ശാന്തൻപാറയിലെ വ്യാപക മരംമുറി; സ്വമേധയാ കേസെടുത്ത് ഹരിത ട്രൈബ്യൂണൽ


സ്വന്തം ലേഖകൻ
Published on Aug 03, 2025, 08:21 PM | 1 min read
ന്യൂഡൽഹി: തമിഴ്‌നാട് അതിർത്തിയോട് ചേർന്ന ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിലെ ഏലമലക്കാടുകളിൽപ്പെട്ട സിഎച്ച്‌ആർ ഭൂമിയിൽ എണ്ണൂറോളം മരം വെട്ടിമാറ്റിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ. നാൽപ്പത് ഏക്കർ ഭൂമിയിൽ വ്യാപക മരംവെട്ടൽ, അനധികൃത കുളം നിർമാണം തുടങ്ങിയവ മാധ്യമവാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രിൻസിപ്പൽ ബെഞ്ച് ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, വിദഗ്ധ അംഗങ്ങളായ ഡോ. എ സെന്തിൽ വേൽ, ഡോ. അഫ്രോസ് അഹമ്മദ് എന്നിവർ സ്വമേധയാ കേസെടുത്തത്.
വൻതോതിൽ മരം വെട്ടിയത് പ്രദേശത്തെ ഏലംകൃഷിയെ ഇല്ലാതാക്കുമെന്ന വിദഗധ്‌രുടെ മുന്നറിയിപ്പും കേസെടുക്കാൻ പ്രേരിപ്പിച്ചതായി ട്രൈബ്യൂണൽ പറഞ്ഞു. പാട്ടത്തിനെടുത്ത ഭൂമിയിൽ വ്യവസായിക നിർമാണം നടത്തുന്നതിനൊപ്പം കേസ് ചെന്നൈ ബെഞ്ചിലേയ്‌ക്ക് മാറ്റിയതിനൊപ്പം വനനിയമം, 1980 ലെ വന സംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയും ലംഘിക്കപ്പെട്ടുവെന്നും ഹരിത ട്രൈബ്യൂണൽ വിലയിരുത്തി.
സംസ്ഥാന ചീഫ് ഫോറസ്‌റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഇടുക്കി ജില്ല കലക്‌ടർ, കേന്ദ്ര– സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ, കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയം എന്നിവയ്‌ക്ക് നോട്ടീസുമയച്ചു. കേസ് ചെന്നൈയിലെ ദക്ഷിണ മേഖലാ ബെഞ്ചിലേയ്‌ക്കും മാറ്റിനൽകി. കേസ് പരിഗണിക്കുന്ന സെപ്‌റ്റംബർ 24ന് മുമ്പായി നോട്ടീസിന് മറുപടി നൽകണമെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ച് ആവശ്യപ്പെട്ടു.










0 comments