മോദിയുടെയും ബിജെപിയുടെയും പതനം ആരംഭിച്ചു: എം എ ബേബി

ന്യൂഡൽഹി: ഇന്ത്യയിൽ ശക്തമായ ബഹുജന പ്രസ്ഥാനം രൂപപ്പെടേണ്ട കാലഘട്ടമാണിതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും പതനം ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‍രിവാളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന ഇ ഡി വിരുദ്ധ പ്രതിഷേധ പരിപാടിയിലേക്ക് അരവിന്ദ് കെജ്രിവാളിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച തിരക്കുകൾ കാരണം കെജ്രിവാളിന് നേരിട്ട് പങ്കെടുക്കാൻ കഴിയില്ല. പകരം മുതിർന്ന നേതാവ് മനീഷ് സിസോദിയ പ്രതിഷേധത്തിൽ പങ്കെടുക്കും. ചടങ്ങിൽ വായിക്കുന്നതിനായി കെജ്‌രിവാളിന്റെ സന്ദേശം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ പകുതിയോടെയാണ് കേരളത്തിലെ പ്രതിഷേധ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ബന്ധത്തിലെ മാറ്റങ്ങൾ പുതിയ രാഷ്ട്രീയ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് കത്തയച്ചതെന്നും എം എ ബേബി കൂട്ടിചേർത്തു. ഗ്യാനേഷ് കുമാർ ബിജെപിക്ക് വേണ്ടി കരാർ പണി ചെയ്യുകയാണ്. ആഭ്യന്തരവകുപ്പിൽ ഉദ്യോഗസ്ഥനായിരിക്കുമ്പോൾ തന്നെ ഇത്തരം കരാർ പണികൾ ഗ്യാനേഷ് കുമാർ ചെയ്തിരുന്നെന്നും എം എ ബേബി പറഞ്ഞു.









0 comments