ad
Deshabhimani

ചൂടിനെ തോൽപ്പിക്കാൻ 'തെർമോക്രോമിക് മെറ്റീരിയൽ'; കണ്ടുപിടിത്തം മലയാളി ഗവേഷകരുടേത്

Thermochromic Material.JPG

തെർമോക്രോമിക് മെറ്റീരിയൽ

വെബ് ഡെസ്ക്

Published on May 30, 2026, 07:36 PM | 1 min read

കൊച്ചി: വലിയൊരു ചൂട്‌ കാലമാണ്‌ നമ്മെ കടന്നുപോയത്‌. ചൂടിനെ തോൽപ്പിക്കാൻ പല മാർഗങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്‌. വരും കാലത്ത്‌ ചൂടിനെ തോൽപ്പിക്കാൻ കെട്ടിടങ്ങളിൽ 'സ്‌മാർട്ട്‌വിൻഡോ' ആയാലോ? അമേരിക്കയിലെ റൈസ്‌ സർവകലാശാലയിലെ മലയാളി ഗവേഷകർ ശ്രീഹരി സാജുവും ആനന്ദ്‌ പുതിരത്തുമാണ്‌ ചൂട്‌ നിയന്ത്രിക്കാനുള്ള സ്‌മാർട്ട്‌ കണ്ടുപിടുത്തത്തിന്‌ പിന്നിൽ.


Thermochromic Material 1.JPGആനന്ദ് പുതിരത്ത്, ശ്രീഹരി സാജു


ഇരുവരും കണ്ടെത്തിയ 'തെർമോക്രോമിക് മെറ്റീരിയൽ' ജനലുകളിൽ പെയിന്റ്‌ പോലെ പൂശുകയാണ്‌ ചെയ്യുക. താപനിലയ്‌ക്കനുസരിച്ച്‌ സുതാര്യത (transparency) മാറുമെന്നതാണ്‌ തെർമോക്രോമിക് മെറ്റീരിയലിന്റെ പ്രത്യേകത. പുറത്ത്‌ താപനില ഉയരുമ്പോൾ തെർമോക്രോമിക്‌ മെറ്റീരിയലിന്റെ സുതാര്യത കുറയും. മുറിയ്‌ക്കുള്ളിലെ ചൂട്‌ നിയന്ത്രിക്കും. എന്നാൽ വെളിച്ചം അകത്തേയ്‌ക്ക്‌ കടത്തിവിടുന്നതിൽ തടസമുണ്ടാകുകയുമില്ല. ഉപ്പുകലർന്ന പോളിമർ ബ്ലെൻഡ്‌ ഉപയോഗിച്ചാണ്‌ തെർമോക്രോമിക്‌ മെറ്റീരിയൽ തയ്യാറാക്കിയിരിക്കുന്നത്‌. പോളി ഡൈമീഥെയ്‌ൽസിലോക്‌സേയ്‌ൻ, പോളി എഥിലീൻ ഓക്‌സൈഡ്‌, ലിഥിയം പെർക്ലോറേറ്റ്‌ എന്നിവയാണിതിൽ ഉപയോഗിച്ചിട്ടുള്ളതെന്ന്‌ ശ്രീഹരി പറഞ്ഞു. ഈ രീതിയിൽ തയ്യാറാക്കുന്ന തെർമോക്രോമിക്‌ മെറ്റീരിയലിന്‌ ചെലവ്‌ കുറവാണെന്നതും പ്രത്യേകതയാണ്‌.


ഡോ. പുളിക്കൽ അജയന്റെ നേതൃത്വത്തിലായിരുന്നു ശ്രീഹരിയുടെയും ആനന്ദിന്റെയും ഗവേഷണം. താപനില റെക്കൊർഡ്‌ വേഗത്തിൽ ഉയരുകയും ലോകമെമ്പാടും ഉഷ്‌ണതരംഗങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ അകത്തളങ്ങളിലെ ചൂട്‌ നിയന്ത്രിക്കാൻ തെർമോക്രോമിക്‌ മെറ്റീരിയൽ പോലുള്ള കൂടുതൽ കാര്യക്ഷമമായ കണ്ടുപിടുത്തങ്ങളുടെ ആവശ്യകത വർധിക്കുകയാണ്‌. ഭാവിയിൽ, ചൂടുകാലത്ത്‌ എയർ കണ്ടീഷണർ ഉപയോഗം കുറയ്‌ക്കാനും ഊർജകാര്യക്ഷമത വർധിപ്പിക്കാനും തെർമോക്രോമിക്‌ മെറ്റീരിയൽ സഹായകമാകുമെന്ന്‌ പറയുന്നു ഗവേഷകർ. കാർബൺ പുറന്തള്ളുന്നത്‌ കുറയ്‌ക്കാനാകുമെന്നും അവർ പറയുന്നു. അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച്‌ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. എറണാകുളം സ്വദേശിയാണ്‌ ശ്രീഹരി സാജു. പാലക്കാട്‌ സ്വദേശിയാണ്‌ ആനന്ദ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home