ad
Deshabhimani

ശാന്തിപുരം പുനരധിവാസം: ഭവനസമുച്ചയത്തിന് കല്ലിട്ടു

  santhipuram
വെബ് ഡെസ്ക്

Published on Oct 20, 2025, 09:12 PM | 2 min read

കൊച്ചി: പാലാരിവട്ടം ശാന്തിപുരത്തെ 198 കുടുംബങ്ങൾക്കായി നിർമിക്കുന്ന പുതിയ ഭവനസമുച്ചയത്തിന് മേയർ എം അനിൽകുമാർ തറക്കല്ലിട്ടു. പിഎംഎ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ശാന്തിപുരം കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ 44-ാം ഡിവിഷൻ കൗൺസിലർ ജോർജ് നാനാട്ട് അധ്യക്ഷനായി. ഉമ തോമസ് എംഎൽഎ മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സി ഡി വത്സലകുമാരി, കൗൺസിലർമാരായ ജോജി കുരീക്കാട്, കെ പി ലതിക, ഡിബിൻ ദിലീപ്, ചെയർമാൻ, ആസാദി കോളേജ് ഓഫ് ആർക്കിടെക്ട്‌ ബി ആർ പ്രൊഫ. അജിത്, പി എസ് സതീഷ് എന്നിവർ സംസാരിച്ചു. അസാധ്യമെന്ന് എല്ലാവരും കരുതിയ മറ്റൊരു പദ്ധതിക്കാണ് കൊച്ചി നഗരസഭ തുടക്കം കുറിച്ചതെന്ന് മേയർ എം അനിൽകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്


അസാധ്യമെന്ന് എല്ലാവരും കരുതിയ മറ്റൊരു പദ്ധതിക്ക് ഇന്ന് കൊച്ചി നഗരസഭ തുടക്കം കുറിച്ചു.

പലപ്പോഴും വാർത്താമാധ്യമങ്ങളിൽ നിറയാറുള്ള ഒന്നാണ് ശാന്തിപുരം നിവാസികളുടെ പ്രയാസങ്ങളെക്കുറിച്ച് . ശാന്തിപുരത്തെ കുടുംബങ്ങൾക്കും ഫ്ലാറ്റ് പണിത് നൽകുന്നതാണ് പദ്ധതി. പക്ഷേ ഈ ഫ്ലാറ്റുകൾക്ക് വ്യത്യസ്തതയുണ്ട്. ഒരു കോംപ്ലക്സിൽ 8 വീടുകൾ മാത്രമാണ് ഉണ്ടാവുക. ഫ്ലാറ്റിന്റെ ഓരോ മുറിയും സൗകര്യങ്ങളും രൂപകൽപ്പന ചെയ്തത് അവരുമായി ചർച്ച ചെയ്താണ്. ഇതിന് നേതൃത്വം കൊടുത്തതാകട്ടെ ആസാദി കോളേജും അതിനെ നയിക്കുന്ന രാജ്യത്ത് തന്നെ പ്രശസ്തനായ ആർക്കെടെക്ട് ബി ആർ അജിത് ആണ്. അദ്ദേഹവും, അദ്ദേഹത്തോടൊപ്പമുള്ള കുക്കു എന്ന ചെറുപ്പക്കാരനായ ആർക്കിടെക്ടും ഒപ്പമുള്ളവരും നടത്തിയത് ഒരു ഭഗീരഥ പ്രയത്നമാണ്. കൗൺസിലർ ജോർജ് നാനാട്ടും പി എസ് സതീഷും മറ്റുള്ള പ്രവർത്തകരും അവരോടൊപ്പം ചേർന്നപ്പോൾ അവരുടെ എല്ലാ ആഗ്രഹങ്ങളും രൂപകൽപ്പനയിൽ ഇടം പിടിച്ചു. അടുത്ത പ്രശ്നം ലൈഫ് പദ്ധതിയിൽ ഇത് പണിയാൻ കഴിയില്ല എന്നുള്ളതാണ്. കൊച്ചി നഗരസഭയ്ക്ക് അധികമായി വരുന്ന തുകയും അനുവദിക്കാൻ കഴിയില്ല. എന്തു ചെയ്യും!! ആലോചിച്ച് എല്ലാവരും പദ്ധതി കൈവിട്ടതാണ്. ആർക്കിടെക്ട് ബി ആർ അജിത്തിനും ആസാദി ഗ്രൂപ്പിനും ഒരുപാട് നന്ദി.


ഒരിക്കലും നടക്കില്ല എന്ന് ഞാനും ഉറപ്പിച്ചു. അപ്പോഴാണ് അന്നത്തെ സിപിഐഎം ജില്ലാ സെക്രട്ടറി സഖാവ് സി എൻ മോഹനൻ എന്നോട് പറഞ്ഞത് "അനിൽ ഇത് ചെയ്തേ പറ്റൂ ". ഞാൻ അദ്ദേഹത്തോട് പറഞ്ഞു "ഇത് ആരും വിചാരിച്ചാലും ചെയ്യാൻ കഴിയില്ല സർക്കാർ അനുമതി ലഭിക്കില്ല പണം എവിടെ നിന്ന് ഞാൻ കണ്ടെത്തും?" അദ്ദേഹത്തിൻ്റെ മറുപടി, 'പണം എവിടെ നിന്നെങ്കിലും അനിൽ കണ്ടെത്തണം.നമുക്ക് പാവപ്പെട്ടവർക്ക് ഫ്ലാറ്റ് നിർമ്മിച്ചു കൊടുത്തേ മതിയാകൂ. സഖാവ് ഈ പ്രശ്നം പരിഹരിക്കണം." അങ്ങനെയാണ് നിരന്തരമായ ചർച്ചകൾക്കൊടുവിൽ 1 കോടി രൂപ ബിപിസിഎലും 50 ലക്ഷം രൂപ ശോഭാ ഗ്രൂപ്പും CSR ആയി കൊച്ചി നഗരസഭയ്ക്ക് നൽകാൻ തീരുമാനിച്ചത്. അങ്ങനെയാണ് ചിറക് വിരിച്ച ഈ സ്വപ്നങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കാൻ കഴിഞ്ഞത്. ബിപിസിഎൽ നും ശോഭ ഗ്രൂപ്പിനും നന്ദി.


ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം കൊടുത്ത ഏറ്റവും ആത്മാർത്ഥമായി പ്രവർത്തിച്ച കൗൺസിലർ ജോർജ് നാനാട്ടിലെ അഭിനന്ദിക്കുന്നു. ഒപ്പം ലൈഫ് ഭവന പദ്ധതികൾക്ക് നേതൃത്വം കൊടുക്കുന്ന സിഇഒ ഫിലിൻ, ജോർജ്, നിത എല്ലാവർക്കും അഭിനന്ദനങ്ങൾ. നഗരസഭയുടെ എൻജിനീയറിംഗ് വിഭാഗത്തെയും എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ജോജി പോളിനേയും ടീമംഗങ്ങളെയും അഭിനന്ദിക്കുന്നു. ഈ പദ്ധതി തുടങ്ങുമ്പോൾ അവരുടെ മുഖങ്ങളിൽ കണ്ട സന്തോഷം തന്നെയാണ് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എൻ്റെ നേട്ടം. പൊതുപ്രവർത്തനത്തിലൂടെ മാത്രം ലഭിക്കുന്ന നേട്ടം. ശാന്തിപുരം നിവാസികളോടൊപ്പം എന്നും ഉണ്ടാകും എന്ന ഉറപ്പോടെ..... ആശംസകൾ..



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home