26 March Sunday

മഞ്ഞുമലയിലെ മാലാഖക്കുട്ടി

സുജിത്‌ ബേബിUpdated: Sunday Mar 29, 2020


കാറ്റുവന്ന്‌ കാതിൽ കഥ പറയുന്ന ശിരുവാണിയുടെ മടിത്തട്ടിലേക്ക്‌ രണ്ട്‌ പതിറ്റാണ്ട്‌ മുമ്പൊരു പെൺകുട്ടി യാത്ര പോയി. ഒരേ ഭൂമിയും ഒരേ ജീവനും തേടുന്നവർക്കൊപ്പമുള്ള യാത്ര അഞ്ചാം ക്ലാസുകാരിയിലെ സഞ്ചാരിയെ വിളിച്ചുണർത്തി. അന്ന്‌ തുടങ്ങിയ കമ്പം മഞ്ഞുമൂടിയ ആർട്ടിക്‌ മേഖലയിലേക്കാണ്‌ കുതിക്കുന്നത്‌. സാഹസിക യാത്രികരുടെ സ്വർഗമായ ‘പോളാർ എക്‌സ്‌പെഡിഷൻ’ എന്ന മഞ്ഞുമല ട്രക്കിങ്ങിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ഖ്യാതിയോടെ.  ആലുവ മുപ്പത്തടംകാരി ഗീതുമോഹൻദാസ്‌ ഒരു സ്വപ്‌ന യാത്രയ്‌ക്കൊരുങ്ങുകയാണ്‌. 29നാണ്‌ ട്രക്കിങ്‌ ആരംഭിക്കേണ്ടിയിരുന്നത്‌. ലോകം കോവിഡ്‌–-19 ഭീഷണിയിലായതോടെ ഗീതുവും സംഘവും അടുത്ത വർഷത്തേക്ക്‌ യാത്ര മാറ്റി. 

പോയി വരലുകൾ മാത്രമാകരുത്‌ ഒരു യാത്രയും എന്ന പക്ഷക്കാരിയാണ്‌ ബംഗളൂരുവിൽ ഹാർഡ്‌വെയർ എൻജിനിയറായ ഗീതു. കുന്നും മലയും കയറി, പുഴകൾ താണ്ടിയുള്ള യാത്രകളാണ്‌ ഉത്തരധ്രുവത്തിലെ മഞ്ഞുമലയെന്ന സ്വപ്‌നത്തിലേക്ക്‌ നയിച്ചത്‌. സ്വീഡിഷ്‌ കമ്പനിയായ ഫിയാൽ രേവൻ നടത്തുന്ന പോളാർ എക്‌സ്‌പഡിഷൻ എന്ന ട്രക്കിങ്ങിനെക്കുറിച്ച്‌ അറിഞ്ഞതോടെ വെള്ളമൂടിയ മലമുകളിലേക്ക്‌ മനസ്സ്‌ യാത്രതുടങ്ങി. ലോകരാജ്യങ്ങളെ പത്ത്‌ സോണുകളായി തിരിച്ചുള്ള മത്സരത്തിൽ ‘ദ വേൾഡ്‌’ ഗ്രൂപ്പിലായിരുന്നു ഗീതു.  60 രാജ്യങ്ങളിൽ നിന്നുള്ളവരുമായി മത്സരം. വോട്ടെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നു. കടുത്ത സൈബർ ആക്രമണങ്ങളെ അതിജീവിച്ച്‌ രണ്ടു പുരുഷന്മാരെ പിന്തള്ളി ഗ്രൂപ്പ്‌ ജേതാവായി.  സ്വീഡന്റെയും നോർവെയുടെയും അതിർത്തികളിലൂടെയാണ്‌ യാത്ര.


 

പോളാർ  എക്‌സ്‌പെഡിഷൻ
മൈനസ്‌ 35 ഡിഗ്രിയിലും കുറഞ്ഞ്‌ തണുത്തുറഞ്ഞ മഞ്ഞുമലകളിലൂടെ 300 കിലോമീറ്റർ ട്രക്കിങ്‌. എട്ട്‌ നായ്‌ക്കൾ വലിക്കുന്ന വണ്ടിയായ സ്‌ളെഡ്‌ജിലാണ്‌ യാത്ര. നായ്‌ക്കളെ നിയന്ത്രിക്കാനും മറ്റുമുള്ള പരിശീലനം അവിടെ എത്തിയശേഷമാണ്‌. സ്വന്തമായി വേണം ഭക്ഷണം പാകം ചെയ്‌ത്‌ കഴിക്കാൻ. പാക്കറ്റുകളിൽ കൊണ്ടുപോകുന്ന ഭക്ഷണം പാകം ചെയ്യാൻ മഞ്ഞുകട്ടകൾ ഉടച്ച്‌ ചൂടാക്കി തയ്യാറാക്കി വേണം പാചകത്തിനുള്ള വെള്ളം ശേഖരിക്കാൻ. ഭൂമിയിലെ നയനമനോഹര കാഴ്‌ചകളിലൊന്നായ അറോറ ബോറീയലിസ്‌ അഥവാ നോർത്തേൺ ലൈറ്റ്‌സ്‌ കാണാനുള്ള അവസരവും പോളാർ യാത്രികർക്കുണ്ടാകും. സൂര്യനിൽ നിന്നുള്ള വൈദ്യുതകണങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടാകുന്ന വെളിച്ചമാണ്‌ ആകാശത്ത്‌ വിവിധ നിറങ്ങളിൽ നൃത്തമാടുന്ന അറോറ വെളിച്ചം.
പെൺകൂട്ടം ലഡാക്കിലേക്ക്‌
സമുദ്രനിരപ്പിനും 11500 അടി മുകളിലുള്ള ലഡാക്ക്‌ സഞ്ചാരികളുടെ പറുദീസയാണ്‌. ഹിമാലയൻ ഗ്രാമങ്ങളും ഇൻഡസ്‌ മലനിരകളും കടന്ന്‌ സൻസ്‌കാർ, സിന്ധു നദികളുടെ മാസ്‌മരികതയും തണുത്തുറഞ്ഞ നുബ്ര മരുഭൂമിയുടെ സൗന്ദര്യവും പാൻഗോങ് ഉപ്പുതടാകത്തിന്റെ മനോഹാരിതയുമെല്ലാം കണ്ടുവരാൻ പെൺകൂട്ടം തയ്യാറെടുക്കുകയാണ്‌.
ഗീതുവിന്റെ നേതൃത്വത്തിലുള്ള ‘ലെറ്റ്‌സ്‌ ഗോ ഫോർ എ ക്യാമ്പി’ന്റെ നേതൃത്വത്തിലാണ്‌ 13 അംഗ സംഘം പുറപ്പെടുന്നത്‌. ആപ്പിൾ മരങ്ങൾ പൂക്കുന്ന മെയ്‌ മുതൽ പഴുത്തുതുടുത്ത ആപ്പിളുകൾ തൂങ്ങിയാടുന്ന സെപ്‌തംബർവരെയുള്ള മാസങ്ങളിലാണ്‌ സംഘത്തിന്റെ യാത്ര. 13 പേരടങ്ങുന്ന ഓരോ സംഘവും അഞ്ച്‌ മാസവും ലഡാക്കിലെത്തും.

ഒമ്പത്‌ ദിവസം നീളുന്നതാണ്‌ ഓരോ യാത്രയും. ചോക്കളംസാർ, ഗുർ ഗുർ ചായ, ലേ, മാഗ്നെറ്റിക് ഹിൽ, തക്‌മാചിക്‌, നുർബ താഴ്‌വര തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്‌ത്‌ സംഘം തിരിച്ചെത്തും. യാത്ര ചെയ്യുന്ന ട്രാവലറിന്റെ ഡ്രൈവറടക്കം എല്ലാവരും സ്‌ത്രീകളായിരിക്കും. ലഡാക്കിലെ ഗ്രാമങ്ങളിലെ സ്‌ത്രീശാക്‌തീകരണവും യാത്രയുടെ ലക്ഷ്യമാണെന്ന്‌ ഗീതു പറയുന്നു. ഇത്‌ മൂന്നാം വർഷമാണ്‌ ലഡാക്കിലേക്കുള്ള പെൺയാത്ര.

യാത്രാ കുടുംബം

ഗീതുവിന്റെ കുടുംബത്തെ യാത്രക്കാരുടെ ഒരു കുടുംബമെന്നും വിളിക്കാം വേണമെങ്കിൽ. അച്ഛൻ മോഹൻദാസാണ്‌ ഗീതുവിന്റെ യാത്രകൾക്ക്‌ പിന്തുണയുമായി ആദ്യമെത്തിയത്‌. അമ്മ ശ്രീദേവിയും അനിയൻ ഗോകുലും ക്യാമ്പുകളിൽ പതിവ്‌ മുഖങ്ങളാണ്‌. യാത്രകളുടെ പിന്നണി പ്രവർത്തനങ്ങളിലും ഗോകുൽ സജീവമാണ്‌. കൊച്ചിൻ സർവകലാശാലയിൽ സഹപാഠിയായിരുന്ന ആദിഷ്‌ ജീവിതത്തിലും യാത്രകളിലും കൂട്ടായുണ്ട്‌. ഭർത്താവിന്റെ മാതാപിതാക്കളും യാത്രികരായി ഒപ്പം കൂടാറുണ്ട്‌. കണ്ണൂർ സ്വദേശിയായ സങ്കീർത്, ഗൂഡല്ലൂരുകാരി സുദിന എന്നീ സുഹൃത്തുകളും ക്യാമ്പുകൾ സംഘടിപ്പിക്കാൻ കൂട്ടായുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top