എം ടിക്ക് ആദരായനം; ഗണേശം സൂര്യ നാടകക്കളരി

നമ്മുടെ എം ടിക്ക് നാളെ 91-ാം പിറന്നാൾ. കഥകളിലൂടെ കാര്യങ്ങളിലൂടെ മലയാള മനസ്സിനെ മഥിച്ച പ്രിയപ്പെട്ട കഥാകാരന് രംഗഭാഷ്യമൊരുക്കുകയാണ് വിശ്രുത കലാകാരൻ സൂര്യ കൃഷ്‌ണമൂർത്തി. എം ടിയും കഥാപാത്രങ്ങളും അവർ ഉയിരിട്ടുനിൽക്കുന്ന ഭൂമികയുമെല്ലാം ഇതാ തുറന്ന വേദിയിൽ. എം ടിയെന്ന മനുഷ്യനും പ്രതിഭയും അരങ്ങിന്റെ എല്ലാ ദീപവിതാനങ്ങൾക്കുംമീതെ പ്രകാശഗോപുരമായി നിറയുന്നു. ആ സർഗാവിഷ്‌കാരത്തിന് നമ്മൾ കൈയൊപ്പ് ചാർത്തുന്നു
മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർക്ക് ജൂലൈ 15ന് 91-ാം പിറന്നാൾ. നവതി പിന്നിട്ട സുകൃതത്തിന് സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആദരായനമൊരുക്കുന്നു, എം ടിയുടെ ജീവിതത്തെയും കഥാപാത്രങ്ങളെയും കോർത്തിണക്കുന്ന രംഗഭാഷ്യത്തിലൂടെ. സാംസ്‌കാരികവകുപ്പിനൊപ്പം ഊരാളുങ്കൽ സൊസൈറ്റിയുമായും സഹകരിച്ച് തിരുവനന്തപുരം സൂര്യയാണ് എം ടി രംഗശിൽപ്പം ‘തുടർച്ച’ അണിയിച്ചൊരുക്കുന്നത്. എം ടിക്ക് പിറന്നാൾ സമ്മാനമായി ജന്മദിനത്തിൽ തിരുവനന്തപുരത്ത് രംഗശിൽപ്പം അരങ്ങേറും. (എം ടിയുടെ ജന്മദിനം ജൂലൈ 15ന് ആണ്. എം ടിയും കുടുംബവും പിറന്നാൾ ആഘോഷിക്കുന്നത് മലയാളമാസത്തിലെ നാളനുസരിച്ചാണ്, ഈ വർഷമത് ജൂലൈ 26നാണ്).
മലയാള രംഗവേദിക്ക് മഹിതമായ സംഭാവനകൾ നൽകിയ വിശ്രുത കലാകാരൻ സൂര്യ കൃഷ്‌ണമൂർത്തിയാണ് എം ടിയുടെ ജീവിത–-സാഹിത്യ -ലോകത്തെ അരങ്ങിലെത്തിക്കുന്നത്. സുവർണ ജൂബിലിയിലേക്ക് നീങ്ങുന്ന തന്റെ കലാജീവിതത്തിന് സൗവർണശോഭ പകരുന്ന സർഗാവിഷ്‌കാരമായാണ് കൃഷ്‌ണമൂർത്തി ഈ മുഹൂർത്തത്തെ കാണുന്നത്. എം ടി വാസുദേവൻ നായരുമായി ആത്മബന്ധമുള്ള കലാകാരനാണ് കൃഷ്‌ണമൂർത്തി. എഴുത്തുകാരന്റെ ജീവിതത്തെ കഥയുടെയും കഥാപാത്രങ്ങളുടെയും അനുഭവപശ്ചാത്തലവും ആസ്വാദകനെന്ന നിലയിലുള്ള ആത്മാനുഭൂതിയും ചേർത്ത് അരങ്ങിലെത്തിക്കുകയാണ് സൂര്യകൃഷ്‌ണമൂർത്തി. എം ടിയുമായുള്ള കൃഷ്‌ണമൂർത്തിയുടെ ബന്ധം പതിറ്റാണ്ടുകൾക്കപ്പുറം കോളേജ് വിദ്യാർഥിയായ കാലത്ത് തുടങ്ങിയതാണ്. നാലുകെട്ട് വായിച്ച് കൃഷ്‌ണമൂർത്തി എഴുത്തുകാരന് കത്തെഴുതി. അതിങ്ങനെയായിരുന്നു,‘‘നാലുകെട്ട് വായിച്ചു, വലിയ ഇഷ്‌ടായി. എന്നാൽ, എനിക്ക് കഥാകാരനെ ഒരിക്കലും കാണാനാഗ്രഹമില്ല. നക്ഷത്രങ്ങളെ അകലെനിന്ന് കാണുന്നതല്ലേ നല്ലത്, അടുത്തു പരിചയമായാൽ നക്ഷത്രത്തിളക്കം പോയാലോ’’ എന്ന്. എം ടി ആ വിദ്യാർഥിക്ക് മറുകുറി എഴുതി. ‘‘ആ ചിന്ത ശരിയാകണമെന്നില്ല. അകലവും അടുപ്പവും ബന്ധങ്ങൾക്ക് അകലമാകുന്നില്ല’’. തന്റെ കലാജീവിതയാത്രയിൽ ആ എഴുത്തുകാരൻ പിന്നീട് കൃഷ്‌ണമൂർത്തിയുടെ ആത്മമിത്രമായി. എം ടിയുടെ ഇഷ്‌ട ശിഷ്യനെന്നാണ് കൃഷ്‌ണമൂർത്തി എന്നും സ്വയം വിശേഷിപ്പിക്കാറ്. സൂര്യ എന്ന കലാപ്രസ്ഥാനത്തിലൂടെ ശബ്ദവും വെളിച്ചവും സമ്മേളിച്ച് വിസ്‌മയിപ്പിച്ച ഗംഭീരമായ നൂറായിരം രംഗാവതരണങ്ങളും കലാവിഷ്‌കാരങ്ങളുമായി കൃഷ്‌ണമൂർത്തി മലയാളവും കടന്ന് ലോകത്താകെ പ്രശസ്‌തനായി. എന്നാൽ, ആദ്യം വായിച്ച നാലുകെട്ടിന്റെ എഴുത്തുകാരനെ അരനൂറ്റാണ്ടിനപ്പുറവും ‘നാലുകെട്ടി’ല്ലാതെ ഹൃദയപ്രതിഷ്‌ഠ നടത്താൻ, ഉറ്റ ബന്ധുവാകാൻ കൃഷ്‌ണമൂർത്തിക്കായി. മഹാപ്രതിഭാശാലിയായ ആ എഴുത്തുകാരന്റെ ജീവിതവും കഥയും അദ്ദേഹത്തിന്റെ തൊണ്ണൂറാം വയസ്സിൽ രംഗശിൽപ്പമായി അവതരിപ്പിക്കാനാകുക, എം ടിക്ക് നവതിപ്രണാമമായി നാടകശിൽപ്പം ‘തുടർച്ച’ അവതരിപ്പിക്കുന്നത് തന്റെ കലാജീവിതത്തിലെ സുകൃതമായാണ് സൂര്യകൃഷ്‌ണമൂർത്തി കരുതുന്നത്. എം ടിയെക്കുറിച്ച്, നാടകശിൽപ്പമായ തുടർച്ചയെക്കുറിച്ച്, കലാജീവിതത്തെപ്പറ്റി കൃഷ്‌ണമൂർത്തി സംസാരിക്കുന്നു:
എം ടി പ്രതിഭയും മനുഷ്യനും
എം ടിയുടെ ജീവിതവും രചനയുമായും ബന്ധപ്പെട്ട് ‘തുടർച്ച’ തയ്യാറാക്കിയത് 25 വർഷം മുമ്പാണ്. ചെറുതായി അക്കാലത്ത് എഴുതി അവതരിപ്പിക്കുകയുമുണ്ടായി. ലണ്ടനിൽ വച്ച് എം ടിയുടെ മുന്നിലും അവതരിപ്പിച്ചു. എം ടിക്ക് ലണ്ടനിൽ മലയാളികൾ നൽകിയ സ്വീകരണത്തിലായിരുന്നു അവതരണം. മുഴുവൻ കണ്ട എം ടി അന്ന് അഭിനന്ദിക്കുകയും ചെയ്‌തു. ജീവിതത്തിലെ ഏറ്റവും വലിയ കലാസംരംഭമായാണ് എം ടിയുടെ കഥ അവതരിപ്പിക്കാനുള്ള അവസരത്തെ കാണുന്നത്. ബഷീറിന്റെ രചന അവതരിപ്പിച്ചപ്പോഴാണ് മുമ്പ് ഇതുപോലെ ആഹ്ലാദവും പുളകവും അനുഭവിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ ആദ്യ അരങ്ങിനുശേഷം കോഴിക്കോട്ട് എം ടിയുടെ മുന്നിൽ ‘തുടർച്ച’ അവതരിപ്പിക്കാമെന്ന മോഹമാണുള്ളത്. ലോകം അറിയുന്ന മഹാനായ സാഹിത്യകാരന്റെ മനസ്സിലൂടെയുള്ള യാത്രയാണിത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കൊപ്പമാണീ യാത്ര. എന്തുകൊണ്ടാകാം ഈ കഥാപാത്രങ്ങളെ സൃഷ്‌ടിച്ചത് എന്നുള്ള അന്വേഷണവും ഇതിലുണ്ട്. എം ടിയുടെ പ്രത്യേകത എന്തെന്നാൽ മുഖത്തോ ജീവിതസന്ദർഭങ്ങളിലോ വലുതായ വൈകാരിക പ്രകടനങ്ങളില്ല എന്നതാണ്. തന്റെ ഉള്ളിൽ ഉയരുന്ന ഭാവങ്ങളെ, വിചാരങ്ങളെ, വികാരങ്ങളെ വാക്കുകളാക്കി മാറ്റുന്നു. വികാരമൊട്ടും ചോർന്നുപോകാതെ രചനയിലേക്ക് പ്രതിഫലിപ്പിച്ചതിനാലാണ് എം ടി കഥകളും കഥാപാത്രങ്ങളും ഇത്രമേൽ ആസ്വാദകഹൃദയങ്ങളെ ആകർഷിച്ചതും മഥിച്ചതും. അത് പറയാനൊരു ശ്രമമാണ് ‘തുടർച്ച’. ഞാൻ എം ടിയുടെ മാനസശിഷ്യനാണ്. മലയാളത്തിൽ ബഷീറിനെയും എം ടിയെയുമാണ് ഞാൻ മുഴുവനായി വായിച്ചിട്ടുള്ളത്. ഇവർ രണ്ടുപേരും ജീവിതത്തിൽ ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. തുടർച്ചയിൽ എം ടിയുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ, അപ്പുണ്ണിയും കോന്തുണ്ണിനായരടക്കമുള്ളവരുണ്ട്. അറുപതും എഴുപതും വയസ്സായി ഈ കഥാപാത്രങ്ങൾക്ക്. അവർ ഞാൻ സൃഷ്‌ടിച്ച കഥാപാത്രങ്ങളെ കാണുന്നതാണ് ഇതിൽ ആവിഷ്‌കരിച്ചിട്ടുള്ളത്. ഇന്നത്തെ അവസ്ഥയിൽ അവരെക്കുറിച്ചുള്ള അന്വേഷണം കൂടിയാണീ രചന. എം ടി യുടെ എന്നും പഠിക്കാനുള്ള പാഠമാണ്. തിളങ്ങിനിൽക്കുന്ന നക്ഷത്രങ്ങൾക്കെല്ലാം ഒരു ഗർത്തമുണ്ടാകും. ഒരു കലാകാരന്, സാഹിത്യകാരന് ഒരു സ്വകാര്യ നരകമുണ്ടാകും. ആ സ്വകാര്യ നരകം അവനെ കഷ്‌ടപ്പെടുത്താനല്ല, മനസ്സിനെ പാകപ്പെടുത്താനാണ്. അത്തരമൊരു സ്വകാര്യനരകം അനുഭവിക്കാൻ കഴിഞ്ഞതിനാലാണ് എം ടിക്ക് മഹത്തായ സൃഷ്‌ടികൾ നടത്താനായത് എന്നെനിക്ക് തോന്നുന്നു.
അമ്മ, ജീവിതം, കഥകൾ
തുറന്ന ഓഡിറ്റോറിയത്തിലാകും അവതരണം. രണ്ട് ഭാഗമുണ്ട്. ഒന്ന് തുടക്കം, അടുത്തത് തുടർച്ച. സന്താപത്തിൽ നിന്നാണ് കവിത പിറക്കുന്നതെന്ന് പറയാൻ ഇതിൽ ശ്രമിച്ചിട്ടുണ്ട്. സ്വന്തം ജീവിതം അദ്ദേഹത്തിൽ ഏൽപ്പിച്ച മുറിവുകൾ, അതെങ്ങനെ വാക്കുകളാക്കി എന്നൊക്കെ ഇതിൽ ചർച്ച ചെയ്യുന്നു. എന്റെ കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും കണ്ട് സമാനമായ ദുഃഖം പങ്കുവയ്‌ക്കുകയാണ്. ഒരു തറവാടും അതിന്റെ പ്രതീകമായ മുത്തശ്ശിയുമുണ്ടിതിൽ. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമാണ് മുത്തശ്ശി. അവരെ നോക്കുകയാണെങ്കിൽ അവർക്ക് പ്രായമില്ല, അഥവാ കാലമില്ല, അവരെന്നും മുത്തശ്ശിയാണ്. എന്റെ എല്ലാ സൃഷ്‌ടികളിലുമുള്ള അമ്മുവെന്ന കഥാപാത്രം ഇതിലുമുണ്ട്. അമ്മുവിലൂടെയാണ് കഥയുടെ വികാസം. അമ്മു നോക്കിക്കാണുന്ന എം ടിയല്ല ഇതിലെ എം ടി. ആ കഥാപാത്രം ഉണ്ണിയാണ്. ഒരു തറവാടുണ്ടിതിൽ, എം ടിയുടെ തറവാട്, റെയിൽവേ സ്‌റ്റേഷനുണ്ട്, ചായക്കടയുണ്ട്. കൊടിക്കുന്നത്ത് അമ്മയുടെ ക്ഷേത്രമുണ്ട്. വലിയ ഒരാൽമരം, അവിടെ നിന്ന് നോക്കിയാൽ കാണുന്ന നിളാനദി, താന്നിക്കുന്ന്, ഇതൊക്കെയായി കൂടല്ലൂരിനെ, എം ടിയുടെ ജീവിതകഥാ പരിസരം ഒരുക്കാനാണ് ശ്രമം. കഷ്‌ടപ്പാടിനിടയിലൂടെ കടന്നുപോയൊരു ബാല്യമുണ്ട് എം ടിക്ക്. ആ ബാല്യത്തെ ഈ സ്‌ക്രിപ്‌റ്റിനാവശ്യമായ വിധം പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്തിട്ടുണ്ട്. ഇതിലെ പ്രധാന കഥാപാത്രം എം ടി അല്ല, എം ടി യുടെ അമ്മയാണ്. എന്നാൽ, അവരൊരിക്കലും അരങ്ങിലേക്ക് വരുന്നില്ല, ശബ്ദത്തിലൂടെയാണാ സാന്നിധ്യം. ഒരു കൊന്ന മരത്തിന്റെ ചുവട്ടിലാണ് അമ്മയെ മറവ്‌ചെയ്‌തത്. ചുറ്റിലും കൊന്നമരങ്ങൾ ഒരുപാടുണ്ട്. വിഷുക്കാലമായാൽ കൊന്നകളൊക്കെ പൂക്കും. അതിന്റെ പരിമളവും കാറ്റുമേറ്റാണ് അമ്മ ഉറങ്ങിയിരുന്നതും. എന്നാൽ, ഏതു കൊന്ന മരച്ചുവട്ടിലാണ് അമ്മയെ മറവ്‌ചെയ്‌തിരുന്നത്, ആ കൊന്നമരം പൂക്കുന്നില്ല. അത് എന്തുകൊണ്ടാകാമെന്ന് മുത്തശ്ശിയോട് തെരക്കുന്നുണ്ട് ഉണ്ണി (എം ടി). പ്രതിഷേധമായിരിക്കുമോയെന്ന് ചോദിക്കുന്നുണ്ട്. മുത്തശ്ശിക്ക് ഉത്തരമില്ല. ആഴ്‌ചയിലൊരിക്കൽ വല്യമ്മാവന്റെ വീട്ടിൽപ്പോയി നെല്ല‌് അളന്ന് വാങ്ങിവരണം, പലപ്പോഴും അത് തികയില്ല, അമ്മ പട്ടിണിയാകും. ദാരിദ്ര്യത്തിലൂടെ കടന്നുപോകും. ഇത് എം ടി തന്നെ എഴുതിയിട്ടുണ്ട്. വിശപ്പ് വരുമ്പോൾ അമ്മ ചങ്ങമ്പുഴ കവിത ചൊല്ലും, കൂടുതൽ വിശക്കുമ്പോഴത് ചുമരിൽ എഴുതിവയ്‌ക്കും, വെള്ളവലിക്കുമ്പോൾ അത് മായ്‌ക്കില്ല. അതിന്നും അവിടെ മായാതെ കിടപ്പുണ്ടെന്ന സങ്കൽപ്പമാണിതിൽ ആവിഷ്‌കരിച്ചിട്ടുള്ളത്. ഇങ്ങനെയൊരു ഭാഗം നാടകത്തിനായി കൂട്ടിച്ചേർത്തതാണ്. ഉണ്ണിയുടെ ലോകം അമ്മയാണ്, അമ്മുവുമാണെന്ന് പലപ്പോഴും ഉണ്ണി ഇതിൽ പറയുന്നുണ്ട്. അവരുടെ താങ്ങും തണലും പരിലാളനയുമാണ് മുന്നോട്ടുപോകാൻ സഹായിച്ചത്. ഇതിൽ അമ്മുവിനെ നാടകത്തിനായി പുതുതായി കൂട്ടിച്ചേർത്തതാണ്. എന്റെ മിക്ക നാടകങ്ങളിലുമുള്ള കഥാപാത്രമാണ് അമ്മു. അച്ഛനോടുള്ള പ്രതിഷേധം, രോഷം ഇവ ഉണ്ണി ഇതിൽ പ്രകടിപ്പിക്കുന്നുണ്ട്. മനസ്സിലെ വിഷമങ്ങൾ നീറിനീറി മഹത്തായ വാക്കുകളായി സാഹിത്യമായി പിറന്നു എന്നാണീ തുടർച്ചയിലൂടെ പറയുന്നത്. കലാകാരനെ നോക്കി സുഖമായിരിക്കൂ, സാഹിത്യകാരനോട് സന്തോഷമായിരിക്കൂ എന്നാശംസിക്കാൻ പാടില്ല. ഉള്ളിലുള്ള വേദനയും ഉള്ളിലൽപ്പം തീയുമുള്ളത് കെടാതെ സൂക്ഷിക്കണമെന്ന് എം ടി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതിതിൽ ആവർത്തിക്കുന്നുണ്ട്. ഗോവിന്ദൻകുട്ടി, ഭ്രാന്തൻ വേലായുധൻ, വെളിച്ചപ്പാട് എന്നിങ്ങനെ എം ടിയുടെ കഥാപാത്രങ്ങളുണ്ടിതിൽ. തൃഷ്‌ണ, വിത്തുകൾ, അമൃതംഗമയ എന്നീ സിനിമകളിലെ പാത്രങ്ങളുമുണ്ടിതിൽ. രണ്ടര മണിക്കൂർ നീളുന്ന നാടകശിൽപ്പത്തിൽ നൂറോളം കഥാപാത്രങ്ങളുണ്ട്. പി ഭാസ്‌കരൻ, ചങ്ങമ്പുഴ, വിഷ്‌ണുനാരായണൻ നമ്പൂതിരി എന്നിവരുടെ കവിതകളും നാടൻ പാട്ടുകളുമുണ്ട്. എം ടിയെ കണ്ട് അനുഗ്രഹം വാങ്ങിച്ചാണ് റിഹേഴ്‌സൽ തുടങ്ങിയത്. തുടക്കം കടത്തുകാരന്റെ പാട്ടോടെയാണ്. നിള വറ്റി കടത്തുകാരന് പണി ഇല്ലാതായി. എന്നാൽ, അദ്ദേഹം വേറെ പണിക്ക് പോകുന്നില്ല. എന്നെങ്കിലും നിള നിറയുമെന്ന ചിന്തയിൽ അവിടെ കഴിയുകയാണ്. നാദസ്വരക്കാരൻ കുഞ്ഞുപിള്ളയും ഞാൻ സൃഷ്‌ടിച്ച കഥാപാത്രമാണ്.
ശോഭയോടെ സൂര്യ
സൂര്യ കലാരംഗത്ത് സജീവമായി തുടരുന്നുണ്ട്. ചായക്കടക്കഥകൾ ഇപ്പോഴും ചെയ്യുന്നു. ചായക്കടക്കഥകൾ ഇന്ത്യയിലെ ആദ്യ റിയൽ സ്‌റ്റോറി നാടകപരമ്പരയാണെന്ന് പറയാം. ഒരേ പശ്ചാത്തലം, ഒരേ സെറ്റിങ്‌സ്. കഥകൾമാത്രം മാറിക്കൊണ്ടിരിക്കും. ചായക്കടയുടെ മുന്നിലും അകത്തുമായി നടക്കുന്ന സംഭവങ്ങളാണിതിലെ പ്രമേയം. പഴയകാലത്തെ ചായക്കടയാണ് ‘ചാമുണ്ഡിവിലാസം ചായക്കട ’എന്ന പേരിൽ. എം ടിയുടെ ‘പരിണയ’മാണ് സൂര്യയുടെ മറ്റൊരു രംഗാവതരണം. സിനിമയിൽനിന്ന് മാറ്റംവരുത്തിയാണ് അവതരണം. നാനൂറോളം വേദിയിൽ അരങ്ങേറി. മേൽവിലാസം എന്ന എന്റെ നാടകം അഞ്ഞൂറ് വേദി കഴിഞ്ഞു. ദീർഘചതുരവും അവതരിപ്പിക്കുന്നു. ബൈബിൾ ആസ്‌പദമാക്കി ‘എന്റെ രക്ഷകൻ’ അവതരിപ്പിച്ചിരുന്നു. അതിൽ മുന്നൂറോളം കലാകാരന്മാരുണ്ടായിരുന്നു. ബഷീറിന്റെ പ്രേമലേഖനം രണ്ടായിരം വേദി പിന്നിട്ടു. മുപ്പത്തഞ്ചോളം കലാകാരന്മാർ വർഷങ്ങളായി സൂര്യയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഉണ്ണി (എം ടി)യുടെ ബാല്യം ധനഞ്ജയനും കൗമാരം കാർത്തിക് ഉണ്ണിയുമാണ് അവതരിപ്പിക്കുന്നത്. യുവാവായ എം ടിയെ എ കെ സുജിതും. ചലച്ചിത്ര നടി രചന നാരായണൻകുട്ടിയാണ് മുഖ്യകഥാപാത്രമായ അമ്മുവായി അഭിനയിക്കുന്നത്. മുത്തശ്ശിയായി ശ്യാമള അമ്മയും. അരുൺനാഥ് ശിവരാമൻ -(നാണുനായർ), കൃഷ്ണൻനായർ നെയ്യാറ്റിൻകര -(കുട്ടൻ നായർ), ദേവൻ നെല്ലിമൂട് -(രാമകൃഷ്ണൻ), നോബിൾ നോബർട്ട് -(കുഞ്ചു പിള്ള), ശ്രീകുമാർ മുല്ലശേരി -(വല്യമ്മാവൻ), സന്തോഷ് വെഞ്ഞാറമൂട് -(മാധവൻ നായർ (അച്ഛൻ), ബൈജു പൂജപ്പുര -(വെളിച്ചപ്പാട്), കാരകുളത്തു കൊച്ചുപിള്ള (-വാരിയർ), രാകേഷ് പച്ച -(നാരായണൻ കുട്ടി), -അനിൽ പാപ്പാടി (ഇളയത്), സാരിധ രാധാകൃഷ്ണൻ -(സിംഹള പെൺകുട്ടി), ശിവാനി സന്തോഷ് (-സിംഹള പെൺകുട്ടിയുടെ ബാല്യം), അവനിസുനിൽ -(അമ്മു, കൗമാരം), ആരാധ്യ -(അമ്മുവിന്റെ ബാല്യം), ധനഞ്ജയ് -(ഉണ്ണിയുടെ ബാല്യം), കാർത്തിക് (ഉണ്ണിയുടെ കൗമാരം) എന്നിവരാണ് അരങ്ങിൽ. ദീപവിതാനം അബിയും അനിൽ ദേവസ്യയും. -ശബ്ദം - പ്രദീപ് തലയിലും സുധീറും. രംഗപടം നിർവഹിക്കുന്നത് ഹയിലേഷാണ്.









0 comments