കെഎംസിസി ഫണ്ട് കവർച്ച: തടിയൂരാൻ മുസ്‌ലിം ലീഗ്; നേതാവിനെ പുറത്താക്കി

കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള ഖത്തർ കെഎംസിസി ഫണ്ട് കവർച്ചയിൽ വ്യാപക വിമർശമുയർന്നതിന് പിന്നാലെ നടപടിയെടുത്ത് തടിയൂരാൻ ശ്രമം. കേസില്‍ ആരോപണം നേരിട്ട വ്യവസായി റസാഖ് റൊട്ടാനയെ ലീഗ് പുറത്താക്കി. മുസ്ലിം ലീഗ് ഖത്തർ സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു. സംസ്ഥാന ലീഗ് കമ്മിറ്റിയാണ് റസാഖിനെ പുറത്താക്കിയത്.
സാധാരണക്കാരായ പ്രവാസികൾക്കിടയിൽ നിന്ന് മാസം തോറും പിരിച്ചെടുക്കുന്ന തുകയാണ് കെഎംസിസി ഫണ്ടായി സ്വരൂപിക്കുന്നത്. കവർച്ച നടന്നിട്ട് ഒരു വർഷമായിട്ടും പരാതി നൽകാൻ പോലും തയ്യാറാകാത്ത ലീഗ് നേതൃത്വത്തിന്റെ സമീപനം അണികളിൽ പോലും സംശയമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കേസ് അന്വേഷണം നിലവില്‍ വഴിമുട്ടി നില്‍ക്കുകയാണ്. പ്രധാന പ്രതിയെന്ന് കരുതുന്ന ബോംബെ ഷാജിയെ അറസ്റ്റു ചെയ്തിട്ടില്ല. ഷാജിയുടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ റൊട്ടാന റസാഖിന്റെ പേര് പരാമർശിക്കുന്നുണ്ട്. ഖത്തറിൽ കവർച്ച നടത്തിയത് കെഎംസിസിയുടെ അറിവോടെയാണെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.
ബാലകൃഷ്ണനെ ഉപയോഗിച്ച് ലോക്കർ പൊട്ടിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് ശേഷമുള്ള രണ്ടാമത്തെ ശ്രമത്തിലാണ് ലോക്കർ തകർത്തത്. ആകെയുള്ള മൂന്നെണ്ണത്തിൽ രണ്ടെണ്ണമാണ് പൊളിച്ചത്. ലോക്കറിനെ കുറിച്ച് കെഎംസിസി ഭാരവാഹികൾക്ക് മാത്രമേ അറിവുള്ളു എന്നതിനാൽ ഇവരറിയാതെ കവർച്ചയുണ്ടാകില്ലെന്നാണ് എല്ലാവരും പറയുന്നത്. ബാലകൃഷ്ണനെ ജാമ്യത്തിൽ വാങ്ങാനും മാപ്പുസാക്ഷിയാക്കാനുമുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.








0 comments