ad
Deshabhimani

കണ്ണുകളെന്തിന് വേറെ

Screenshot from 2025-10-12 16-53-15
avatar
രാജിഷ രമേശൻ

Published on Oct 12, 2025, 04:50 PM | 4 min read

'നെഞ്ചിൽ പണ്ടേ നോവായ് വിണ്ടത്

തുന്നിക്കൊണ്ടേ

ഈ കണ്ണിൽ മുത്തി നീര്

പതുക്കനെ ഒപ്പിക്കൊണ്ടേ...'


കെ എസ് ചിത്രയുടെ ശബ്ദത്തിൽ മലയാളിയുടെ മനസ്സിൽ കൊണ്ട ഗാനം. കാസർകോട്‌ നീലേശ്വരം മേക്കാട്ട്‌ സ്വദേശി വൃന്ദ രാജൻ ഇത്‌ പാടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തു. കേട്ടവരെല്ലാം കമന്റ് ചെയ്തു, ‘ഒറിജിനലാ...’ പൊൻമാൻ എന്ന സിനിമയിലെ ഈ പാട്ട് ഒരുക്കിയ സംഗീതസംവിധായകൻ ജസ്റ്റിൻ വര്‍ഗീസ്‌തന്നെ കമന്റിട്ടു: ‘‘പാട്ടുണ്ടാക്കിയ എനിക്കുപോലും ഒരുനിമിഷം സംശയമായിപ്പോയി, ഇത് ഒറിജിനൽ വോയിസ്‌തന്നെ എടുത്ത് വച്ചേക്കുന്നതാണോന്ന്! അത്രയ്ക്കും അടിപൊളിയായിട്ടുണ്ട്. അവിശ്വസനീയമാംവിധം അതിഗംഭീരം.’ ‘എന്റമ്മോ സൂപ്പര്‍ വോയിസ്... ഏച്ചിക്ക് മെസേജ് കാണാനാവില്ല എന്നറിയാം... പറഞ്ഞുകൊടുക്കണം... ഒരുപാട് ഇഷ്ടമായി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്... ‘കമന്റ്സൊക്കെ ഞാൻ കാണുന്നുണ്ട്. സോ ഹാപ്പി ഫോര്‍ യുവര്‍ ലൗവബിള്‍ കമന്റ്സ്’– വൃന്ദ മറുപടി പറഞ്ഞു.


Screenshot from 2025-10-12 16-47-08

കാഴ്ചയില്ലെങ്കിലും ഉള്‍ക്കരുത്തുള്ള ശബ്ദത്തോടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിൽക്കുകയാണ് വൃന്ദ. കരുത്തായി അച്ഛൻ ആർട്ടിസ്റ്റ്‌ രാജനും തൊഴിലുറപ്പ്‌ തൊഴിലാളി അമ്മ ബിന്ദുവും കുഞ്ഞനിയൻ വിനയ്‌ രാജുവുമുണ്ട്‌. പിന്നെ ഒരുപാട്‌ നല്ല സുഹൃത്തുക്കളും.


കാഴ്‌ചയില്ലെന്ന്‌ അറിഞ്ഞ നിമിഷം


അടഞ്ഞ കണ്ണുകളോടെയാണ്‌ വൃന്ദയുടെ ജനനം. മകൾക്ക്‌ കാഴ്‌ചശക്തിയില്ലെന്ന്‌ അറിഞ്ഞതോടെ രക്ഷിതാക്കൾ കേരളത്തിലും പുറത്തുമായി നിരവധി ആശുപത്രികളെ സമീപിച്ചു. കാഴ്‌ചയ്‌ക്ക്‌ സഹായിക്കുന്ന നേത്രാന്തര പടലം ഇല്ലാത്തതിനാൽ കണ്ണ്‌ മാറ്റിവച്ചാലും കാഴ്‌ചശക്തി ലഭിക്കില്ല. മകളെ സാധാരണ കുട്ടിയെപ്പോലെ കണ്ട്‌ ഓരോ കാര്യവും പറഞ്ഞും പഠിപ്പിച്ചും വളർത്തി. എന്നാൽ, ചുറ്റുമുള്ളവർക്കായിരുന്നു ആധി കൂടുതൽ. ‘മകൾ എല്ലാ കാര്യങ്ങളും ഒറ്റയ്‌ക്ക്‌ ചെയ്യുമോ സംസാരിക്കുമോ അവളുടെ കാര്യങ്ങളൊക്കെ ആരാണ്‌ ചെയ്‌തുകൊടുക്കുന്നത്‌’, ആദ്യമൊക്കെ പല ചോദ്യങ്ങളും തളർത്തിയെങ്കിലും പിന്നീടവയെ അതിന്റെ പാട്ടിന് വിട്ടു. അങ്കണവാടിയിൽ അനിത ടീച്ചറും രാജേശ്വരി ടീച്ചറും മറ്റു കുട്ടികളെപ്പോലെ ചേർത്തുനിർത്തി.


അവിടെനിന്ന് ജീവിതത്തിലാദ്യമായി വൃന്ദ സ്റ്റേജിൽ കയറി. ആംഗ്യപ്പാട്ടായിരുന്നു മത്സരം. കാഴ്‌ചയില്ലാത്തതിനാൽ ചലനങ്ങൾ ഓരോന്നും നിരവധിതവണയാണ്‌ ടീച്ചർമാർ പഠിപ്പിച്ച്‌ മത്സരത്തിനിറക്കിയത്‌.


Screenshot from 2025-10-12 16-48-32


പാട്ടിന്റെ വഴിയേ


അഞ്ചുവയസ്സ് പൂർത്തിയായപ്പോൾ ഏത് സ്‌കൂളിൽ ചേർക്കണമെന്നായി പ്രതിസന്ധി. സത്യശീലൻ മാഷിന്റെ നിർദേശപ്രകാരം അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കാസർകോട്‌ സർക്കാർ അന്ധവിദ്യാലയത്തിൽ ചേർത്തു. സ്‌കൂളിൽ സംഗീതവും വിഷയമായി വന്നപ്പോൾ കാഞ്ഞങ്ങാട്‌ ടി പി ശ്രീനിവാസൻ മാഷിന്റെ കീഴിൽ വൃന്ദ, സംഗീതം അഭ്യസിച്ചുതുടങ്ങി. ടിവിയിലെയും റേഡിയോയിലെയും പാട്ടുകൾ ഏറ്റുപാടുന്ന വൃന്ദയ്‌ക്ക്‌ അങ്ങനെ സംഗീതം ഇ‍ഷ്‌ടവിഷയമായി. ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള കലോത്സവങ്ങളിൽ പാടി. സ്‌കൂളിലെത്തി രണ്ടുമൂന്നു മാസങ്ങൾകൊണ്ട്‌ ബ്രെയിൽ ലിപി പഠിച്ചെടുത്തു. വായിക്കാൻ പഠിച്ചതോടെ സ്റ്റാഫ്‌ റൂമിൽ പോയി പുസ്‌തകങ്ങൾ ചോദിച്ച്‌ വാങ്ങിത്തുടങ്ങി. അവിടത്തെ പുസ്‌തകങ്ങളെല്ലാം വായിച്ചുതീർന്നപ്പോൾ തനിക്കുവേണ്ടി തിരുവനന്തപുരത്തുനിന്ന്‌ പുസ്‌തകമെത്തിച്ച കഥയും വൃന്ദയ്ക്ക് മറക്കാനാകില്ല. ഒന്നുമുതൽ ഏഴുവരെ അന്ധവിദ്യാലയത്തിൽ പഠിച്ചു. തുടർന്ന്‌ സാധാരണകുട്ടികൾ പഠിക്കുന്ന കാസർകോട്‌ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക്‌ മാറി. ഇ‍ൗ മാറ്റം പുതിയ തിരിച്ചറിവിലേക്കാണ്‌ വൃന്ദയെ എത്തിച്ചത്‌. നമുക്ക്‌ ചുറ്റുമുള്ള സമൂഹം എല്ലാവരും ചേർന്നതാണ്‌. അതിൽ കാഴ്‌ചയുള്ളവരും ഇല്ലാത്തവരുമുണ്ട്‌. പിന്നീടുള്ള പേടി മറ്റുള്ളവർ തങ്ങളെ എങ്ങനെയാണ്‌ പരിഗണിക്കുമെന്നതായിരുന്നു. അപ്പോഴൊക്കെ ചേർത്തുനിർത്തിയത്‌ അധ്യാപകരാണ്‌. കാഴ്‌ചപരിമിതി ഉണ്ടായിരുന്നതിനാൽ മറ്റു കുട്ടികളെപ്പോലെ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്‌ ഏറെ വിഷമിപ്പിച്ചു.


എന്നാൽ, മലയാളം പഠിപ്പിച്ച ശ്രീകുമാരി ടീച്ചറും കണക്ക്‌ പഠിപ്പിച്ച സുശീല ടീച്ചറും ഇംഗ്ലീഷ്‌ പഠിപ്പിച്ച സുഷമ ടീച്ചറും പരീക്ഷ എഴുതിച്ചതോടെ മറ്റു കുട്ടികളെപ്പോലെ തന്നെയും പരിഗണിക്കുന്നതായി തോന്നി. ഇ‍ൗ ടീച്ചർമാർക്കുമുന്നിൽ ഒരിക്കലും അന്ധയാണെന്ന്‌ തനിക്ക് തോന്നിയിട്ടില്ലെന്ന്‌ വൃന്ദ പറയുന്നു. അങ്ങനെ ഓരോ വിഷയവും ഇഷ്‌ടത്തോടെ പഠിച്ച്‌ പരീക്ഷയെഴുതാൻ ആരംഭിച്ചു. പത്താംക്ലാസിൽ ഒന്പത്‌ എ പ്ലസ്‌ നേടി. ഹയർ സെക്കൻഡറി സമയം കോവിഡായതിനാൽ ഓൺലൈനിലായിരുന്നു ക്ലാസുകൾ. പിഡിഎഫ്‌ നോട്ടുകൾ അച്ഛനോ അമ്മയോ അനിയനോ വായിച്ചുകേൾപ്പിക്കുന്പോൾ അത്‌ റെക്കോഡ്‌ ചെയ്‌ത്‌ ബ്രെയിൽ ലിപിയിൽ നോട്ട്‌ എഴുതിയാണ്‌ പഠിച്ചത്‌. 90 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി. കാഞ്ഞങ്ങാട്‌ നെഹ്‌റു കോളേജിലാണ്‌ വൃന്ദയുടെ ഡിഗ്രി. ബസ്‌യാത്ര ഒഴിവാക്കാൻ ആദ്യത്തെ രണ്ടുമാസം ഹോസ്റ്റലിൽ നിന്നു. ഒന്നുമുതൽ പത്തുവരെ ഹോസ്റ്റലിൽ പഠിച്ച വൃന്ദയ്‌ക്ക്‌ ഒരിക്കലും ആ ഹോസ്റ്റലിനോട്‌ പൊരുത്തപ്പെടാൻ സാധിച്ചില്ല. കാഴ്‌ചയില്ലാത്തത്‌ തനിക്കൊരു വേദനയുള്ള കാര്യമായാണ്‌ എല്ലാവരും കണക്കാക്കിയത്‌. അതുകൊണ്ടുതന്നെ സഹതാപത്തോടെയാണ്‌ അവരുടെ പെരുമാറ്റം. ഇത്തരം സഹതാപമനോഭാവം ഒരിക്കലും കാഴ്‌ചയില്ലാത്തവർ ആഗ്രഹിക്കുന്നില്ല.


മറ്റുള്ളവരെപ്പോലെ തങ്ങളെയും പരിഗണിക്കണമെന്നുമാത്രമാണ്‌ ആഗ്രഹമെന്നും വൃന്ദ പറയുന്നു. ഇ‍ൗ ആശയം എല്ലാവരിലേക്കും എത്തിക്കണമെന്ന ഉദ്ദേശ്യത്തിലാണ്‌ വൃന്ദ യൂട്യൂബ്‌ ചാനൽ ആരംഭിച്ചത്‌. പാട്ടുപാടി പോസ്റ്റ്‌ ചെയ്‌തു. എന്നാൽ, ഒന്നും റീച്ചായില്ല. പിന്നീടാണ്‌ ഇൻസ്റ്റഗ്രാമിൽ പാട്ടുപാടി പോസ്റ്റ്‌ ചെയ്‌തത്‌.


സമൂഹമാധ്യമം തീർത്ത കരുത്ത്‌


ആദ്യമൊക്കെ അമ്മയുടെ സഹോദരിയുടെ മകളാണ്‌ വീഡിയോ എടുത്തതും പോസ്റ്റ്‌ ചെയ്‌തതും. പിന്നെ വൃന്ദ ഒറ്റയ്‌ക്ക്‌ ഏറ്റെടുത്തു. ഇൻസ്റ്റഗ്രാമും യൂട്യൂബും ഫെയ്‍സ്ബുക്കും അങ്ങനെ വൃന്ദയുടെ കൈയിൽ ഭദ്രമായി. ആദ്യമായി വൈറലായത്‌ "ഓലത്തുന്പത്തിരുന്ന്‌ ഉ‍ൗയലാടും ചെല്ല പൈങ്കിളി' എന്ന ഗാനമാണ്‌. പിന്നീടാണ്‌ എആർഎമ്മിലെ വൈക്കം വിജയലക്ഷ്‌മി പാടിയ "അങ്ങു വാന കോണിലെ' ഗാനം ആലപിക്കുന്നത്‌. വീഡിയോയ്‌ക്കടിയിൽ വൃന്ദയുടെ ശബ്‌ദത്തെക്കുറിച്ച്‌ കമന്റുകൾ നിറയാൻ തുടങ്ങി. അതിൽ നടി സുരഭി ലക്ഷ്‌മിയും ഉണ്ടായിരുന്നു. പിന്നീടാണ്‌ പൊൻമാനിലെ പാട്ട്‌ വൈറലായത്‌. ഗായിക ചിന്മയിയുടെ "മുത്തുമഴെ'യും പാടി. വീഡിയോ പലരിലൂടെയും ഷെയർ ചെയ്‌ത്‌ ചിന്മയിയുടെ കാതിലുമെത്തി. ചിന്മയിയെ നേരിൽ കാണാനുള്ള അവസരം ഒരുങ്ങി. ചെന്നൈയിൽ നടന്ന പരിപാടിയിൽ ചിന്മയിയോടൊപ്പം പാടി വൃന്ദ മടങ്ങി. ഇന്നിപ്പോൾ വൃന്ദയെമാത്രമല്ല, വൃന്ദയുടെ ശബ്‌ദവും ആളുകൾക്ക്‌ സുപരിചിതമാണ്‌.


പുതിയൊരു ഫോൺ വേണം


വീഡിയോ എടുക്കാൻ ഒരാളുടെ സഹായം വേണമെങ്കിലും വൃന്ദതന്നെയാണ്‌ വീഡിയോ എഡിറ്റ്‌ ചെയ്യുന്നതും പോസ്റ്റ്‌ ചെയ്യുന്നതും കമന്റ്‌ വായിച്ച്‌ റിപ്ലേ തരുന്നതും. ഫോണിലെ ടോക്‌ ബാക്ക്‌ എന്ന സംവിധാനമാണ്‌ പ്രയോജനപ്പെടുത്തുന്നത്‌. വൃന്ദയ്‌ക്ക്‌ വീഡിയോ എടുത്തുകൊടുക്കുന്നത്‌ അമ്മയാണ്‌. പിന്നീട്‌ എഡിറ്റിങ്‌ നടത്തി "വൃന്ദ രാജൻ' എന്ന ഇൻസ്റ്റഗ്രാം അക്ക‍ൗണ്ടിൽ പോസ്റ്റ്‌ ചെയ്യും. ഇപ്പോൾ വൃന്ദയുടെ ഏറ്റവും വലിയ ആഗ്രഹം പുതിയൊരു ഫോണാണ്‌. പഴയ ഫോണിൽ എടുക്കുന്നതിനാൽ വീഡിയോയ്‌ക്കെല്ലാം ക്ലാരിറ്റി കുറവാണ്‌. ചെറിയ പരിപാടികളിൽ പാടി കിട്ടുന്ന പണം നല്ല ഫോണെന്ന സ്വപ്‌നത്തിനായി കൂട്ടിവയ്ക്കുന്നുണ്ട്‌.


പഠിപ്പിക്കണം, പാടണം


​ചെർക്കള സൈനബ്‌ മെമ്മോറിയൽ ബിഎഡ്‌ സെന്ററിൽ ഒന്നാംവർഷ വിദ്യാർഥിയാണ്‌ വൃന്ദ. പഠിച്ച്‌ ടീച്ചറാകണം. ഒപ്പം സംഗീതവും. സിനിമയിൽ പിന്നണി ഗായികയാകണം. ടീച്ചറാകണമെന്ന ആഗ്രഹത്തിലെത്തിച്ചത്‌ സ്‌കൂൾ പഠനംതന്നെയായിരുന്നു. കണക്ക്‌ പഠിപ്പിക്കുന്ന സുശീല ടീച്ചറോടുള്ള ഇഷ്‌ടംകൊണ്ടാണ്‌ കണക്കിനോട്‌ താൽപ്പര്യം തോന്നിയത്‌. പ്രിയപ്പെട്ട അധ്യാപികമാരെല്ലാം അമ്മയ്‌ക്കു തുല്യമാണ്‌. വിദ്യാർഥികളുടെ ശാരീരിക–മാനസിക പ്രയാസങ്ങൾ തിരിച്ചറിഞ്ഞ്‌ കുട്ടികളോട്‌ സുഹൃത്തുക്കളെപ്പോലെ ഇടപെടുന്ന അധ്യാപകരൊക്കെയും പ്രിയപ്പെട്ടവരായി മാറി. അവരെപ്പോലെ തനിക്കും ഒരു അധ്യാപികയാകണമെന്ന ചിന്തയിൽനിന്നാണ്‌ ടീച്ചറാകണമെന്ന ആഗ്രഹം ഉടലെടുത്തതെന്ന്‌ വൃന്ദ പറയുന്നു. നാട്ടിൽ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന "ദ ഹൈഡ്‌' എന്ന ചിത്രത്തിൽ പാടി പിന്നണിഗാന മേഖലയിൽ വൃന്ദ ചുവടുവച്ചുകഴിഞ്ഞു.


ആകാശമാണ് അതിര്


പരിമിതികളിൽ ഒതുങ്ങിക്കൂടരുതെന്നാണ്‌ വൃന്ദയ്‌ക്ക്‌ പറയാനുള്ളത്‌. "എല്ലാവർക്കും ഓരോ കഴിവുകളുണ്ടാകും. അത്‌ കണ്ടെത്തി പരിപോഷിപ്പിക്കണം. ഇ‍ൗയിടെ ചാറ്റ്‌ ജിടിപിയുടെ വോയിസ്‌ കോൺവർസേഷൻ ഉപയോഗിച്ച്‌ മീൻകറി വച്ചു. തീയുടെ അടുത്തുപോലും നിൽക്കാൻ പേടിയായിരുന്ന എനിക്ക്‌ അത്‌ ചെയ്യാൻ ആത്മവിശ്വാസം കിട്ടിയത്‌ നിരന്തര പരിശ്രമംകൊണ്ടാണ്‌. ചെറിയ ചെറിയ കാര്യങ്ങളിലൂടെയാണ് തുടങ്ങിയത്‌. ഇന്നിപ്പോൾ എന്റെ എല്ലാ കാര്യങ്ങളും ഞാൻ ഒറ്റയ്‌ക്കാണ്‌ ചെയ്യുന്നത്‌. ഞാനിപ്പോൾ തുണി അലക്കും അമ്മയെ പച്ചക്കറി മുറിക്കാനും തേങ്ങ തിരുകാനും ചായ വയ്‌ക്കാനും സഹായിക്കും. വീട്ടിലെത്തുമ്പോഴും പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം നിൽക്കുമ്പോഴും എനിക്ക്‌ എല്ലാം കാണുന്നതായി അനുഭവപ്പെടും. നിരവധി ടെലിവിഷൻ മ്യൂസിക്‌ ഷോ ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇനിയും ശ്രമം നടത്തും. നമ്മൾ പരിശ്രമിച്ചാൽമാത്രമേ ലക്ഷ്യത്തിലെത്താൻ സാധിക്കുകയുള്ളൂ. കിട്ടിയിട്ടില്ലെന്ന്‌ കണ്ട്‌ ശ്രമം അവസാനിപ്പിച്ചാൽ നമ്മുടെ പരിശ്രമങ്ങൾക്ക്‌ ഫലമുണ്ടാകില്ല'– വൃന്ദ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home