ചുട്ടുപൊള്ളി കേരളം; മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു

പ്രതീകാത്മക ചിത്രം
എടക്കര: ചുട്ടുപൊള്ളുന്ന വേനലിൽ കേരളം വെന്തുരുകുന്നു. കനത്ത ചൂടിനെ തുടർന്ന് മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു. എടക്കര ടൗണിലെ പോസ്റ്റ് ഓഫീസിന് സമീപം ചോയ്സ് സ്റ്റിക്കർ വർക്സ് ഉടമ കൊങ്ങോത്ത് നിസാറിനാണ് ജോലി ചെയ്യുന്നതിനിടെ സൂര്യാതപമേറ്റത്. കടയ്ക്ക് പുറത്ത് വെച്ച് വാഹനത്തിൽ സ്റ്റിക്കർ പതിക്കുന്നതിനിടെയാണ് സംഭവം.
കഴുത്തിന് ചുറ്റും കൈകളിലും ചുവന്ന് തടിക്കുകയും അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയും ചെയ്തതോടെ നിസാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ മേഖലയിൽ സൂര്യാതപമേൽക്കുന്ന നാലാമത്തെയാളാണ് നിസാർ.
പാലേമാട് ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം താപനില 38°C ആണ്. എന്നാൽ അന്തരീക്ഷത്തിലെ ആർദ്രത കാരണം ജനങ്ങൾക്ക് അനുഭവപ്പെടുന്ന ചൂട് 50°C-ന് മുകളിലാണെന്നതാണ് വസ്തുത.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
സാധാരണയായി രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത കൂടുതൽ. ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
സൂര്യപ്രകാശം ദീർഘനേരം നേരിട്ട് ഏൽക്കുന്നത് സൂര്യപൊള്ളൽ (Sunburn), ചർമ്മരോഗങ്ങൾ, കണ്ണിന് അസ്വസ്ഥതകൾ, മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
പ്രത്യേക ജാഗ്രത വേണ്ടവർ
പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗത മേഖലയിലുള്ളവർ, ഇരുചക്ര വാഹന യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ചർമ്മരോഗമുള്ളവർ, അൽബിനിസം ബാധിച്ചവർ, കണ്ണിന് അസുഖമുള്ളവർ, കാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ അതീവ ജാഗ്രത പാലിക്കണം.
മുൻകരുതലുകൾ
പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.
ശരീരം പൂർണ്ണമായി മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
യാത്രയ്ക്കിടയിലും മറ്റും തണലുള്ള ഇടങ്ങളിൽ വിശ്രമം തേടുക.
ജലാശയങ്ങൾ, മണൽ തുടങ്ങിയ മേഖലകൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കാൻ സാധ്യതയുള്ളതിനാൽ കടലോരങ്ങളിലും മറ്റും കൂടുതൽ ശ്രദ്ധ വേണം.










0 comments