print edition ആശുപത്രികളെ ഹോട്ട് സ്‌പോട്ട് മാപ്പിങ് നടത്തും: പാമ്പുകടി മരണം തടയാൻ പ്രത്യേക കര്‍മപദ്ധതി


സ്വന്തം ലേഖകൻ
Published on Apr 30, 2026, 12:01 AM | 1 min read
തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തടയാൻ ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ പദ്ധതി തയ്യാറാക്കി. കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കും. ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളെ ‘ഹോട്ട് സ്‌പോട്ട് മാപ്പിങ്’ നടത്തും. പാമ്പുകടിയേറ്റ് കൂടുതല്‍ ആളുകളെത്തുന്ന ആശുപത്രികളെ ‘റെഡ് ഫ്ലാഗ്ഡ് ഇന്‍സ്റ്റിറ്റ്യൂഷ’നായി കണ്ട് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കും. ചികിത്സാ കാലതാമസമുണ്ടോയെന്ന് പ്രത്യേകമായി നിരീക്ഷിക്കും.
റഫറല്‍ സംവിധാനം കാര്യക്ഷമമാക്കും
പ്രതിവിഷം (ആന്റിവെനം) ലഭ്യമായ ആശുപത്രികളിലേക്ക് എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ കമ്യൂണിറ്റി, പ്രൈമറി ഹെൽത്ത് സെന്ററുകളിലും സേവനമുറപ്പാക്കും. ‘റെഡ് ഫ്ലാഗ്’ പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധചെലുത്തും. മുഴമൂക്കൻ കുഴിമണ്ഡലി (ഹമ്പ് നോസ് പിറ്റ് വൈപ്പര്‍), മലബാർ കുഴിമണ്ഡലി (മലബാര്‍ പിറ്റ് വൈപ്പര്‍) തുടങ്ങിയവയ്ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോൾ നടപ്പാക്കും. ഡോക്ടര്‍മാര്‍ക്ക് പാമ്പുകളുടെ ചിത്രങ്ങള്‍ പരിചയപ്പെടുത്തും. കടിയേൽക്കുന്നവർക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകാനായി നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കും. പാമ്പുകടിയെക്കുറിച്ചുള്ള ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കും. തൊഴിലാളികള്‍ക്ക് ഗംബൂട്ടും റബര്‍ ഗ്ലൗസും പോലുള്ള സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉപയോഗപ്പെടുത്തും.
ശക്തമായ ബോധവൽക്കരണം
സര്‍പ്പ വളന്റിയര്‍മാർ അധ്യാപകരെ ബോധവൽക്കരിക്കും. സ്‌കൂള്‍ സോഷ്യല്‍ മീഡിയ ക്ലബ്ബുകള്‍വഴി വീഡിയോകള്‍ തയ്യാറാക്കും. പാഠ്യപദ്ധതിയില്‍ പാമ്പുകടി പ്രതിരോധം ഉള്‍പ്പെടുത്താന്‍ ശുപാര്‍ശചെയ്യും. സര്‍ക്കാര്‍-–സ്വകാര്യ പങ്കാളിത്തത്തോടെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.










0 comments