കേരളത്തിൽ വീണ്ടും അവയവദാനം; അഞ്ചു പേർക്ക് പുതുജീവനേകി കൃഷ്ണലാൽ മടങ്ങി

കൃഷ്ണലാൽ
തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണലാൽ ഇനി അഞ്ചു പേരിലൂടെ ജീവിക്കും. തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതം അറിയിച്ചു. ഹൃദയവും രണ്ടു വൃക്കകളും കരളും കണ്ണുമാണ് ദാനം ചെയ്യുന്നത്. വാഹനപകടത്തിൽ പരിക്കേറ്റ 33കാരനായ കൃഷ്ണലാലിന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. കൃഷ്ണലാലിന്റെ ഹൃദയം ഞായറാഴ്ച ഉച്ചയോടെ എയർ ആംബുലൻസ് വഴി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
രണ്ടുമാസത്തിനിടെ കേരളത്തിൽ നടക്കുന്ന അഞ്ചാമത്തെ അവയവദാനമാണിത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം സൃഷ്ടിച്ച ആലിൻറെയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് എൽഡി ക്ലർക്ക് ജിജിൻറെയും അവയവങ്ങളാണ് ഫെബ്രുവരിയിൽ കെ-സോട്ടോ വഴി ദാനം ചെയ്തത്.
10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം ഫെബ്രുവരി 13നാണ് മരിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്ന് കുട്ടിയുടെ അച്ഛൻ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഫെബ്രുവരി 24ന് മസ്‌തിഷ്‌കമരണം സംഭവിച്ച ജിജിന്റെ നേത്രപടലങ്ങൾ, വൃക്ക, ഹൃദയം, കരൾ, പാൻക്രിയാറ്റിക് ഗ്രന്ഥി എന്നിവയാണ് ദാനം ചെയ്തത്.
മാർച്ച് മൂന്നിന് മസ്തിഷ്ക മരണം സംഭവിച്ച എടവനക്കാട് സ്വദേശിയായ ജാസ്‍ലിയ ജോൺസണിന്റെ കരൾ, രണ്ട് വൃക്കകൾ, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. മാർച്ച് 14ന് മരിച്ച കൊല്ലം ചടയമംഗലം സ്വദേശി ബിനുവിന്റെ അവയവങ്ങളും ദാനം ചെയ്തു. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്.










0 comments