ബ്രഹ്മപുരത്തിന്റെ പേരിൽ അഴിമതിക്ക് നീക്കം: മന്ത്രി എം ബി രാജേഷ്

കൊച്ചി: ബ്രഹ്മപുരം മാസ്റ്റർ പ്ലാനിൽ മാറ്റം വരുത്താനുള്ള കൊച്ചി കോർപറേഷന്റെനീക്കം അഴിമതി ലക്ഷ്യമിട്ടാണെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് നെടുമ്പാശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിലെ നഗരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് മേയർ നടത്തുന്ന പ്രസ്താവനകളിൽ ഗൂഢലക്ഷ്യങ്ങളുണ്ട്.
മാലിന്യമുപയോഗിച്ച് തടിച്ചുകൊഴുത്ത താപ്പാനകളുള്ള ഇടമാണ് കൊച്ചി. കഴിഞ്ഞ അഞ്ചുവർഷം തലപൊക്കാനാകാതിരുന്ന ഇവർ വീണ്ടും കാര്യങ്ങൾ നിയന്ത്രിക്കുന്ന സ്ഥിതിയിലേക്ക് എത്തുകയാണ്. ബ്രഹ്‌മപുരം രഹസ്യയിടമല്ല, ആർക്കും പരിശോധിക്കാവുന്ന സ്ഥലമാണ്. അവിടെ ബയോമൈനിങ് 98 ശതമാനവും പൂർത്തിയായി. വസ്തുത ഇതായിരിക്കെ ബ്രഹ്‌മപുരത്തെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് അഴിമതിയ്‌ക്ക് കളമൊരുക്കുന്നതിനാണെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്മപുരത്ത് സംസ്‌കരിക്കേണ്ട മാലിന്യത്തിന്റെ കണക്ക് പെരുപ്പിച്ചുകാണിക്കുന്നത് അഴിമതിക്ക് വഴിയൊരുക്കാനെന്ന് മുൻ മേയറും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം അനിൽകുമാർ പറഞ്ഞു. വസ്തുതാവിരുദ്ധമായ ആരോപണങ്ങളുന്നയിച്ച് ബ്രഹ്മപുരത്തെ പഴയ അവസ്ഥയിലേക്ക് കൊണ്ടുപോകരുത്. മാസ്റ്റർപ്ലാനിൽ ഭേദഗതി വരുത്തുന്നത് നിലവിലെ സംവിധാനം തകർക്കുന്ന രീതിയിലാകരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments