print edition അതിവേഗ പാത അനുമതി: അഴകൊഴമ്പൻ നിലപാടുമായി കേന്ദ്രമന്ത്രി


സ്വന്തം ലേഖകൻ
Published on Feb 08, 2026, 12:00 AM | 1 min read
തിരുവനന്തപുരം: കേരളത്തിന് അതിവേഗ പാത അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രറെയിൽവേമന്ത്രിയുടേത് അഴകൊഴമ്പൻ നിലപാട്. അതിവേഗ പാത പദ്ധതി ആറുവർഷമായി വച്ചു താമസിപ്പിക്കുകയാണ് കേന്ദ്രം. 2019 ഒക്‌ടോബറിലാണ് സാധ്യത പഠനം നടത്തി കേന്ദ്രറെയിൽവേ മന്ത്രാലയത്തിന് കേരളം റിപ്പോർട്ട് അയച്ചത്. 2020 ൽതന്നെ ഡിപിആർ തയ്യാറാക്കി നൽകി. എന്നാൽ പിന്നീടുള്ള അഞ്ചുവർഷം കത്തയച്ച് സമയം പാഴാക്കുകയായിരുന്നു കേന്ദ്രസർക്കാർ. നിലവിൽ പാരിസ്ഥിതികപ്രശ്‌നമുണ്ടെന്ന് പറയുന്ന റെയിൽവേ, നിലവിലെ റെയിൽപ്പാത പാത അത്തരം പ്രശ്‌നമുണ്ടാക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. റെയിൽവേ–സംസ്ഥാനസർക്കാർ സംയുക്ത സംരംഭമായ കെ റെയിൽ തയ്യാറാക്കിയ അലെയ്‌മെന്റ് റെയിൽവേയുടെ ഭൂമി കൂടി പ്രയോജനപ്പെടുത്തിയായിരുന്നു.
ഭൂമി ഏറ്റെടുത്ത് നൽകിയാൽ അതിവേഗ പാതയ്‌ക്ക് അനുമതി നൽകാമെന്നാണ് കഴിഞ്ഞ ദിവസം റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യസഭയിൽ എംപിമാർക്ക് മറുപടി നൽകിയത്. എന്നാൽ ഇല്ലാത്ത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് അറിയാത്ത ആളല്ല മന്ത്രി. സാമാന്യബോധത്തെപ്പോലും പരിഹസിക്കുന്ന നിലപാട് ആയിട്ടും ഇതിനെതിരെ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നില്ല.
ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ഭൂമിക്ക് നഷ്ടപരിഹാരമായി ഉയർന്ന വില നൽകണം. എന്നാൽ അത്രയും തുക കേന്ദ്രസർക്കാർ അനുവദിക്കുന്നുമില്ല. അതുകൊണ്ടാണ് ദേശീയപാതയ്‌ക്ക് വലിയ വില നൽകി കേരളം ഭൂമി ഏറ്റെടുത്ത് നൽകിയത്. ആലപ്പുഴ വഴി പാത ഇരട്ടിപ്പിക്കൽപ്പോലും പൂർത്തിയാക്കാൻ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും റെയിൽവേ തയ്യാറായിട്ടില്ല.
മന്ത്രീ, ആ കണക്കും ശരിയല്ലല്ലോ
വിവിധ പദ്ധതികൾക്ക് ഭൂമി ഏറ്റെടുത്ത് നൽകിയില്ലെന്ന കേന്ദ്രറെയിൽവേ മന്ത്രിയുടെ വാദവും തെറ്റ്. പദ്ധതിക്കായി 476 ഹെക്ടർക്കാണ് ആവശ്യമുള്ളത്. അതിൽ 65 ഹെക്ടറും ഏറ്റെടുത്തതാണ്. 392 ഹെക്ടർ ഏറ്റെടുക്കേണ്ടത് ശബരി പാതയ്‌ക്കാണ്. 2026 ജനുവരി 27ന് മാത്രമാണ് പദ്ധതി മരവിപ്പിച്ച നടപടി പിൻവലിച്ചത്. എറണാകുളം–കുന്പളം, കുന്പളം–തുറവൂർ പാത ഇരട്ടിപ്പിക്കലിന് രണ്ട് ഏക്കറും ഷൊർണൂർ–വള്ളത്തോൾ പാത ഇരട്ടിപ്പിക്കൽ അഞ്ച് ഏക്കറുമാണ് ഏറ്റെടുക്കേണ്ടത്. എന്നാൽ ആവശ്യമായതിൽ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്തതെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രചാരണം.









0 comments