ad
Deshabhimani

ഇന്ന് അന്താരാഷ്ട്ര വനിതാ ജഡ്ജിമാരുടെ ദിനം

നീതിപീഠത്തിലെ വനിതാ സാന്നിധ്യം: നിയമവഴിയിലെ മലയാളിക്കരുത്ത്

justice

പ്രതീകാത്മക ചിത്രം

avatar
പി എസ് മഞ്ജരി

Published on Mar 10, 2026, 04:30 PM | 3 min read

നീതിന്യായ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരുപാട് വനിതകളെ കേരളം രാജ്യത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക പദവികൾക്കപ്പുറം സമൂ‍ഹത്തിന്റെ കാഴ്ചപ്പാടുകളെ തിരുത്തിക്കുറിച്ചവരാണ് അതിൽ പലരും. പുരുഷകേന്ദ്രീകൃതമായിരുന്ന ഇടനാഴികളിൽ പുതുചരിത്രം രചിച്ചാണ് അവർ നീതിപീഠത്തിന്റെ പടവുകൾ കയറിയത്. ഒരോ കാലഘട്ടത്തിലും നിലനിന്നിരുന്ന ലിംഗപരമായ അസമത്വങ്ങളെ തിരുത്തിയെഴുതിക്കൊണ്ട് മുന്നോട്ട് പോകുവാൻ ഈ വനിതകൾക്ക് സാധിച്ചു.


സ്ത്രീകൾ നിയമം പഠിക്കുന്നതും കോടതി കയറുന്നതും സ്വപ്നം മാത്രമായിരുന്ന കാലത്തു നിന്ന്, നീതിനിർവഹണത്തിന്റെ നിർണായക സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ സാന്നിധ്യം ഉറപ്പാക്കി കഴിഞ്ഞു. വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളും ലിംഗതുല്യതയെ കുറിച്ചുള്ള വിശാലമായ വീക്ഷണങ്ങളും നിയമവഴികളിൽ ഉൾച്ചേരുമ്പോഴാണ് യഥാർത്ഥ നീതി സാക്ഷാത്കരിക്കപ്പെടുന്നത്.


ഇന്ന് മാർച്ച് 10ന് അന്താരാഷ്ട്ര വനിതാ ജഡ്ജിമാരുടെ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുകയാണ്. ഈ ദിനത്തിൽ കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. ഇന്ത്യൻ നീതിനിർവഹണ രംഗത്ത് ലിംഗതുല്യതയുടെ വാതിലുകൾ തുറന്നത് മലയാളികളായ വനിതകളാണെന്നത് ചരിത്രപരമായ വസ്തുതയാണ്. അന്താരാഷ്ട്ര വനിതാ ജഡ്ജിമാരുടെ ദിനം ആചരിക്കുമ്പോൾ കേരളം നീതിന്യായ ചരിത്രത്തിലേക്ക് എഴുതിച്ചേർത്ത അഭിമാനകരമായ ചില നാഴികക്കല്ലുകളുണ്ട്. ആദ്യത്തെ വനിതാ ജഡ്ജിയായ ജസ്റ്റിസ് അന്നാ ചാണ്ടി വെട്ടിത്തെളിച്ച വഴിയിലൂടെ കാഴ്ചപരിമിതിയെ പോലും അതിജീവിച്ച് നീതിനിർവഹണ രംഗത്തേക്കെത്തിയ തന്യാനാഥൻ വരെ നീളുന്ന ആ ചരിത്രയാത്ര കേരളത്തിലെ സ്ത്രീമുന്നേറ്റത്തിന്റെ ഉജ്വലമായ അടയാളപ്പെടുത്തലാണ്. മലയാളികളായ ചില വനിതാ ജഡ്ജിമാരെക്കുറിച്ച്.


നീതിപഥത്തിൽ വഴിവിളക്കായ ജസ്റ്റിസ് അന്ന ചാണ്ടി


anna chandyജസ്റ്റിസ് അന്ന ചാണ്ടി


പുരുഷന്മാർ മാത്രമുണ്ടായിരുന്ന കോടതിമുറികളിലേക്ക് 1937ൽ ആദ്യമായൊരു വനിതാ ജുഡീഷ്യൽ ഓഫീസറെത്തിയത് അക്കാലത്ത് വലിയ അത്ഭുതമായിരുന്നു. ചിലർ അടക്കിച്ചിരിച്ചു, പരിഹസിച്ചു. കോടതിമുറിയിൽ പോലും അവർ അപഹാസ്യയായി. എന്തിനേയും നിശ്ചയദാർഢ്യത്തോടെ അവർ നേരിട്ടു. ജസ്റ്റിസ് അന്ന ചാണ്ടി എന്ന ആ പേര് പിന്നീട് ചരിത്രമായി. സംസ്ഥാനത്തെ നിയമബിരുദധാരിയായ ആദ്യ വനിതയാണ് അന്ന ചാണ്ടി. 1959ൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജിയായി. പെൺകുട്ടികൾ വീട്ടിലൊതുങ്ങേണ്ടവരാണെന്ന ചിന്താഗതിയുണ്ടായിരുന്ന കാലത്ത് അവർ നിയമ ബിരുദം നേടി. സ്ത്രീകൾക്ക് ഒട്ടും പ്രവേശമില്ലാതിരുന്ന ഒരു തൊഴിലിടത്തിലേക്ക് സധൈര്യം കയറിച്ചെല്ലാൻ അവർ ആത്മവിശ്വാസം കാണിച്ചു. ജസ്റ്റിസ് അന്ന ചാണ്ടി വെട്ടിത്തെളിച്ച ആ പാതയാണ് പിന്നീട് വന്ന ഓരോ സ്ത്രീകൾക്കും നിയമവഴികളിൽ വെളിച്ചമായത്.


കാലത്തിനു മുന്നേ നടന്ന നീതിവിപ്ലവം: ജസ്റ്റിസ് ഫാത്തിമ ബീവി


fathima beevi.ജസ്റ്റിസ് ഫാത്തിമ ബീവി


തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന പത്തനംതിട്ടയിൽ ഒരു സാധാരണ മുസ്ലീം കുടുംബത്തിൽ ജനിച്ച് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെത്തിയ ആദ്യ വനിതയാണ് ജസ്റ്റിസ് ഫാത്തിമ ബീവി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 40 വർഷങ്ങൾക്കു ശേഷം 1989ലാണ് ഫാത്തിമ ബീവി സുപ്രീംകോടതി ജഡ്ജിയാവുന്നത്. ഇന്ത്യയുടെ ഉന്നത നീതിപീഠത്തിൽ ഉയർന്ന സ്ഥാനത്തിരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത എന്ന ബഹുമതിക്കും ഫാത്തിമ ബീവി അർ​ഹയാണ്. ഫാത്തിമ ബീവിയുടെ ജീവിതം ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് സ്വപ്നത്തിലേക്കെത്താനുള്ള ധൈര്യം നൽകി.


അവൾക്കൊപ്പം നിന്ന നീതി


justice hema.ജസ്റ്റിസ് കെ ഹേമ


​കേരളത്തിലെ തൊഴിലിടങ്ങളിൽ‌ലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ജസ്റ്റിസ് കെ ഹേമ എന്ന പേര് വിപ്ലവത്തിന്റെ അടയാളമാണ്. പുരുഷാധിപത്യം ഉറച്ചുപോയ ഒരു വ്യവസായ മേഖലയിലെ അടിത്തട്ടിലെ വസ്തുതകളെയാണ് ജസ്റ്റിസ് ഹേമ പുറത്തുകൊണ്ടുവന്നത്. മലയാള സിനിമാ ചരിത്രത്തെ തന്നെ മാറ്റിമറിച്ച 2017ലെ നടിയെ ആക്രമിച്ച കേസായിരുന്നു ഇതിന്റെ തുടക്കം. സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ നിശബ്ദതരാവാതെ, നീതി തേടി ഒരു കൂട്ടം സ്ത്രീകൾ മുന്നോട്ടുവന്നു. താരസംഘടനയായ 'അമ്മ' പുലർത്തിയ നിസംഗതയോടും വിപരീത നിലപാടുകളോടും വിയോജിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) രൂപീകരിക്കപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങൾക്കായി ഒരു വ്യവസായ മേഖലക്കകത്ത് രൂപംകൊണ്ട ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഘടനയായി ഡബ്ല്യുസിസി. സിനിമയിലെ ലിംഗവിവേചനവും ചൂഷണങ്ങളും പഠിക്കാൻ ഒരു കമ്മിഷനെ നിയമിക്കണമെന്ന ഡബ്ല്യുസിസിയുടെ ശക്തമായ ആവശ്യത്തെത്തുടർന്നാണ് സർക്കാർ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്.


തന്യ നാഥൻ; പരിമിതികളെ അതിജീവിച്ച നിശ്ചയദാർഢ്യം


THANYA NATHANആദ്യത്തെ കാഴ്ച പരിമിതിയുള്ള സിവിൽ ജഡ്ജി തന്യ നാഥൻ

കേരളത്തിന്റെ നീതിന്യായ ചരിത്രത്തിൽ അഭിമാനകരമായ പുതിയ അധ്യായം എഴുതിച്ചേർത്ത പേരാണ് തന്യ നാഥൻ. കാഴ്ച പരിമിതിയെ തന്റെ കഠിനാധ്വാനം കൊണ്ട് തോൽപ്പിച്ച തന്യ സംസ്ഥാനത്തെ ആദ്യത്തെ കാഴ്ച പരിമിതിയുള്ള സിവിൽ ജഡ്ജായി (ജൂനിയർ ഡിവിഷൻ) ചുമതലയേറ്റു. ശാരീരികമായ പരിമിതികളല്ല മനസ്സിന്റെ കരുത്താണ് വിജയത്തിന് പിന്നിലെന്ന് തന്യ തെളിയിച്ചു. ജുഡീഷ്യൽ ജഡ്ജ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തന്യ പരിമിതികൾ സ്വപന സാക്ഷാത്കാരത്തിന് തടസ്സമാകില്ലെന്ന പ്രചോദനമാണ് നൽകുന്നത്.


കാലഘട്ടങ്ങൾ കടന്നുവന്ന മാറ്റത്തിന്റെ പുതിയ തിരശീല


justiceപ്രതീകാത്മക ചിത്രം

കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി അലങ്കരിച്ച ആദ്യ മലയാളി വനിതയാണ് ജസ്റ്റിസ് കെ കെ ഉഷ. നിയമരംഗത്തെ ലിംഗവിവേചനങ്ങൾക്കെതിരെ ശക്തമായി നിലകൊണ്ട വ്യക്തികൂടിയാണ്. ജസ്റ്റിസ് അന്ന ചാണ്ടിക്ക് ശേഷം ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് പി ജാനകി അമ്മയും നീതിവഴിയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു.


​കേരള ഹൈക്കോടതിയിൽ ചരിത്രത്തിലാദ്യമായി 7 വനിതാ ജഡ്ജിമാര്‍ ചുമതലവഹിച്ചു എന്നത് വലിയൊരു മുന്നേറ്റമാണ്. നീതി നടപ്പിലാക്കുന്നിടത്ത് സ്ത്രീയുടെ കാഴ്ചപ്പാടുകൾ കൂടി ഉൾപ്പെടുമ്പോഴാണ് ജനാധിപത്യം പൂർണ്ണമാകുന്നത്. അന്ന ചാണ്ടിയിൽ നിന്ന് തന്യ നാഥനിലേക്കെത്തുമ്പോൾ കേരളം ലോകത്തിന് കാണിച്ചു കൊടുക്കുന്നത് നീതിപീഠത്തിലെ ഈ പെൺകരുത്തിനെയാണ്.


സ്ത്രീ പ്രാതിനിധ്യത്തിന്റെ അനിവാര്യത


Thumbപ്രതീകാത്മക ചിത്രം


നീതിന്യായ രം​ഗത്ത് സ്ത്രീ സാന്നിധ്യം ഉറപ്പാക്കേണ്ടത് ജനാധിപത്യവ്യവസ്ഥയുടെ സമ​ഗ്രമായ വികസനത്തിന് അത്യാവശ്യമാണ്. നിയമവ്യവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനും മാറ്റത്തിന്റെ വക്താക്കളായി നിലകൊള്ളാനും നീതിനിർവഹണത്തിൽ വിശ്വാസ്യത ഉറപ്പാക്കാനും വനിതാ ജഡ്ജിമാർ വരേണ്ടതുണ്ട്. നീതിന്യായ വ്യവസ്ഥയിലെ നയരൂപീകരണം തുല്യനീതിയിലധിഷ്ഠിതമായെങ്കിലെ നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരെന്ന ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ സംവിധാനം വൈവിധ്യപൂർണമാവുകയുള്ളു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home