മലയാളിയുടെ റേഡിയോക്കാരി

മരണം മായ്ചുകളയുന്ന ചില നഷ്ടങ്ങളുണ്ട്. സി എസ് രാധാദേവി അത്തരമൊരു നഷ്ടവും പേറിയാണ് കഴിഞ്ഞ ദിവസം മരണത്തിലേക്ക് കടന്നുപോയത്. നഷ്ടം ഒരു പാട്ടായിരുന്നു, സിനിമയിൽ പാടാൻ കഴിയാതെ പോയൊരു പാട്ട്. നാടകത്തിൽ പാടി, സിനിമയിൽ പാടാൻ ചെന്നപ്പോൾ:-
“സിനിമയ്ക്കുവേണ്ടി എഴുതിയ പാട്ടല്ലായിരുന്നു അത്. "തൂവലും തൂമ്പയും’ എന്ന നാടകത്തിനുവേണ്ടി പി ഗംഗാധരൻ നായർ എഴുതിയ പാട്ട് പാടിയത് അദ്ദേഹവും ഞാനുമായിരുന്നു. നാടകമെഴുതിയത് വീരരാഘവൻ നായർ. അടൂർ ഭാസിയും ജഗതി എൻ കെ ആചാരിയുമൊക്കെ അഭിനയിച്ച നാടകത്തിൽ കർഷക ദമ്പതികൾ പാടുന്ന ആ പാട്ട് ഹിറ്റായിരുന്നു. പി സുബ്രഹ്മണ്യം സംവിധാനം ചെയ്ത "രണ്ടിടങ്ങഴി’ യിൽ ആ പാട്ടിന്റെ ഈണത്തിൽ തിരുനയിനാർ കുറിച്ചി മാധവൻ നായർ എഴുതിയ പാട്ട് ഉൾപ്പെടുത്താൻ തീരുമാനിച്ചു. കമുകറ പുരുഷോത്തമനും ഞാനും രണ്ടാഴ്ചയോളം റിഹേഴ്സൽ നടത്തി. പാടാൻ റെഡിയായി സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ മൈക്കിന് മുന്നിൽനിന്ന് മറ്റൊരാൾ പാടുന്നു. പാടുന്നത് കെപിഎസി സുലോചന. പാട്ട്, ‘തുമ്പപ്പൂ പെയ്യണ പൂനിലാവേ...’ എനിക്കൊന്നും മനസ്സിലായില്ല. എന്തു പറ്റി. ആരും ഉത്തരം തന്നില്ല. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ പാട്ട് അന്ന് പാടിയിരുന്നെങ്കിൽ എന്റെ ജീവിതം മാറി മറിഞ്ഞേനെ. ജീവിതം കൈയിലെത്തി കൈവിട്ടു പോയൊരു അനുഭവം. ഇപ്പോഴും ആ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും.’’
1987ൽ ഒരു ചലച്ചിത്ര മാസികയ്ക്കുവേണ്ടി നടത്തിയ അഭിമുഖത്തിലും അഞ്ച് വർഷംമുമ്പ് മലയാളം മിഷന്റെ റേഡിയോ മലയാളത്തിനുവേണ്ടി സംസാരിച്ചപ്പോഴും 1958ൽ കൈവിട്ടു പോയ ആ പാട്ടിനെ പ്രതിയുള്ള സങ്കടം സി എസ് രാധാദേവി പങ്കുവച്ചു.
‘എല്ലാരും ചൊല്ലണ്..’ എന്ന പാട്ടും അവരെ തേടിയെത്തിയതാണ്. മദ്രാസിൽ റെക്കോഡിങ്ങിന് പോകാൻ സൗകര്യമില്ലാത്തതുകൊണ്ടാണ് ആ പാട്ട് നഷ്ടപ്പെട്ടത്. സി എസ് രാധാദേവിയും കടന്നുപോയതോടെ ആകാശവാണിയുടെ പ്രൗഢകാലം ചരിത്രമായിരിക്കുന്നു. 1942ൽ പതിനൊന്നാം വയസ്സിൽ ട്രാവൻകൂർ റേഡിയോ നിലയത്തിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാനെത്തിയ രാധാദേവി ചലച്ചിത്ര, സീരിയൽ, നാടക അഭിനേത്രി, ഡബ്ബിങ് കലാകാരി, മികച്ച പ്രക്ഷേപക ഇങ്ങനെ വിവിധ നിലകളിൽ തിളങ്ങി. 95-ാം വയസ്സിലാണ് അന്തരിച്ചത്.
പാടിയാടി സിനിമയിൽ
തിരുവനന്തപുരം വഞ്ചിയൂർ മേടയിൽ വീട്ടിൽ ശിവശങ്കരപ്പിള്ളയുടെയും ചെല്ലമ്മയുടെയും മകൾ. കുട്ടിയായിരിക്കെ പാട്ടും നൃത്തവും പഠിച്ചു. തുടർന്ന് സംഗീത അക്കാദമിയിൽ ചേർന്നു. പതിമൂന്നാം വയസ്സിൽ ‘പരിവർത്തനം’ എന്ന നാടകത്തിൽ നൃത്തരംഗത്തെത്തി. ടി എൻ ഗോപിനാഥൻ നായർ എഴുതിയ ആ നാടകത്തിൽ എൻ കൃഷ്ണപിള്ള, പി കെ വിക്രമൻനായർ, ഇന്ദിരാ പൊതുവാൾ, പ്രൊഫസർ ആനന്ദക്കുട്ടൻ എന്നിവരൊക്കെയാണ് ഒപ്പം അഭിനയിച്ചത്. ആട്ടറ പരമേശ്വരൻ പിള്ളയുടെ ‘യാചകമോഹിനി’ എന്ന സിനിമയിൽ ടി കെ ബാലചന്ദ്രനൊപ്പം ‘മുരളി മുരളി നീ രാധാ മാനസഹാരി’ എന്ന പാട്ട് പാടി നൃത്തം ചെയ്ത് പതിമൂന്നു വയസ്സിൽ സിനിമാ രംഗത്തെത്തി. ബന്ധുകൂടിയായ നടൻ തിക്കുറിശ്ശി സുകുമാരൻ നായരാണ് വഴിയൊരുക്കിയത്. ‘യാചകമോഹിനി’ എന്ന സിനിമ പുറത്തുവന്നില്ല. ‘അംബികാപതി’ എന്ന ഒരു സിനിമയിലും ബാലനടിയായി. പുറത്തുവന്ന ആദ്യ സിനിമ 1950ൽ തിക്കുറിശ്ശി സുകുമാരൻ നായരുടെ രണ്ടാം നായികയായി അഭിനയിച്ച ‘സ്ത്രീ’ യായിരുന്നു. സുധ എന്ന നാടൻ പെൺകുട്ടിയുടെ റോളിൽ. സിനിമയിൽ അഭിനയിക്കാൻ പോകുന്നത് വീട്ടുകാർക്ക് അത്ര ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ അഭിനയം തുടരാൻ കഴിഞ്ഞില്ല.
ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തിരുനയിനാർ കുറിച്ചിയാണ് ആദ്യ അവസരം നൽകിയത്. 1950ൽ ‘നല്ല തങ്ക’യിൽ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫിനൊപ്പമാണ് ആദ്യത്തെ പാട്ട്.
‘ ആനന്ദമാണാകെ
ആമോദമാണാകെ
ശ്യാമളമാണെന്നും
കോമളമാണെന്നും...’
അഗസ്റ്റിൻ ജോസഫിനും പി ലീലയ്ക്കും ഒപ്പം ഒരേ മൈക്കിന് ചുറ്റുംനിന്ന് പാടാനായത് അഭിമാനം നൽകിയ കാര്യമായി രാധാദേവി മനസ്സിൽ സൂക്ഷിച്ചു. 1954ൽ ‘അവകാശി’ എന്ന സിനിമയിൽ കമുകറ പുരുഷോത്തമനുമൊത്ത് ‘പൂവിങ്കലെങ്ങുമനുരാഗം’ പാടി. ജയിൽപ്പുള്ളി, മറിയക്കുട്ടി, രണ്ടിടങ്ങഴി, അച്ഛനും മകനും, പാടാത്ത പൈങ്കിളി, അവകാശി, മന്ത്രവാദി, ഭക്തകുചേല തുടങ്ങി നിരവധി സിനിമകളിൽ രാധാദേവി പിന്നണിഗായികയായിരുന്നു. ബ്രദർ ലക്ഷ്മൺ സംഗീതം നിർവഹിച്ച് കമുകറയുമൊത്ത് പാടിയ യുഗ്മഗാനങ്ങൾ ആയിരുന്നു ഏറെയും. കമുകറ പുരുഷോത്തമനൊപ്പം ധാരാളം ഗാനമേളകളിൽ പാടിയിരുന്നു.
ആകാശവാണിയിലെ ലളിത സംഗീതം
റേഡിയോയായിരുന്നു രാധാദേവിയുടെ പ്രധാന തട്ടകം. കലാനിലയം കൃഷ്ണൻ നായരാണ് ആകാശവാണിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇന്നത്തെ എംഎൽഎ ക്വാർട്ടേഴ്സിരിക്കുന്ന സ്ഥലത്ത് ഒരു ചെറിയ മുറിയിലായിരുന്നു ട്രാവൻകൂർ റേഡിയോ നിലയം. സിനിമാ പാട്ടുകളുടെ ഈണത്തിൽ മലയാളം പാട്ടുകൾ എഴുതി അവതരിപ്പിക്കുന്ന രീതിയായിരുന്നു ആദ്യകാലത്ത്. അന്ന് നാടൻപാട്ടുകളും റേഡിയോയ്ക്കുവേണ്ടി പാടുമായിരുന്നു.
ട്രാവൻകൂർ നിലയം 1950ൽ ഓൾ ഇന്ത്യാ റേഡിയോ ആയി മാറിയപ്പോൾ ആദ്യ ലളിത സംഗീത പരിപാടി തൃശൂർ പി രാധാകൃഷ്ണൻ ഈണം നൽകി സി എസ് രാധാദേവി പാടിയ ‘അഞ്ജന ശ്രീധരാ’ എന്ന കീർത്തനമായിരുന്നു. കെ പത്മനാഭൻ നായർ, ടി എൻ ഗോപിനാഥൻ നായർ, വി മാധവൻ നായർ (മാലി), നാഗവള്ളി ആർ എസ് കുറുപ്പ്, ജഗതി എൻ കെ ആചാരി, പി കെ വീര രാഘവൻ നായർ, പി ഗംഗാധരൻ നായർ, ശ്യാമളാലയം കൃഷ്ണൻ നായർ, കെ ജി ദേവകിയമ്മ, ടി പി രാധാമണി തുടങ്ങിയവർക്കൊപ്പമുള്ള റേഡിയോ അനുഭവങ്ങൾ സി എസ് രാധാദേവിക്ക് ഏറ്റവും ധന്യ മുഹൂർത്തങ്ങളായിരുന്നു. അന്ന് നാടകം, കഥാപ്രസംഗം, നാടൻപാട്ട്, കഥകളിപ്പദം, രാമായണം തുടങ്ങി വിവിധ പരിപാടികൾ റെക്കോഡ് ചെയ്യാതെ ലൈവ് ആയി അവതരിപ്പിക്കുകയായിരുന്നു. 1991ൽ ആകാശവാണിയിൽനിന്ന് വിരമിച്ചു. പ്രക്ഷേപണ കലയിലെ സംഭാവനകൾ പരിഗണിച്ച് കേരള സംഗീത നാടക അക്കാദമി 2018ൽ ഫെലോഷിപ് നൽകി.
‘‘റേഡിയോ എന്നും എന്റെ ജീവനായിരുന്നു. ഉറങ്ങുന്നതും ഉണരുന്നതും റേഡിയോയോടൊപ്പമാണ്. വീട്ടിലുള്ള മറ്റുള്ളവർ ടെലിവിഷൻ കാണുമ്പോൾ ഞാൻ മുറിയടച്ചിരുന്ന് റേഡിയോ കേൾക്കും. റേഡിയോയുടെ ശബ്ദസാന്നിധ്യത്തിലാണ് എന്റെ സന്തോഷവും സങ്കടവും എല്ലാം. എന്റെ ജീവിതം റേഡിയോയുടെ ഇരമ്പലിൽ തുടങ്ങുന്നു, അവസാനിക്കുന്നു’’, ഒരു അഭിമുഖത്തിൽ രാധാദേവി പറഞ്ഞു.
ശബ്‌ദത്തിന്റെ വാനമ്പാടി
മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ നടിമാർക്ക് ശബ്ദം നൽകി. ‘ആന വളർത്തിയ വാനമ്പാടി’യിൽ സുജാതയ്‌ക്കും ‘കടൽ’ എന്ന ചിത്രത്തിൽ ശാരദയ്ക്കും ശബ്ദം നൽകി. സീത, ജ്ഞാനസുന്ദരി, സ്നാപകയോഹന്നാൻ തുടങ്ങി നിരവധി സിനിമകൾക്കും ഡബ്ബ് ചെയ്തു. ബഹദൂർ സംവിധാനം ചെയ്ത ‘ബല്ലാത്ത പഹയൻ' എന്ന നാടകത്തിൽ പ്രധാന റോളിൽ അവർ അഭിനയിച്ചു. കെ സി കേശവപിള്ളയുടെ ‘സദാരാമ' നാടകത്തിൽ വൈക്കം മണി, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ എന്നിവർക്കൊപ്പമാണ് അഭിനയിച്ചത്. സെൻസർ ബോർഡ് അംഗമായും പ്രവർത്തിച്ചു. സ്ത്രീകൾ കലാരംഗത്ത് വരുന്നത് മോശമായി കണക്കാക്കപ്പെട്ടിരുന്ന കാലത്ത് വിവിധ മേഖലകളിൽ കഴിവുതെളിയിച്ച് പിൻതലമുറയ്‌ക്ക് വഴിയൊരുക്കിയവരിൽ സി എസ് രാധാദേവിയുടെ പേര് തിളക്കമാർന്ന് നിൽക്കുന്നു.









0 comments