റെയിൽവേയ്ക്ക് കേരളത്തെ വേണ്ട: സോൺ ചോദിച്ചപ്പോൾ ഡിവിഷൻ വെട്ടി


വി എസ് വിഷ്‌ണുപ്രസാദ്
Published on Aug 29, 2026, 07:21 AM | 1 min read
തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിനോട് എന്നും മുഖംതിരിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരുകൾ സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് സ്വന്തമായി ഒരു റെയിൽവേ സോൺ അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ സോൺ ചോദിച്ചവരുടെ കൈകളരിയുന്ന നടപടിയാണ് ഡിവിഷനുകൾ വെട്ടിമുറിക്കാനുള്ള നീക്കത്തിലൂടെ കേന്ദ്രറെയിൽവേ മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കഞ്ചിക്കോട് കോച്ച് ഫാക്ടറി നൽകാമെന്നുപറഞ്ഞ് ദീർഘകാലം പറ്റിച്ചത് കോൺഗ്രസ് സർക്കാരാണ്. പിന്നീട് അധികാരത്തിൽവന്ന ബിജെപി സർക്കാർ പദ്ധതി ഉപേക്ഷിക്കുകയും ചെയ്‌തു. പിന്നാലെയാണ് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളെ വെട്ടിമുറിച്ച് തമിഴ്‌നാടിനും കർണാടകത്തിനും നൽകാൻ തീരുമാനിച്ചത്. ഇത് കേരളത്തിന്റെ വരുമാനം കുറയ്‌ക്കുകയും ട്രെയിൻ സർവീസുകളുടെ നടത്തിപ്പ് അവകാശം നിഷേധിക്കുകയും ചെയ്യും. കേരളത്തിലെ റെയിൽവേ ശൃംഖല പൂർണമായും ദക്ഷിണ റെയിൽവേയുടെ കീഴിലാണ്. ചെന്നൈയിലെ ആസ്ഥാനത്തുനിന്നാണ് കേരളത്തിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. പ്ലാറ്റ്‌ഫോമുകൾ നവീകരിക്കുന്നതും ലിഫ്‌റ്റും യന്ത്രഗോവണിയും ഘടിപ്പിക്കുന്നതും എസി വിശ്രമമുറികൾ സ്ഥാപിക്കുന്നതും മാത്രമാണ് കേരളത്തിലിപ്പോൾ നടക്കുന്ന ‘റെയിൽേവേ വികസനം’.
സോൺ ആക്കിയാൽ വികസന പ്രവർത്തനങ്ങൾക്ക് റെയിൽവേയിൽനിന്ന് നേരിട്ട് കൂടുതൽ തുക ലഭിക്കും. കേരളത്തിന് അനുകൂലമായ സമയങ്ങളിൽ പുതിയ സർവീസുകൾ ആരംഭിക്കാൻ കഴിയും. നിലവിലുള്ള ട്രെയിനുകളുടെ സമയക്രമം മാറ്റാനും സ്റ്റോപ്പുകൾ അനുവദിക്കാനും പ്രാദേശികമായി തീരുമാനമെടുക്കാം. പാത ഇരട്ടിപ്പിക്കൽ, സ്റ്റേഷൻ നവീകരണം എന്നിവ വേഗത്തിലാകും. യുപിഎ സർക്കാർ ഭരിച്ചപ്പോൾ കേരളത്തിൽനിന്ന് അരഡസണിലേറെ കേന്ദ്രമന്ത്രിമാരുണ്ടായിരുന്നു. ബിജെപി അധികാരത്തിലേറിയപ്പോഴും കേരളത്തിൽനിന്ന് കേന്ദ്രമന്ത്രിമാരുണ്ടായി. പക്ഷേ, ഇവരാരും സംസ്ഥാനത്തിന് ഒരു റെയിൽവേ സോൺ അനുവദിപ്പിക്കാൻ മുൻകൈയെടുത്തിട്ടില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് വീതംവച്ചശേഷം എന്തെങ്കിലും ലഭിച്ചാൽ അത് തങ്ങളുടെ നേട്ടമാക്കി അവതരിപ്പിക്കുകമാത്രമാണ് ഇവരുടെ പണി.










0 comments