാവുവും അടൂർ പ്രകാശിനൊപ്പമുണ്ടായിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടൂർ പ്രകാശ് 2024 ജനുവരി 27ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ബംഗളൂരുവിലെ അയ്യപ്പഭക്തൻ എന്നാണ് അടൂർ പ്രകാശ് വിശേഷിപ്പിച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും ബംഗളൂരുവിൽനിന്നുള്ള രാഘവേന്ദ്ര, രമേശ് എന്നിവരുംചേർന്ന് നിര്‍മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാനം അടൂര്‍ പ്രകാശ് നിര്‍വഹിക്കുന്നതായിരുന്നു ചിത്രങ്ങൾ.
സോണിയയെ കണ്ടതും ദുരൂഹം
2017ലാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി ഡൽഹിയിൽ സോണിയയുടെ വീട്ടിലെത്തിയതെന്നാണ് അടൂർ പ്രകാശ് മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ ആ ചിത്രങ്ങൾ 2013ൽ എടുത്തതെന്നാണ് ആന്റോ ആന്റണി ശനിയാഴ്ച പറഞ്ഞത്. ഇതോടെ സംഭവത്തിലെ ദുരൂഹത തുടരുകയാണ്. സോണിയാഗാന്ധിക്ക് ഗുരുതര രോഗം ബാധിച്ച സമയത്താണ് പൂജിച്ച ചരട് കെട്ടാനായി പോറ്റി ഡൽഹിയിൽ പോയതെന്നാണ് കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷെഫീർ നെരത്തേ പറഞ്ഞത്.










0 comments