ദേവസ്വം പ്ലീഡർ നിയമനം: മന്ത്രി അറിയാതെ ഒന്നും നടക്കില്ല; മുരളീധരനും രാജിവെക്കണം

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ പ്രതിയുടെ അഭിഭാഷകൻ ഇനി ദേവസ്വം വകുപ്പിന്റെ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചത് താൻ അറിയാതെയെന്ന ദേവസ്വം മന്ത്രി കെ മുരളീധരന്റെ വാദം പച്ചക്കള്ളം. നിയമനം നടത്തിയത് താനല്ല, മുഖ്യമന്ത്രിയാണെന്നും അതിനുള്ള പൂർണ സ്വാതന്ത്ര്യം അദ്ദേഹത്തിന് നൽകിയിരുന്നുവെന്നുമാണ് മുരളീധരൻ പറഞ്ഞത്. എന്നാൽ വകുപ്പ് മന്ത്രി അറിയാതെ ഒരു ഫയലിലും തീരുമാനമെടുക്കാൻ ആകില്ല എന്നതാണ് നിയമം.
സെക്രട്ടറിയറ്റിലെ ബിസിനസ് റൂൾ പ്രകാരം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ട വിഷയം സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിക്ക് നൽകേണ്ടത് വകുപ്പ് മന്ത്രിയാണ്. തുടർന്ന് 'മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കുക' എന്ന മുഖ്യമന്ത്രിയുടെ ഉത്തരവുമായി തിരികെ വരുന്ന ഫയലും വകുപ്പു മന്ത്രി വഴിയാണ് വകുപ്പു സെക്രട്ടറിയുടെ ഓഫീസിലെത്തുക.
തുടർന്ന് ഡെപ്യൂട്ടി സെക്രട്ടറിയോ അതിനു മുകളിലോ ഉള്ള ഒരുദ്യോഗസ്ഥനാണ് കാബിനറ്റ് നോട്ട് തയ്യാറാക്കുക. അത് വീണ്ടും ചീഫ് സെക്രട്ടറിയ്ക്കു സമർപ്പിക്കും. കരട് കാബിനറ്റ് നോട്ടിൽ ചീഫ് സെക്രട്ടറി തിരുത്തലുകൾ നിർദ്ദേശിച്ചാൽ അത് വീണ്ടും വകുപ്പിൽ തിരികെ എത്തും. തിരുത്തലുകൾ വരുത്തിയ കുറിപ്പ് വീണ്ടും ഒരിക്കൽ കൂടി ചീഫ് സെക്രട്ടറി വഴി വകുപ്പ് മന്ത്രിയുടെ ഓഫീസിലെത്തും. അംഗീകരിക്കപ്പെട്ട കാബിനറ്റ് നോട്ട് ഇംഗ്ലീഷിലുള്ള അഞ്ച് പകർപ്പുകളും മലയാളത്തിലുള്ള 35 പകർപ്പുകളുമായി വീണ്ടും ചീഫ് സെക്രട്ടറി വഴി വകുപ്പുമന്ത്രി വഴി മുഖ്യമന്ത്രിയ്ക്കെത്തും.
മന്ത്രിസഭാ യോഗത്തിൻ്റെ തലേന്നോ അതിനു മുൻപോ കാബിനറ്റ് നോട്ടും അജണ്ടയുടെ നോട്ടും സഹിതം ബന്ധപ്പെട്ട രേഖകൾ സീൽഡ് കവറിൽ അതീവ രഹസ്യമായി മന്ത്രസഭയിലെ എല്ലാ വകുപ്പു മന്ത്രിമാരുടെയും ഓഫീസിലെത്തും. മന്ത്രിസഭ ആ വിഷയത്തിൽ തീരുമാനമെടുത്താൽ തീരുമാനത്തിൻ്റെ പകർപ്പ് ഇനവും തീയതിയും സഹിതം ചീഫ് സെക്രട്ടറി ഒപ്പിട്ട് വകുപ്പു മന്ത്രിയ്ക്ക് തിരികെ നൽകും. തുടർന്ന് 48 മണിക്കൂറിനകം അതിൽ വകുപ്പു സെക്രട്ടറി സ്വന്തം പേരു വെച്ച് ഉത്തരവിറക്കി ചീഫ് സെക്രട്ടറിയ്ക്കു പകർപ്പു നൽകണം. പക്ഷേ, അപ്രകാരം ഉത്തരവിറക്കുന്നതിന് മുൻപ് ഫയൽ വീണ്ടും വകുപ്പുമന്ത്രിയ്ക്ക് സമർപ്പിക്കും. ഇതാണ് നിയമം.
വകുപ്പു മന്ത്രി അറിയാതെ ഒരു മന്ത്രിസഭാ തീരുമാനവും ഉണ്ടാകാൻ പാടില്ല. അത്യന്തം അടിയന്തിര സാഹചര്യങ്ങളിൽ മാത്രം മന്ത്രിസഭയുടെ മുൻപിൽ അജണ്ടയിൽ ഉൾപ്പെടുത്താത്ത വിഷയം പരിഗണിച്ച് തീരുമാനമെടുക്കാം. എന്നാൽ, വകുപ്പുമന്ത്രിയുമായി ചർച്ച ചെയ്യാതെ അങ്ങനെ ചെയ്യാറില്ല.
അപ്പോൾ, ദേവസ്വം പ്ലീഡറെ നിയമിച്ച കാര്യം മന്ത്രിസഭ പരിഗണിച്ചത് തൻ്റെ അനുമതി കൂടാതെയാണെന്ന് അടക്കമുള്ള വകുപ്പുമന്ത്രിയുടെ ന്യായീകരണം യുഡിഎഫ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്ത രാഹിത്യത്തിലേയ്ക്കാണ് വിരൽ ചുണ്ടുന്നത്. പ്ലീഡറായി നിയമിതനായ അഭിഭാഷകൻ കെ ബി പ്രദീപ് അല്ല, കള്ളന് ചൂട്ടുപിടിച്ച്, ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ച മന്ത്രി കെ മുരളീധരനാണ് രാജിവെക്കേണ്ടത്.









0 comments