കേരളത്തെ നേഞ്ചേറ്റിയ നാടാണ്‌ യുഎഇ: മുഖ്യമന്ത്രി

cm pinarayi
വെബ് ഡെസ്ക്

Published on Nov 10, 2025, 06:07 AM | 1 min read

അബുദാബി: ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള രാജ്യങ്ങളിലൊന്നായ യുഎഇ കേരളത്തെ എക്കാലത്തും നേഞ്ചേറ്റിയ നാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മിക്കവാറും കുടുംബങ്ങൾക്ക്‌ യുഎഇയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം കാണുമെന്നും മുഖ്യമന്ത്രി അബുദാബിയിൽ പറഞ്ഞു. സിറ്റി ഗോൾഫ് ക്ലബ് മൈതാനത്ത് ‘മലയാളോത്സവം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളം നമ്മുടെ ഹൃദയങ്ങളിലാണെ’ന്ന് യുഎഇ മന്ത്രി തന്നെ ഇതേ വേദിയിൽ പറഞ്ഞിരുന്നു. 2018-ലെ പ്രളയ സമയത്ത്‌ യുഎഇ നൽകിയ പിന്തുണ വലുതാണ്‌. കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ കഠിനാധ്വാനവും സമർപ്പണവും വലിയ പങ്കുവഹിച്ചു. 2016ൽ എൽഡിഎഫ്‌ സർക്കാരിനെ ഏൽപ്പിച്ച ദ‍ൗത്യം, ജനത ആഗ്രഹിച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞു. കഴിഞ്ഞ ഒമ്പതര വര്‍ഷത്തിൽ കേരളം എല്ലാ മേഖലയിലും വലിയ വളർച്ച കൈവരിച്ചു. 2016–21ല്‍ ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തുടര്‍ഭരണത്തിലൂടെ സാധിച്ചു. കൂടുതല്‍ വികസനത്തിലേക്ക്‌ പോകാനും നാടിന്റെ പുരോഗതിയിലേക്ക്‌ നയിക്കാനുമായത്‌ തുടര്‍ഭരണത്തിന്റെ ഭാഗമായാണ്‌. അതിന്‌ തുടർച്ചയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരങ്ങളാണ് മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.


യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫലി അധ്യക്ഷനായി. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ സ്വാഗതവും കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മണികണ്ഠൻ നന്ദിയും പറഞ്ഞു. മലയാളം മിഷൻ, ലോക കേരള സഭ, അബുദാബിയിലെയും അൽ ഐനിലെയും പ്രവാസി സംഘടനകൾ, കൂട്ടായ്‌മകൾ എന്നിവയുടെ നേതൃത്വത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ഞായർ പകൽ അബുദാബിയിലെ പ്രവാസി സംഘടനാ പ്രതിനിധികളുമായും വ്യവസായ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ചയും നടത്തി. തിങ്കളാഴ്‌ച അബുദാബി കിരീടാവകാശിയുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home