ad
Deshabhimani

'ബ്രഡ് ആൻ റോസസ്'; തൊഴിലിടങ്ങളിലെ അസമത്വത്തിനെതിരെ ഉയർന്ന ശബ്ദം

women
avatar
ഹർഷിദ ബത്താലി

Published on Mar 08, 2026, 09:45 AM | 2 min read

പുലർച്ചെ മുതൽ രാത്രി വരെ നീണ്ട ജോലി സമയം. കുറഞ്ഞ വേതനം. സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങൾ. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫാക്ടറികളിലും തയ്യൽശാലകളിലും ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം ഇങ്ങനെയായിരുന്നു. അസമത്വത്തിനും അടിസ്ഥാന അവകാശങ്ങളുടെ നിഷേധത്തിനുമെതിരെ ഉയർത്തിയ ശബ്ദമാണ് പിന്നീട് വനിതാദിനത്തിന്റെ ചരിത്രത്തിന് വിത്തുകൾ പാകിയത്


1908-ൽ ന്യൂയോർക്കിലെ വസ്ത്രനിർമ്മാണ ശാലകളിൽ ജോലി ചെയ്തിരുന്ന 15,000-ത്തോളം സ്ത്രീകൾ മെച്ചപ്പെട്ട വേതനത്തിനും, കുറഞ്ഞ ജോലി സമയത്തിനും, വോട്ടവകാശത്തിനുമായി തെരുവിലിറങ്ങി. 'ബ്ര‍ഡ് ആൻ റോസസ്' എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. ഭക്ഷണം മാത്രം പോര അന്തസ്സുള്ള ആത്മാഭിമാനമുള്ള ജീവിതവും വേണം എന്നതായിരുന്നു അവരുടെ ആവശ്യം.

women 1908അന്നത്തിനും അന്തസ്സിനും വേണ്ടി സ്ത്രീകൾ നയിക്കുന്ന ചരിത്രപരമായ ടെക്സ്റ്റൈൽ സമരം


ഇതിന്റെ തുടർച്ചയായി 1909 ഫെബ്രുവരി 28-ന് അമേരിക്കയിൽ ആദ്യത്തെ 'ദേശീയ വനിതാ ദിനം' ആചരിച്ചു. സ്ത്രീകൾക്ക് വോട്ടവകാശവും തൊഴിലിടങ്ങളിൽ സമത്വവുമെന്ന ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു ദിനാചരണം.


1910-ൽ കോപ്പൻഹേഗനിൽ നടന്ന 'ഇന്റർനാഷണൽ കോൺഫറൻസ് ഓഫ് വർക്കിംഗ് വിമൻ' എന്ന സമ്മേളനത്തിൽ ക്ലാര സെറ്റ്കിനാണ് വനിതാ ദിനം അന്താരാഷ്ട്ര തലത്തിൽ ആചരിക്കുക എന്ന ആശയം മുന്നോട്ട് വെച്ചത്. ജർമ്മനിയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവും സ്ത്രീപക്ഷ പോരാളിയുമായിരുന്നു ക്ലാര സെറ്റ്കിൻ.

clara zetkinക്ലാര സെറ്റ്കിന്‍

17 രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ ഇത് ഏകകണ്ഠമായി അംഗീകരിച്ചു. തുടർന്ന് 1911 മാർച്ച് 19-ന് ഓസ്ട്രിയ, ഡെന്മാർക്ക്, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കപ്പെട്ടു.


1912-ൽ മസാച്യുസെറ്റ്‌സിലെ ലോറൻസിൽ നടന്ന തുണിമിൽ തൊഴിലാളികളുടെ സമരത്തിലൂടെ 'ബ്ര‍ഡ് ആൻഡ്ന്‍ റോസസ്' മുദ്രാവാക്യം കൂടുതല്‍ ലോകശ്രദ്ധ നേടി. സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.


മാർച്ച് 8


ഒന്നാം ലോകമഹായുദ്ധ കാലത്ത് റഷ്യൻ സ്ത്രീകൾ "ഭക്ഷണത്തിനും സമാധാനത്തിനും" (ബ്രഡ് ആൻ പീസ്) എന്ന മുദ്രാവാക്യത്തോടെ സമരത്തിലിറങ്ങി. ഭക്ഷണക്ഷാമത്തെയും യുദ്ധത്തെയും എതിർത്തായിരുന്നു ഈ പ്രതിഷേധം.


അന്ന് റഷ്യയിൽ നിലവിലുണ്ടായിരുന്ന ജൂലിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 23 ആയിരുന്നു ആ ദിവസം. എന്നാൽ അന്താരാഷ്ട്ര തലത്തിൽ പ്രചാരത്തിലുള്ള ഗ്രിഗോറിയൻ കലണ്ടർ പ്രകാരം അത് മാർച്ച് 8 ആയിരുന്നു. പിന്നീട് ഐക്യരാഷ്ട്രസഭ 1975-ലാണ് മാർച്ച് 8 ഔദ്യോഗികമായി അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.


1975-ൽ ഐക്യരാഷ്ട്രസഭ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടർന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ ദിനം സ്വീകരിച്ചു.


സ്ത്രീകൾ ഇന്ന് വിദ്യാഭ്യാസം, ശാസ്ത്രം, രാഷ്ട്രീയം, കായികം തുടങ്ങി സർവമേഖലകളിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും സമത്വത്തിനായുള്ള പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ല. തൊഴിലിടങ്ങളിലെ വിവേചനം, ലിംഗാധിഷ്ഠിത പീഡനങ്ങൾ, വീടുകളിലെ അസമത്വം ഇവയെല്ലാം ഇന്നും പല സമൂഹങ്ങളിലും നിലനിൽക്കുന്ന യാഥാർഥ്യങ്ങളാണ്.


നേടാനായി നൽകാം


ഓരോ വർഷവും ഓരോ പ്രത്യേക സന്ദേശവുമായാണ് വനിതാ ദിനം കടന്നുവരുന്നത്. "നേടാനായി നൽകാം" എന്നതാണ് 2026-ലെ ഔദ്യോഗിക പ്രമേയം. ഉദാരമായ മനസ്സോടെ പരസ്പരം സഹകരിക്കാനും, സ്ത്രീശാക്തീകരണത്തിനായി വിഭവങ്ങളും അറിവും പങ്കുവെക്കാനും ഈ സന്ദേശം ആഹ്വാനം ചെയ്യുന്നു.


സാമൂഹികം, സാമ്പത്തികം, സാംസ്കാരികം, രാഷ്ട്രീയം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളെ അംഗീകരിക്കാനാണ് ഈ ദിവസം വിനിയോഗിക്കുന്നത്. ലിംഗവിവേചനമില്ലാത്ത, തുല്യനീതി ഉറപ്പാക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാനുള്ള ആഗോള ഓർമ്മപ്പെടുത്തലാണ് വനിതാദിനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home