29 May Monday

വരൂ, പോകാം പറക്കാം സ്വപ്‌നങ്ങളുടെ മായാലോകത്തേക്ക്‌

കെ പി ജൂലിUpdated: Sunday Sep 18, 2022


കണ്ണും മനസ്സും നിറയുന്ന മനോഹര ദൃശ്യങ്ങൾ. ഈ സ്വപ്‌നങ്ങളുടെ മായാലോകത്തേക്ക്‌ ‘വരൂ, പോകാം പറക്കാം.’ നീലാകാശവും പച്ചക്കടലും ചുവന്ന ഭൂമിയും കാണിച്ചുതരികയാണ്‌  ‘ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പ്’ എന്ന യാത്രാ കൂട്ടായ്‌മ.  യാത്രകൾ അനുഭവങ്ങളാക്കി മാറ്റുകയാണ്‌ ഇവർ. കൊച്ചി ആസ്ഥാനമായ ട്രാവൽ സ്റ്റാർട്ടപ് കമ്പനിയായ കൂട്ടായ്‌മ ഇപ്പോൾ ഉത്തരവാദിത്വ ടൂറിസം പുരസ്കാരവുംനേടി. ഐസിആർടി (ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം ഇന്ത്യ)യുടെ  പുരസ്കാരം ഭോപാലിൽ നടന്ന ചടങ്ങിൽ മധ്യപ്രദേശ്  വിനോദ സഞ്ചാര മന്ത്രി  ഉഷ താക്കൂറിൽനിന്ന്‌ ക്യാമ്പ്‌ സ്ഥാപക ഗീതു മോഹൻദാസ്‌  ഏറ്റുവാങ്ങി. മധ്യപ്രദേശ്‌ സർക്കാരും ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസവും ചേർന്നാണ്‌ പുരസ്‌കാരം നൽകിയത്‌. വിനോദ സഞ്ചാരമേഖലയിലെ വർധിക്കുന്ന വൈവിധ്യമെന്ന വിഭാഗത്തിലാണ്‌ പുരസ്‌കാരം.

സഹയാത്രികരുണ്ട്‌, സ്‌നേഹപൂർവം
കൂടെ പറന്നുനടക്കാൻ സഹയാത്രികരുണ്ടെങ്കിൽ ഏതു യാത്രയും ഉല്ലാസം നിറയ്‌ക്കും. കൂടെ നടന്ന്‌ വെറുതെ കാഴ്‌ച  കണ്ട് മടങ്ങാതെ, അവിടത്തെ സംസ്‌കാരത്തെയും മനുഷ്യരെയും പ്രകൃതിയെയും അറിഞ്ഞ്‌ അവരുടെ ജീവിതം അനുഭവിച്ച്‌ അവരിൽ ഒരാളായി മഞ്ഞും മഴയും നനഞ്ഞ്‌ പ്രകൃതിയിലലിഞ്ഞ്‌ സ്വപ്‌നതുല്യമായ യാത്രകളാണ്‌ ഈ യാത്രാ കൂട്ടായ്‌മ സമ്മാനിക്കുന്നത്‌.  ആലുവ മുപ്പത്തടം സ്വദേശിയാണ്‌ ഗീതു മോഹൻദാസ്‌. ചെറുതും വലുതുമായ 350ലേറെ യാത്രയുടെ അനുഭവമുണ്ട് ‘ലെറ്റ്‌സ് ഗോ ഫോർ എ ക്യാമ്പി’ന്. ബംഗളൂരുവിൽ ഹാർഡ്‌വെയർ ഡിസൈൻ എൻജിനിയറായ ഈ യുവ സംരംഭക  സമൂഹമാധ്യമങ്ങൾ വഴിയാണ്‌ യാത്രാ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌.

ആത്മാവിൽ മുട്ടി വിളിച്ചതുപോലെ
പ്രകൃതി തൊട്ടുവിളിക്കുമ്പോഴാണ്‌ ഗീതു ഓരോ യാത്രയും പ്ലാൻ ചെയ്യുന്നത്‌. മാലിന്യം നീക്കംചെയ്‌തും മരങ്ങൾ നട്ടും ഗ്രാമജീവിതത്തിന്  സഹായകമാകുന്ന രീതിയിലാണ്‌ യാത്രകൾ. ഓരോ യാത്രയും ഓരോ മാറ്റത്തിന്റെ തുടക്കമെന്ന്‌ വിളിച്ചുപറയുന്നുണ്ട്‌ ഇവർ. പ്രകൃതിയെ വെറുതെ കണ്ടാസ്വദിച്ചാൽ പോരാ. ചെന്നെത്തുന്നിടത്തെല്ലാം അടയാളപ്പെടുത്തണം. പ്രകൃതിക്കുവേണ്ടി എന്തെങ്കിലും ചെയ്യണം. അതാണ്‌ ക്യാമ്പുകളുടെ ലക്ഷ്യം.ചെറുപ്പംമുതൽ യാത്രകളോട് തോന്നിയ പ്രണയമാണ്‌ യാത്രാ കൂട്ടായ്‌മയുടെ രൂപീകരണത്തിൽ എത്തിച്ചത്‌. ഓരോ യാത്രയ്‌ക്കും സാമൂഹ്യപ്രസക്തിയുള്ള  ഉദ്ദേശ്യങ്ങൾ ഉണ്ടാകണമെന്നത് കൂട്ടായ്മയുടെ നിർബന്ധങ്ങളിലൊന്നാണ്.

യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരുപാട്‌ പേരുണ്ട്‌.  കുറഞ്ഞ ചെലവിൽ കുറച്ച്‌ ലക്ഷ്യങ്ങളോടെ പ്രകൃതിയെയും  സംസ്കാരത്തെയും  ജീവിതങ്ങളും  അറിഞ്ഞുള്ളതാണ് യാത്രകൾ.  അങ്ങനെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകളുടെ  നല്ല കൂട്ടായ്‌മയുണ്ടാക്കുന്നു. അത്‌ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെ കുടുംബമായി മാറുകയാണ്. ചിരി, കളി, കാര്യം, അറിവ്‌, അനുഭവം. ഇതെല്ലാം യാത്രയിലുണ്ടാകും.


 

മധുരം മധുരതരം
2015ലാണ്‌ ഗീതു യാത്രാ കൂട്ടായ്‌മ രൂപീകരിച്ചത്‌. ഭർത്താവ്‌ കൊല്ലം സ്വദേശിയായ പ്രസാദ്‌ ആദിഷ്‌, സഹപാഠി കണ്ണൂരിലെ സംഗീർത്‌, രാജസ്ഥാനിൽ താമസിക്കുന്ന സുദിന എന്നിവരാണ്‌ ഗ്രൂപ്പിന്റെ കോ–-ഓർഡിനേറ്റർമാർ. ഇപ്പോൾ കൂട്ടായ്മയിൽ  18 യുവതീയുവാക്കൾ  പൂർണസമയം പ്രവർത്തിക്കുന്നു. ഗീതുവിന്റെ ആശയങ്ങൾക്കൊപ്പം ഇവർകൂടി ചേരുമ്പോൾ  ഓരോ യാത്രയും കൂടുതൽ  മധുരമാകുന്നു.

ആദ്യയാത്ര മിനി ഗവിയിലേക്ക്‌
പച്ചപ്പിന്റെ നനവിൽ കോടമഞ്ഞുമൂടിയ മലനിരകൾ കാണാൻ 2015 ആഗസ്‌തിൽ നിലമ്പൂർ കക്കാടംപൊയിലിലേക്ക്‌ ആയിരുന്നു ആദ്യയാത്ര. ‘മിനി ഗവി’ എന്നുകൂടി അറിയപ്പെടുന്ന ഈ മലനിരയിലേക്കുള്ള യാത്ര  മറക്കാനാകാത്ത അനുഭവമായിരുന്നെന്ന്‌ ഗീതു പറഞ്ഞു. ‘‘അന്ന് സമൂഹമാധ്യമങ്ങൾ പ്രചാരത്തിലായിരുന്നില്ലല്ലോ. യാത്ര എങ്ങനെ പ്ലാൻ ചെയ്യുമെന്നൊന്നും അറിയില്ലായിരുന്നു. എങ്കിലും നല്ല തുടക്കമായിരുന്നു. അത്‌ തുടർ സഞ്ചാരങ്ങൾക്ക്‌ പ്രചോദനമായി.’’

പാറിപ്പറക്കുന്ന ‘റാണി പത്മിനിമാരാകാം’
മോഹത്തിന്റെ ചിറകുകൾ ഒതുക്കിവച്ച പല സ്‌ത്രീകൾക്കും യാത്രയുടെ  വിശാല ലോകം പകർന്നുനൽകുന്നു ഈ കൂട്ടായ്‌മ. ആ മോഹങ്ങളുടെ ചിറകുകൾ കുടഞ്ഞ് വാനിലേക്കിറങ്ങി പാറിപ്പറന്ന്‌ ‘റാണി പത്മിനി’മാരാകാൻ പ്രേരിപ്പിക്കുകയാണ്‌.  ഒറ്റയ്‌ക്ക്‌ യാത്രചെയ്യാൻ സാഹചര്യം അനുവദിക്കാത്ത സ്‌ത്രീകൾക്കും മുതിർന്നവർക്കും വൃദ്ധർക്കും കുട്ടികൾക്കും കുടുംബത്തിനും കൂട്ടുകാർക്കും പ്രായഭേദമില്ലാതെ  യാത്രാസംഘത്തിൽ ചേരാം. അവരെ ഇഷ്ടമുള്ളിടത്തേക്ക്‌ കൊണ്ടുപോകാൻ ഗീതു തയ്യാർ. യാത്രാസംഘത്തിനായി വിവിധ ഗ്രൂപ്പുമുണ്ട്‌. ആൺ, പെൺ വ്യത്യാസമില്ലാതെ എല്ലാവരും ഒത്തുചേരുന്ന മിക്‌സഡ്‌ ഗ്രൂപ്പ്‌–- ‘ഇതിഹാസ’. സ്‌ത്രീകൾക്കായി ‘സൃഷ്ടി’, ‘സാഹസിക’, അമ്മമാർക്കും കുട്ടികൾക്കുമായി ‘അമ്മയും കുഞ്ഞാറ്റയും’ എന്നിവയാണ്‌ ഇവ. സ്‌ത്രീകൾക്കുവേണ്ടി മാത്രമുള്ള യാത്രാ ഗ്രൂപ്പാണ് ‘സൃഷ്ടി’. പല സ്‌ത്രീകൾക്കും വീട്ടിൽനിന്ന്‌ പുറത്തുവരാൻ ബുദ്ധിമുട്ടുണ്ട്‌. സമൂഹം അവരെ കാണുന്ന രീതിതന്നെയാണ്‌ അതിനു കാരണമെന്ന്‌ ഗീതു പറയുന്നു. അത്തരത്തിലുള്ള സ്‌ത്രീകളെ പുറത്തുകൊണ്ടുവരികയാണ്‌ ‘സൃഷ്ടി’യുടെ ലക്ഷ്യം.

350 യാത്ര
നാല്‌ അന്താരാഷ്ട്ര യാത്രയുൾപ്പെടെ ചെറുതും വലുതുമായ 350 യാത്ര പിന്നിട്ടുകഴിഞ്ഞു ഈ സംഘം. നേപ്പാളിലേക്ക്‌ മൂന്നുതവണ യാത്ര ചെയ്‌തു. ലഡാക്കിലെ ചാധറിലേക്ക്‌ നടത്തിയ യാത്ര വലിയ ആത്മവിശ്വാസം നൽകി. ശിശിരകാലത്ത്‌ തണുത്തുറഞ്ഞ സൻസ്‌കാർ  നദിയുടെ മുകളിലൂടെ 19 പേരുമായി നടത്തിയ യാത്രയെ ഡ്രീം ട്രക്ക്‌ എന്നാണ്‌ ഗീതു പറയുന്നത്‌. വൈദ്യുതിയും വെള്ളവുമില്ലാതെ തണുത്തുറഞ്ഞ പാതയിലൂടെ ആറു ദിവസം നീളുന്ന നടപ്പ്‌. 19 പേരടങ്ങിയ ടീമിനെ ഇത്രയും വലിയ യാത്ര നടത്തി ഒരു പോറലുമേൽക്കാതെ തിരിച്ച്‌ എത്തിക്കുകയെന്നത്‌  വലിയ വെല്ലുവിളിയായിരുന്നു.

കുടുംബത്തിന്റെ പിന്തുണ
ക്യാമ്പ്‌ കോ–-ഓർഡിനേറ്ററായ ഭർത്താവ്‌ ആദിഷും  അച്ഛൻ മോഹൻദാസും അമ്മ ശ്രീദേവിയും അനിയൻ ഗോകുലും ഒപ്പമുണ്ട്‌. പെൺകുട്ടിയെന്ന നിലയിൽ നിയന്ത്രണങ്ങളില്ലാതെ അച്ഛനും അമ്മയും വളർത്തിയതിനാലാണ്‌ എല്ലാ കാര്യവും പേടിയില്ലാതെ ചെയ്യാൻ കഴിയുന്നതെന്ന്‌ ഗീതു പറഞ്ഞു. യാത്രകൾ വെറുതെ ഓരോ കാഴ്‌ചകളാകാതെ ഫോട്ടോയും സെൽഫിയുമെടുത്ത്‌ മടങ്ങാതെ അറിവ്‌ നേടാനും പ്രകൃതിയെ സ്‌നേഹിക്കാനും ഉള്ളതാണെന്ന്‌ ഗീതു പറഞ്ഞുതരുന്നു.

 julienavami717@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top