ad
Deshabhimani

print edition അഗ്നിചിറകിലേറി പെണ്‍പട

firewoman
avatar
ഡോ. കീർത്തി പ്രഭ

Published on May 31, 2026, 12:01 AM | 4 min read

പുതുച്ചേരി അഗ്നിരക്ഷാസേനയുടെ ചരിത്രത്തിൽ 2026 മെയ് സുവർണ അധ്യായമായി കുറിക്കപ്പെടും. ലിംഗഭേദത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച്, വനിതാ ഫയർ ഫൈറ്റർമാരുടെ ആദ്യ ബാച്ച് ഔദ്യോഗിക പാസിങ്‌ ഔട്ട് പരേഡ് പൂർത്തിയാക്കി. ഈ ചരിത്രനേട്ടത്തിൽ കേരളത്തിനും അഭിമാനിക്കാൻ ഏറെയുണ്ട്. ഈ ബാച്ചിലെ 16 വനിതകൾക്കും പരിശീലനം നൽകിയത് തൃശൂർ വിയ്യൂരിലെ 'കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമി' ആണ്.​


അക്കാദമിയിലെ അത്യാധുനിക സൗകര്യങ്ങളും വനിതാ ഇൻസ്ട്രക്ടർമാരുടെ പിന്തുണയും അവർക്ക് ദിശാബോധം നൽകി. ആറുമാസത്തോളം നീണ്ടുനിന്ന കഠിനമായ പരിശീലനം. കേവലം തീപിടിത്തങ്ങൾ നിയന്ത്രിക്കുന്നതിലെ അടിസ്ഥാന പാഠങ്ങൾക്കപ്പുറം, അതീവ വെല്ലുവിളികൾ നിറഞ്ഞ ദൗത്യങ്ങളിലാണ് ഇവർ വിദഗ്‌ധ ശിക്ഷണം നേടിയത്. മലനിരകളിലെ ക്ലേശകരമായ രക്ഷാപ്രവർത്തനം, ആഴക്കടലിലെയും കിണറ്റിലെയും തിരച്ചിലുകൾ, കെമിക്കൽ ദുരന്തങ്ങൾ നേരിടാൻ സഹായിക്കുന്ന ബ്രീത്തിങ്‌ അപ്പാരറ്റസ് ഉപയോഗം, അടിയന്തര സാഹചര്യങ്ങളിലെ ലൈഫ് സപ്പോർട്ട് സിസ്റ്റംസ് എന്നിവയിലെല്ലാം 16 പേരും പ്രാവീണ്യം തെളിയിച്ചുകഴിഞ്ഞു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർക്കുപോലും അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകാനുള്ള കേരളത്തിന്റെ മികവ് ഒരിക്കൽക്കൂടി ലോകത്തിനുമുന്നിൽ ഊട്ടിയുറപ്പിക്കപ്പെട്ടു. വിയ്യൂർ അക്കാദമിയിൽവച്ച് ഇവരുടെ ഔദ്യോഗിക ചടങ്ങുകൾ നടക്കുമ്പോൾ അത് കേവലം ഒരു ബാച്ചിന്റെ പാസിങ്‌ ഔട്ട് പരേഡ് മാത്രമായിരുന്നില്ല, മറിച്ച് സ്ത്രീശാക്തീകരണത്തിന്റെ വലിയൊരു വിളംബരംകൂടിയാണ്. തീയണയ്ക്കാൻ മാത്രമല്ല, സമൂഹത്തിന്റെ പരമ്പരാഗതമായ മുൻവിധികളെ കെടുത്താനും ഈ പെൺപട സജ്ജരായിക്കഴിഞ്ഞു.


ചരിത്രം ​


അഗ്നിരക്ഷാസേനയിലെ സ്ത്രീകളുടെ ചരിത്രം തുടങ്ങുന്നത് 19–ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്. അമേരിക്കയിൽ 1815-ൽ 'ഓഷ്യാനസ് എൻജിൻ കമ്പനി നമ്പർ 11'-ൽ വളന്റിയറായി ചേർന്ന മോളി വില്യംസാണ് ലോകത്തിലെ അറിയപ്പെടുന്ന ആദ്യത്തെ വനിതാ ഫയർ ഫൈറ്റർ. 1818-ലെ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ അവർ നടത്തിയ ധീരമായ പ്രവർത്തനങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് 20–ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ ഈ മേഖലയിൽ സജീവമാകുന്നത്. 1976-ൽ മേരി ജോയ് ലാങ്‌ഡൺ ബ്രിട്ടനിലെ ആദ്യത്തെ വനിതാ കരിയർ ഫയർ ഫൈറ്ററായി നിയമിക്കപ്പെട്ടു. സമാനമായ രീതിയിൽ 1981-ൽ ആനി ബാറി ന്യൂസിലൻഡിലെ ആദ്യ വനിതാ ഫയർ ഫൈറ്ററായി ചരിത്രം കുറിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുകെ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ അഗ്നിരക്ഷാസേനയുടെ മുൻനിരയിലേക്കും ഭരണപരമായ ചുമതലകളിലേക്കും സ്ത്രീകൾ ധാരാളമായി കടന്നുവന്നു. വിവേചനവിരുദ്ധ നിയമങ്ങളും ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധവും ഈ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വഴിയൊരുക്കി.​


ഇന്ത്യൻ അഗ്നിരക്ഷാസേനയുടെ ചരിത്രപഥങ്ങളിൽ ആത്മവിശ്വാസത്തിന്റെ കനൽവഴികൾ വെട്ടിത്തുറന്ന രണ്ട് സ്ത്രീരത്നങ്ങളാണ് ഹർഷിനി കൻഹേക്കറും മീനാക്ഷി വിജയകുമാറും. സ്ത്രീസഹജമായ പരിമിതികളെക്കുറിച്ചുള്ള പഴഞ്ചൻധാരണകളെ കാറ്റിൽപ്പറത്തി അഗ്നിരക്ഷാസേനയിലേക്ക് വനിതകളെത്തുന്ന ഈ കാലഘട്ടത്തിൽ, ഇവർ രണ്ടുപേരുമാണ് മാറ്റത്തിന് വഴിവെളിച്ചമായത്. 2002-ൽ നാഗ്പൂരിലെ നാഷണൽ ഫയർ സർവീസ് കോളേജിൽനിന്ന് ബിരുദം നേടിയ ഹർഷിനി, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫയർ ഫൈറ്റർ എന്ന ബഹുമതി സ്വന്തമാക്കി. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ആദ്യ വനിതാ ഓഫീസറായ മീനാക്ഷി വിജയകുമാർ നാനൂറിലധികം രക്ഷാപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്ത് അഗ്നിരക്ഷാസേനയിലെ സ്ത്രീകളുടെ നേതൃപാടവം തെളിയിച്ചു. ​മുംബൈ ഫയർ ബ്രിഗേഡ് 2012-ൽതന്നെ വനിതകളെ സേനയിൽ ഉൾപ്പെടുത്തി മാതൃകയായി.


കേരളത്തിലെ ആദ്യ വനിതാ ബാച്ച്​


കേരള അഗ്നിരക്ഷാസേനയുടെ ചരിത്രത്തിൽ 2024 മാർച്ച് 8-ലെ വനിതാദിനം വലിയ മാറ്റത്തിന് സാക്ഷ്യംവഹിച്ചു. 2020-ലെ വിജ്ഞാപനത്തിലൂടെ കോവിഡിന്റെ പ്രതിസന്ധികളെപ്പോലും അതിജീവിച്ച് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി വനിതാ ഫയർ ഫൈറ്റർമാർ ഔദ്യോഗികമായി സേനയുടെ ഭാഗമായി. തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പൊലീസ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ പാസിങ്‌ ഔട്ട് പരേഡിലൂടെ ചുമതലയേറ്റ ഈ സംഘം, രാജ്യത്തെതന്നെ ഏറ്റവും വലിയ വനിതാ ഫയർ ഫൈറ്റർ ബാച്ചുകളിൽ ഒന്നായി മാറി. ഫയർഫോഴ്‌സിന്റെ കടുംചുവപ്പ് വണ്ടികൾ സൈറൺ മുഴക്കി പായുമ്പോൾ അതിലൊരു പെൺമുഖം കാണുകയെന്നത് കുറച്ചുകാലംമുന്പുവരെ കേരളീയർക്ക് ഒരു അത്ഭുതമായിരുന്നു. 12–ാം ക്ലാസ് നിലവാരത്തിലുള്ള പിഎസ്‌സി പ്രിലിമിനറി, മെയിൻ പരീക്ഷകൾ പാസായശേഷമാണ് ഈ പെൺകുട്ടികൾ കഠിനമായ ശാരീരികക്ഷമതാ പരീക്ഷയും നീന്തൽ പരീക്ഷയും പൂർത്തിയാക്കിയത്. യഥാർഥത്തിൽ ഒരേ സമയം നടന്ന പൊലീസ് പരീക്ഷയോടായിരുന്നു പലർക്കും താൽപ്പര്യം. എന്നാൽ, അവസാന ആഴ്ചകളിൽമാത്രം പ്രത്യേക ടോപ്പിക്കുകൾ പഠിച്ചെഴുതിയ ഫയർഫോഴ്‌സ് പരീക്ഷ ഇവരുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറി.​


കേരള ചരിത്രത്തിൽ ആദ്യമായി സംസ്ഥാനമൊട്ടാകെ വനിതകൾക്കായി നൂറോളം ഒഴിവുകളാണ് പുതിയതായി സൃഷ്ടിക്കപ്പെട്ടിരുന്നത്. തൃശൂർ വിയ്യൂരിലുള്ള ഫയർ സർവീസ് അക്കാദമിയിൽ 86 പേരുമായാണ് ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിച്ചത്. പിന്നീട് തുടർന്നുള്ള പരീക്ഷകളിലൂടെ ബാക്കി തസ്തികകളും നികത്തപ്പെട്ടു. അക്കാദമിയിൽ മാസങ്ങൾ നീണ്ട കഠിനമായ കായിക–-സാങ്കേതിക പരിശീലനങ്ങളാണ് ഇവർ വിജയകരമായി പൂർത്തിയാക്കിയത്. ആദ്യത്തെ ആറുമാസം അക്കാദമിയിലെ കഠിനമായ അടിസ്ഥാന ഡ്രില്ലുകളും അടുത്ത ആറുമാസം വിവിധ സ്റ്റേഷനുകളിലെ പ്രായോഗിക പരിശീലനവുമായിരുന്നു.​


വെറും തീകെടുത്തൽ മാത്രമല്ല ഫയർഫോഴ്‌സിന്റെ പണിയെന്ന് ഈ പരിശീലന കാലയളവിലാണ് ഇവർ മനസ്സിലാക്കുന്നത്. മൗണ്ടനീയറിങ്, സ്കൂബ ഡൈവിങ്, കടലിലും കിണറ്റിലും ഉള്ള രക്ഷാപ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ട്രെയിനിങ് നേടി. പെൺകുട്ടികൾക്ക് ഈ ജോലി ബുദ്ധിമുട്ടല്ലേയെന്ന് ചോദിക്കുന്ന സമൂഹത്തിന്റെ മുൻവിധികൾക്ക് കൃത്യമായ മറുപടി അവരുടെ പക്കലുണ്ട്. "പുറത്തുനിന്ന് നോക്കുന്നവർക്ക് ഇതൊരു കഠിനമായ ജോലിയായി തോന്നാം. എന്നാൽ, കൃത്യമായ പരിശീലനം ലഭിക്കുന്നതോടെ ഏതൊരു പെൺകുട്ടിക്കുമിത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. ഇന്ന് ഞങ്ങൾ ഈ ജോലിയിൽ പൂർണസംതൃപ്തരാണ്. ഫയർഫോഴ്‌സിലേക്ക് സ്ത്രീകൾ വരുന്നുവെന്ന് കേട്ടപ്പോൾ തുടക്കത്തിൽ വലിയ കൗതുകമായിരുന്നു, എന്നാൽ, ഇന്ന് ആ യൂണിഫോമിനുള്ളിൽ നിൽക്കുമ്പോൾ വലിയ അഭിമാനമാണ് തോന്നുന്നത്,"കേരളത്തിലെ ആദ്യത്തെ വനിതാ ഫയർ റെസ്‌ക്യൂ ബാച്ചിലെ ഒരംഗത്തിന്റെ വാക്കുകളാണിത്.​


തുടക്കത്തിൽ 'ഫയർ വുമൺ' എന്ന് വിളിക്കപ്പെട്ടിരുന്ന ഈ പദവി, ലിംഗഭേദമില്ലാതെ ഇന്ന് 'ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ' എന്ന് മാറ്റിയിട്ടുണ്ട്. സ്ത്രീ-–പുരുഷ ഭേദമന്യേ എല്ലാവരും ഒരേ കടമ തന്നെയാണ് ഇവിടെ നിർവഹിക്കുന്നത്. ആദ്യ ബാച്ച് എന്നനിലയിൽ മാധ്യമങ്ങളിലും സമൂഹത്തിലും വലിയ സ്വീകാര്യത ലഭിക്കുമ്പോഴും വരുംതലമുറയിലെ കൂടുതൽ പെൺകുട്ടികൾക്ക് ഈ ധീരമായ മേഖലയിലേക്ക് കടന്നുവരാൻ തങ്ങളുടെ ജീവിതം ഒരു വലിയ പ്രചോദനമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് വനിതാ അഗ്നിരക്ഷാസേനാംഗങ്ങൾ.


വെല്ലുവിളികളും ഭാവിയും​


നിലവിൽ സേനയിലെ സ്ത്രീകളുടെ എണ്ണം ആകെ എണ്ണത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണെങ്കിലും അത് അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്നു. കായികക്ഷമതയും ധൈര്യവും ആത്മവിശ്വാസവും ലിംഗഭേദത്തിന് അതീതമാണെന്ന് ഓരോ ദൗത്യത്തിലൂടെയും ഇവർ തെളിയിക്കുന്നു. വരുംവർഷങ്ങളിൽ കൂടുതൽ പെൺകരുത്തുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നത് അഗ്നിരക്ഷാസേനയുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നതിൽ തർക്കമില്ല.​ കെട്ടിടങ്ങൾ തകരുക, വലിയ തീപിടിത്തങ്ങൾ ഉണ്ടാകുക തുടങ്ങിയ അതീവ അപകടകരമായ സാഹചര്യങ്ങളിൽ ഇന്ത്യൻ വനിതാ അഗ്നിരക്ഷാസേനാംഗങ്ങൾ തങ്ങളുടെ മികവ് തെളിയിച്ചുകഴിഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ രക്ഷാദൗത്യങ്ങളിൽ പുരുഷന്മാർക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന ഇവർ സേനയുടെ അഭിമാനമായി മാറുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home