ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 99 അംഗങ്ങൾ ഷാനിമോൾക്ക് വോട്ട് ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിന് 34 വോട്ടും ലഭിച്ചു. എൻഡിഎ എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും വോട്ട് ചെയ്തില്ല.
നേരത്തെ ഡെപ്യൂട്ടി സ്പീക്കർ പദവിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ചരിത്രപരമായ അവകാശവാദം പൊളിഞ്ഞിരുന്നു.
നഫീസത്ത് ബീവിക്ക് ശേഷം നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകാൻ പോകുന്നതെന്നായിരുന്നു വി ഡി സതീശന്റെ വാദം. 1960-ലാണ് നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കറായത്. എന്നാൽ അതിനുശേഷവും കേരളത്തിൽ വനിതാ ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിട്ടുണ്ട് എന്ന കാര്യം മുഖ്യമന്ത്രി മറച്ചുവെച്ചു.
നഫീസത്ത് ബീവിക്ക് ശേഷം 1987 മുതൽ 1991 വരെയുള്ള കാലയളവിൽ സിപിഐ നേതാവായ ഭാർഗവി തങ്കപ്പൻ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി പദവി അലങ്കരിച്ചിട്ടുണ്ട്. മാത്രമല്ല, 1957-ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഒന്നാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറും ഒരു വനിതയായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവ് കെ ഒ അയിഷ ബായ് ആയിരുന്നു അത്. ഈ ചരിത്രവസ്തുതകൾ നിലനിൽക്കെയാണ് കോൺഗ്രസ് നേതൃത്വവും വി ഡി സതീശൻ അനുകൂലികളും ഷാനിമോൾ ഉസ്മാന്റെ പദവിയെ നഫീസ ബീവിക്ക് ശേഷം ആദ്യമെന്ന രീതിയിൽ തെറ്റായി ചിത്രീകരിക്കാൻ ശ്രമിച്ചത്.










0 comments