25 March Saturday
ലോകസഞ്ചാരം: യാത്രികര്‍ക്ക് പ്രിയപ്പെട്ട 25 ഇടങ്ങള്‍

പ്രകൃതിയുടെ വിസ്മയങ്ങള്‍, ആഘോഷങ്ങളുടെ ഈറ്റില്ലങ്ങള്‍, സംസ്കാരങ്ങളുടെ സം​ഗമവേദികള്‍

ആനി അന്ന തോമസ്Updated: Sunday Jun 5, 2022

ആ​ഗ്രഹങ്ങളുടെ കുട്ട ചുമന്ന് നീങ്ങുന്നവരാണ് നാമോരോരുത്തരും. കുഞ്ഞു സ്വപ്നങ്ങള്‍ മുതല്‍ ഒരുപാട് അധ്വാനവും കാത്തിരിപ്പും കൊണ്ടുമാത്രം നേടിയെടുക്കാനാകുന്ന വലിയ വലിയ ആ​ഗ്രങ്ങള്‍ വരെ ഉണ്ടാകും ഓരോരുത്തരുടെയും കുട്ടയില്‍. ബക്കറ്റ് ലിസ്റ്റ് എന്ന് കേട്ടിട്ടുണ്ടോ? ഒരാള്‍ തന്റെ മരണത്തിനു മുന്‍പായി ചെയ്യാന്‍ ആ​ഗ്രഹിക്കുന്ന കാര്യങ്ങളുടെ പട്ടികയാണത്. വളരെ പൊതുവായി ആളുകളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഒരു വിഭാ​ഗമാണ് യാത്ര. ഭൂമിയിലെ ഏറ്റവും ജനപ്രിയമായ ചില ബക്കറ്റ് ലിസ്റ്റ് സ്ഥലങ്ങളിതാ...

1. മാച്ചു പിക്ചു, പെറു

മൂടൽമഞ്ഞിൽ പൊതിഞ്ഞ് പച്ചപ്പരവതാനി വിരിച്ചു നീണ്ടുകിടക്കുന്ന നിലം. ​ഗാംഭീര്യത്തോടെ തലയുയര്‍ത്തി  നില്‍ക്കുന്ന മലഞ്ചരിവുകളും പര്‍വതങ്ങളും. സമൃദ്ധമായ വനം.  പഴമയുടെയും സംസ്കാരത്തിന്റെയും  പ്രൗഡി പേറി നില്‍ക്കുന്ന നാ​ഗരികതയുടെ ശിലാ ശേഷിപ്പുകള്‍.  ഒരു ചിത്രം കാണുന്നവരെപ്പോലും തന്നിലേക്ക് ആകര്‍ഷിക്കാന്‍ മാത്രം വശ്യ മനോഹരമായ ഈ മാന്ത്രിക ഇടം ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നതിൽ അതിശയിക്കാനില്ല. മാച്ചു പിക്ചു സന്ദര്‍ശകരെ അക്ഷരാർത്ഥത്തിൽ നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകും. അവിടെയുള്ള പലനിർമ്മിതികൾക്കും പിന്നിൽ അന്യഗ്രഹ ജീവികളാണെന്ന് വിശ്വസിക്കുന്നവർ പോലുമുണ്ട്.

കൊളംബിയൻ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട ഒരു പ്രദേശമാണിത്  (15-ഉം 16-ഉം നൂറ്റാണ്ടുകളിൽ). പെറുവിലെ കുസ്കോ നഗരത്തിൽ നിന്നും 80 കി.മീറ്റർ അകലെയുള്ള ഉറുബാംബ താഴ്വരയുടെ മുകളിൽ ഒരു പർവ്വതശിഖരത്തിൽ 2,430 മീറ്റർ (8,000 അടി) ഉയരത്തിലാണ്‌ മാച്ചു പിക്ചു സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തുകൂടി ആമസോണിന്റെ കൈവഴിയായ ഉറുബാംബ നദി ഒഴുകുന്നുണ്ട്. യുനസ്കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെടട്ടിട്ടുള്ള ഈ സ്ഥലം ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ ബക്കറ്റ്ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള പ്രവേശനം ദിവസത്തിൽ രണ്ടുതവണ മാത്രമേ അനുവദിക്കൂ (രാവിലെ അല്ലെങ്കിൽ ഉച്ചതിരിഞ്ഞ്). പ്രശസ്തമായ ഇൻക ട്രയലിലൂടെ കാൽനടയായോ അടുത്തുള്ള പട്ടണമായ അഗ്വാസ് കാലിയന്റസിൽ നിന്ന് ബസിലോ ഇവിടേക്കെത്തണം.

2. മാലിദ്വീപ്

വൃത്തിയേറിയ, പഞ്ചാരമണൽ വിരിച്ച ബീച്ചുകള്‍. അവിടെയെല്ലാം സന്ദര്‍ശകരെ ത്രില്ലടിപ്പിക്കാനായി ഒരുക്കി വച്ചിരിക്കുന്ന ജലകേളികള്‍. താമസിക്കാന്‍ കടലിന്റെ മനോഹര കാഴ്ചകളൊരുക്കുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും...

അറബികടലിൽ സ്ഥിതി ചെയ്യുന്ന 1200ഓളം കൊച്ചു കൊച്ചു ദ്വീപുകളുടെ സംഗമമായ മാലിദ്വീപ് യാത്രാപ്രേമികളെല്ലാം ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്നയിടമാണ്.  വിനോദസഞ്ചാരമാണ് മാലിദ്വീപിലെ പ്രധാന വരുമാന മാർഗം. വെള്ളത്തിന് മുകളിൽ നിൽക്കുന്ന തരത്തിലാണ് ഇവിടുത്തെ പല ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും നിർമാണം. ഡൈവിംഗ്, കടലിനടിയിലെ സുന്ദരമായ കാഴ്ചകൾ അനുഭവവേദ്യമാക്കുന്ന സ്‌നോർക്ലിങ്, പോലുള്ള വിനോദങ്ങൾ ഒക്കെയായി മാലിദ്വീപ് യാത്ര  ആഘോഷമാക്കാം.
മൊത്തം ദ്വീപുകളിൽ 200 എണ്ണത്തിൽ മാത്രമേ ആൾതാമസമുള്ളു, അതിൽ 50 എണ്ണത്തിൽ മാത്രമേ അതിഥികൾക്കു താമസ സൗകര്യമൊരുക്കുന്നവയുള്ളു. വേറിട്ട കാഴ്ചകളൊരുക്കുന്നവയാണ് മാലിദ്വീപിലെ ഓരോ ദ്വീപുകളും. മാഫുഷിയാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ദ്വീപ്.

രുചിനിറഞ്ഞ ഭക്ഷണം വിളമ്പുന്ന ഇടം കൂടിയാണ് മാലിദ്വീപ്. ചൂരയാണ് ഇവരുടെ ഭക്ഷണത്തിലെ പ്രധാന വിഭവം. ചോറും മീൻകറിയുമൊക്കെ ഉൾപ്പെട്ടിട്ടുള്ള ഇവിടുത്തെ ഭക്ഷണം നമ്മുടെ നാട്ടിലെ വിഭവങ്ങളോടു സാദൃശ്യമുള്ളതാണ്.

3. ആഫ്രിക്കന്‍ സഫാരി

കൂറ്റന്‍ മണൽത്തിട്ടകൾ മുതൽ വന്യജീവികളാൽ നിറഞ്ഞ സാവന്നകൾ വരെയുള്ള അവിശ്വസനീയമായ കാഴ്ചകളാൽ സമൃദ്ധമാണ് ആഫ്രിക്ക. ടാൻസാനിയ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, റുവാണ്ട, മൊറോക്കോ എന്നിവിടങ്ങളിലേക്കുള്ള യാത്രകളിൽ  നിരവധി അത്ഭുതങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്.

വന്യമൃ​ഗങ്ങളെ നിരീക്ഷിച്ചുകൊണ്ട് ആഫ്രിക്കയിലൂടെ ഒരു കാനന യാത്ര. അത് എത്രത്തോളം  ത്രസിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതും ആകുമെന്ന് മുന്‍കൂട്ടി ഊഹിക്കാനേ കഴിയില്ല. ഭൂഖണ്ഡത്തിലങ്ങോളമിങ്ങോളം സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനങ്ങളില്‍ ചെന്നാല്‍ ആഫ്രിക്കയുടെ ഹൃദയം തൊട്ടറിയാം. സിംഹം, ആന, പുള്ളിപ്പുലി, എരുമ, കാണ്ടാമൃ​ഗം, വൈള്‍ഡ് ബീസ്റ്റ്, സീബ്ര അങ്ങനെ പലതിനെയും കണ്ട് അവയ്ക്കിടയിലൂടെ ജീപ്പ് യാത്ര ആസ്വദിക്കാം.

ടാൻസാനിയയിലെ സെറെൻഗെറ്റിയിൽ നിന്ന് വടക്കോട്ട് കെനിയയിലെ മസായ് മാര റിസർവിലേക്ക് ഒരു ദശലക്ഷത്തിലധികം കാട്ടുമൃഗങ്ങള്‍ കൂട്ടമായി, മുതലകള്‍ നിറഞ്ഞ പുഴ നീന്തിക്കടന്നു പോകുന്ന ഗ്രേറ്റ് മൈഗ്രേഷൻ കാണാന്‍ പതിനായിരങ്ങളാണ് ഓരോ വര്‍ഷവും ഇവിടേക്ക് എത്തുന്നത്.

4. വെനീസ്, ഇറ്റലി


വെനീസ് ഒരു മാന്ത്രിക ന​ഗരം തന്നെയയാണ്. ഒഴുകുന്ന നഗരമെന്നും കനാലുകളുടെ നഗരമെന്നുമൊക്കെ വിളിപ്പേരുണ്ട്. കണ്ണിനു കുളിരു പകരുന്ന പ്രകൃതിസൗന്ദര്യത്തിനൊപ്പം തന്നെ ചരിത്രവും പാരമ്പര്യവും സാംസ്കാരികതയുടെ ഒളിമിന്നല്‍ക്കാഴ്ചകളും ഒപ്പം  കൂടിച്ചേരുന്നിടമാണ് വെനീസ്.

എവിടെ നോക്കിയാലും വെള്ളമാണ്. അവയിലൂടെ സഞ്ചാരികളുമായി നീങ്ങുന്ന കുഞ്ഞന്‍ വള്ളങ്ങളും ബോട്ടുകളും. സദാ ഉയര്‍ന്നു കേള്‍ക്കുന്ന വള്ളക്കാരുടെ ഇമ്പമുള്ളതും സ്വരച്ചേര്‍ച്ചയുള്ളതുമായ ​ഗാനങ്ങള്‍.  ജലാശയങ്ങള്‍ക്ക് മുകളിലൂടെ നിര്‍മിച്ചിട്ടുള്ള മനോഹരമായ കല്ല് പാലങ്ങൾ, കലാസൃഷ്ടികള്‍... ഇവയ്ക്കെല്ലാമിടയില്‍ ഈ ഇറ്റാലിയൻ നഗരത്തിനും മറ്റൊരിടത്തും കണ്ടെത്താൻ കഴിയാത്ത ഒരു അതുല്യമായ ചലനമുണ്ട്.

കനാലിലൂടെയുള്ള യാത്രക്കിടെ തീരങ്ങളില്‍ ചരിത്ര പ്രാധാന്യമുള്ള പള്ളികള്‍ മുതല്‍ അലങ്കരിച്ച കൊട്ടാരങ്ങള്‍ വരെയുള്ള വെനീഷ്യന്‍ വാസ്തുവിദ്യയുടെ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന നിര്‍മിതികള്‍ കാണാനാകും. സെന്റ് മാർക്കസ് സ്ക്വയർ വെനീസ് നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഒൻപതാം നൂറ്റാണ്ടിൽ നിര്‍മിച്ച പ്രസിദ്ധമായ സെന്റ് മാർക്‌സ് ബസിലിക്ക സ്ഥിതി ചെയ്യുന്നതിവിടെയാണ്.  യൂറോപ്പിലെ ബൈസന്റൈൻ വാസ്തുവിദ്യയുടെ അപൂർവ ഉദാഹരണമാണിവിടം. ഓരോ ഊടുവഴികളിലൂടെയും കടന്നു ചെന്ന് പ്രദേശവാസികളുടെ വ്യത്യസ്തമായ ജീവിത ശൈലികള്‍ കണ്ടു പോരാനും വെനീസ് സന്ദര്‍ശിക്കുന്നവര്‍ മറക്കരുത്. 

5. ‌പാരീസ്, ഫ്രാൻസ്

പ്രകാശത്തിന്റെ നഗരം, പ്രണയത്തിന്റെ നഗരം, കലയുടെ നഗരം, സാഹിത്യത്തിന്റെ ന​ഗരം... നിങ്ങള്‍ എന്ത് പേരിട്ട് വിളിക്കാന്‍ ആ​ഗ്രഹിക്കുന്നുവോ, എങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നുവോ അതാണ് പാരീസ്. നാം ഏറ്റവുമധികം കേട്ടു പരിചയിച്ച ഈഫല്‍ ടവറിനും അപ്പുറത്ത് നിരവധി അത്ഭുതങ്ങളാണ് പാരീസ് സന്ദര്‍ശകര്‍ക്കായി ഒരുക്കി വച്ചിരിക്കുന്നത്. മറ്റൊരു വിപണിയിലും അതുവരെ എത്തിയിട്ടില്ലാത്ത ഫാഷന്‍ വസ്ത്രങ്ങൾ വിൽക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ബൂട്ടിക്കുകള്‍ ഈ ന​ഗരത്തിലുണ്ടാകും.

വിജയകമാനം എന്നറിയപ്പെടുന്ന ആര്‍ക്ക് ഡി ട്രയോംഫ്, പാന്തിയോൺ തുടങ്ങിയവ ഫോട്ടോഗ്രാഫർമാരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. മ്യൂസി ഡു ലൂവ്രെ, മ്യൂസി ഡി ഓർസെ തുടങ്ങിയ മ്യൂസിയങ്ങൾ ചരിത്രപ്രേമികളെ അവയുടെ ആഡംബര ഹാളുകളില്‍ മണിക്കൂറുകളോളം പിടിച്ചു നിര്‍ത്തുമെന്നുറപ്പ്. പാരിസിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ച കാണാൻ പറ്റുന്ന മോൺപാർനാസ് ടവർ, 14 വര്‍ഷമെടുത്ത് നിര്‍മിച്ച അതിമനോഹരമായ ഒപ്പേറ ഹൗസ് പെലെ ഗാർണിയർ അഥവാ ഓപ്പെറ ഗാർണിയർ ഇവയെല്ലാം സഞ്ചാരികളുടെ പ്രിയ ഇടങ്ങളാണ്. വൈവിദ്യമേറിയതും രുചികരവുമായ ഭക്ഷണം വിളമ്പുന്ന റസ്റ്റൊറന്റുകള്‍ സഞ്ചാരികളുടെ വയറും മനസും നിറക്കും. 

സീന്‍ നദിയുടെ തീരത്തു കൂടി കൈകള്‍ കോര്‍ത്ത് വെറുതെ അലഞ്ഞു നടക്കുക, ചാംപ്‌സ്- എലിസിയിലെ ഒരു കഫെയില്‍ നിന്ന് പ്രകൃതിയോട് ലയിച്ച് ഒരു ഔട്ട്ഡോര്‍ ഡൈനിങ് ആസ്വദിക്കുക, നോത്ര-ഡാം കത്തീഡ്രലിന്റെ ചുവരുകൾക്കുള്ളിൽ ധ്യാന നിരതമായി  കുറച്ച് നിമിഷങ്ങൾ ചിലവഴിക്കുക... പാരീസ് സന്ദര്‍ശനത്തിലെ ഒരു നിമിഷം പോലും പാഴാകില്ലെന്ന് ഉറപ്പ്.

6. ആമസോൺ മഴക്കാടുകൾ


നിഗൂഢമായ ആമസോൺ നദി, കൊടും വേനലിലും പച്ചപ്പ് കാട്ടി മോഹിപ്പിക്കുന്ന വന്യജീവികളാല്‍ നിറഞ്ഞിരിക്കുന്ന മഴക്കാടുകള്‍... ആമസോണിന്റെ വര്‍ണന വാക്കുകളില്‍ അസാധ്യമാണ്. അക്ഷരാര്‍ഥത്തില്‍ കാഴ്ചക്കാരനെ ശ്വാസംമുട്ടിക്കുന്ന വശ്യമായ പ്രകൃതി സൗന്ദര്യം. തെക്കേ അമേരിക്കയിലെ ഒൻപത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, തുടർച്ച നഷ്ടപ്പെടാത്ത, ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോൺ മഴക്കാടുകൾ.

പച്ചപ്പിന്റെ സൗന്ദര്യത്തിൽ കുളിച്ചു നിൽക്കുന്ന ഈ മഴക്കാട് പല ജീവികളുടെ ആവാസ സ്ഥലം കൂടിയാണ്. 25 ലക്ഷം പ്രാണി സ്പീഷിസുകള്‍, 40,000 തരം സസ്യങ്ങള്‍, 2,200 തരം മീനുകള്‍,  2,000 പക്ഷി ഇനങ്ങള്‍, 427 സസ്തനികൾ, 428 ഉഭയജീവികളും, 378 ഉരഗങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ വിവിധയിനം ജീവജാലങ്ങൾ ആമസോൺ മഴക്കാട്ടിൽ കാണപ്പെടുന്നു. കറുത്ത ചീങ്കണ്ണി, ജാഗ്വാർ, പൂമ, അനാക്കൊണ്ട തുടങ്ങിയ അപകടകാരികളായ ജീവികളും ഇവിടെയുണ്ട്.

പല രാജ്യങ്ങളിലായി നീണ്ടു കിടക്കുന്നതു കൊണ്ട് എവിടെ ചെന്നാലും ആമസോൺ കാടുകളെ തൊട്ടറിയാം. ഈ രാജ്യങ്ങളൊക്കെ ആമസോൺ മഴക്കാടുകളുമായി ചേർന്നിരിക്കുന്ന ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളാണ്. മലയും കാടും, അരുവികളും മൃഗങ്ങളും ഒക്കെ ഇവിടെ സഞ്ചാരികൾക്ക് ആസ്വദിക്കാം. പക്ഷികളുടെ പാട്ടു കേട്ട് വള്ളികളില്‍ തൂങ്ങിയാടുന്ന കുരങ്ങന്‍മാര്‍ക്കിടയിലൂടെ വനസൗന്ദര്യം ആസ്വദിച്ച് അമസേണ്‍ നദിയിലൂടെ ബോട്ടുകളിൽ യാത്രികർക്ക് സഞ്ചരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.  കാടിനേയും നദിയുടെ തണുപ്പും തൊട്ടറിഞ്ഞ് ആമസോണിന്റെ മടിത്തട്ടിലൂടെയുള്ള യാത്ര അതീവ ഹൃദ്യമായിരിക്കുമെന്നുറപ്പ്. മരത്തിന്റെ മുകളിലേക്ക് കയറാനുള്ള സൗകര്യവും മീൻ പിടിത്തവുമൊക്കെ ഇവിടെ വരുന്ന സഞ്ചാരികൾ ട്രിപ്പിന്റെ ഭാഗമായി ആസ്വദിക്കാറുണ്ട്.

7. സാന്റോറിനി, ഗ്രീസ്

Image credit: Wikimedia Common

Image credit: Wikimedia Common

സാന്റോറിനിയിൽ കാണുന്നതിനേക്കാൾ കൂടുതൽ റൊമാന്റിക് ആയ സൂര്യാസ്തമയ അനുഭവം ആസ്വദിക്കാനാകുന്ന മറ്റൊരിടം കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. തലസ്ഥാനമായ ഫിറയോ മനോഹരമായ ഓയ ​ഗ്രാമമോ എവിടെ സന്ദര്‍ശിച്ചാലും ഒരു സ്വപ്ന ലോകത്തേക്ക് കടന്നപോലെയാകുമത്.

തിളങ്ങുന്ന വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു പോകുന്ന ചുവന്ന സൂര്യനും തൂവെള്ള നിറത്തിലോ നീല നിറത്തിലോ ഉള്ള താഴികക്കുടങ്ങളോടെ വര്‍ണ മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്ന വീടുകളും നയന മനോഹരമായ പൂക്കളും ഒക്കെയായി അതിസുന്ദരമായ ഒരു ചിത്രമോ പോസ്റ്റ്കാര്‍ഡോ പോലെയാണിവിടം. ഒരുപാട് ആളുകളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സാന്റോറിനി ഒരു മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ്.

8. ഗ്രാൻഡ് കാന്യോൺ, യുഎസ്എ

അരിസോണയിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിലൊന്നാണ് സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഗ്രാൻഡ് കാന്യോൺ‌. പ്രകൃതി സ്വയം സൃഷ്ടിച്ച മഹാസൗന്ദര്യം. കൊളറാഡോ നദി വെട്ടിമുറിച്ച ഒരു വലിയ മലയിടുക്കാണ് ഗ്രാൻഡ് കാന്യോൺ. അതിശയകരമായ രൂപങ്ങൾക്കും ഷേഡിംഗിനും പേരുകേട്ടതാണ് അപാരമായ പ്രകൃതി ഭംഗിയുള്ള ഈ പ്രദേശം. 

ഗ്രാൻഡ് കാന്യോണിന്റേതായി നമ്മള്‍ കാണുന്ന് ഒരു ചിത്രത്തിനും ഈ സ്ഥലത്തിന്റെ യഥാര്‍ഥ സൗന്ദര്യത്തോട് നീതി പുലര്‍ത്താനായിട്ടില്ല എന്നതാണ് സത്യം. നേരിട്ട് കാണാതെ നിങ്ങൾക്ക് പ്രദേശത്തിന്റെ സഹജമായ സൗന്ദര്യമോ  ഒറഞ്ച് നിറത്തിലുള്ള മലയിടുക്കിന്റെ അപാരമായ വലുപ്പമോ മനസ്സിലാക്കാൻ കഴിയില്ല.

ലാസ് വെഗാസ്, ഫീനിക്സ് തുടങ്ങിയ അടുത്തുള്ള നഗരങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ ഇവിടെയെത്താമെങ്കിലും  ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്കിന്റെ സൗത്ത് റിമിൽ പ്രവേശിച്ച് ഇങ്ങോട്ടേക്കെത്തുന്ന വഴിയാണ് ഏറ്റവുമധികം ആളുകള്‍ തെരഞ്ഞെടുക്കുന്നത്.  സൂര്യോദയത്തിന്റെ അസ്‌തമയത്തിന്റെയും സമയത്ത് മലയിടുക്ക് കാണുക, അതിനു മുന്‍പോ ശേഷമോ അത്തരമൊരു കാഴ്ച നിങ്ങൾക്ക് ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് ഉറപ്പ്. 

9. ബാലി, ഇന്തോനേഷ്യ

ലോകത്ത് ഏറ്റവും അധികം ആളുകളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലമാണ് ബാലി. ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തിലുള്‍പ്പടുന്ന ബാലി അതി മനോഹരമാണെന്നു മാത്രമല്ല സമ്പന്നമായ ചരിത്രവും വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളും സവിശേഷമായ  ഭക്ഷണ സംസ്‌ക്കാരവുമൊക്കെ ഈ സ്ഥലത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാക്കി മാറ്റുന്നു.

അതിമനോഹരമായ ബീച്ചുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഈ ദ്വീപിന്റെ സൗന്ദര്യം. ഉള്‍നാടുകളിലെ പച്ചപ്പ് നിറഞ്ഞ നെൽപ്പാടങ്ങളിലും, ചെങ്കുത്തായ അഗ്നിപർവ്വതങ്ങളിലും, സമൃദ്ധമായ ഉഷ്ണമേഖലാ വനങ്ങളിലും അത്ഭുതപ്പെടുത്തുന്ന വാസ്തുവിദ്യകളില്‍ പണിതീര്‍ത്ത പുരാതന നിര്‍മിതികളിലും ഒക്കെയായി ബാലിയുടെ ഹൃദയം വ്യാപിച്ചു കിടക്കുന്നു. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ കടുവകൾ, ഒറാംഗുട്ടാനുകൾ, ആനകൾ, കൊമോഡോ ഡ്രാഗണുകൾ തുടങ്ങി അസാധാരണമായ പലതും  വിഹരിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ബാലി സ്റ്റാര്‍ലിങ് ഉള്‍പ്പെടെ ഏകദേശം 280 ഇനം പക്ഷികള്‍ ബാലിയിലുണ്ട്. സാഹസികമായി സജീവമായ അ​ഗ്നിപര്‍വ്വതങ്ങളില്‍ കയറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബാലിയില്‍ അതിനുള്ള അവസരവുമുണ്ട്.

സ്‌കൂബ ഡൈവിംഗ് ഇവിടുത്തെ ഏറ്റവും ഉല്ലാസകരമായ ഒരു വിനോദമാണ്. തെളിഞ്ഞ വെള്ളത്തില്‍ മനോഹരമായ പവിഴപ്പുറ്റുകള്‍ക്കും അപൂര്‍വ്വയിനം സമുദ്രജീവികളോടൊപ്പം നീന്തുന്നത് തീര്‍ച്ചയായും ഒരു രസകരമായ കാര്യമാണ്. എല്ലാറ്റിനുമൊപ്പം ‌ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുമെത്തുന്നവരെയും നിറഞ്ഞ സ്നേഹത്തോടെ മാത്രം സ്വീകരിക്കുന്ന ബാലിക്കാരും സന്ദര്‍ശകരുടെ മനം കവരും.

10. ബോറ ബോറ, ഫ്രഞ്ച് പോളിനേഷ്യ

ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകള്‍ പട്ടികപ്പെടുത്തിയാല്‍ അതില്‍ ഉറപ്പായും ബോറ ബോറ ഉണ്ടാകും. ടര്‍ക്കോയിസ് നിറത്തില്‍ ദ്വീപിനെ ചുറ്റിക്കിടക്കുന്ന കടല്‍. വെള്ള മണത്തരികകള്‍ വിരിച്ച വൃത്തിയുള്ള തീരം. തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങിന്റെ നിര. മലനിരകളും കൊടുമുടികളും അ​ഗ്നിപര്‍വ്വതങ്ങളും മഴക്കാടുകളും ഒക്കെയായി ഫ്രഞ്ച് പോളിനേഷ്യയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഉട്ടോപ്യ തന്നെയാണ് ഈ അതിമനോഹരമായ ദ്വീപസമൂഹം.

ഫ്രഞ്ചു പോളിനേഷ്യയിലെ ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗത്തുള്ള ലീവാർഡ് ഗ്രൂപ്പിൽപ്പെട്ട 30.55 കിമീ 2 വിസ്തീർണ്ണമുള്ള ഒരു ദ്വീപ സമൂഹമാണ് ബോറ ബോറ. പപ്പിതെയുടെ വടക്കുപടിഞ്ഞാറ് 230 കിലോമീറ്റർ വരുന്ന പ്രധാന ദ്വീപിനു ചുറ്റിലും പവിഴപ്പുറ്റുകളും ലഗൂണുകളും കാണപ്പെടുന്നു. ഒരു ആഡംബര ദ്വീപ് ആയതുകൊണ്ട് തന്നെ ദ്വീപിലേക്കുള്ള യാത്രയും അല്പം ചിലവേറിയതാണ്.  

11. ‌ഈജിപ്തിലെ പിരമിഡുകൾ

മൂവായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ആഭരണങ്ങളും സു​ഗന്ധ ദ്രവ്യങ്ങളുമെല്ലാം  ഉപയോഗിച്ചിരുന്ന ഒരു ജനത, സമസ്ത വിഷയങ്ങളിലും അവര്‍ക്ക് പാണ്ഡിത്യമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന നിര്‍മിതികള്‍, ഈജിപ്തിലെ മമ്മികളെക്കുറിച്ച് അത്ഭുതവും കൗതുകവും കൂടാതെ കേട്ടിരിക്കാനാകില്ല. പിരമിഡുകളും ക്ഷേത്രങ്ങളും നിധികളൊളിപ്പിച്ച ശവകുടീരങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന വിസ്മയ ഭൂമിയാണിവിടം.

ഈജിപ്തിലെ ഏറ്റവും പുരാതന നഗരമായ കെയ്റോ നിരവധി സഞ്ചാരികൾ എത്തുന്നൊരിടം കൂടിയാണ്. ഗിസയിലെ പിരമിഡും പുരാവസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള മ്യൂസിയവുമെല്ലാമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. പിരമിഡുകളിലെ ഏറ്റവും വലുതും പഴക്കമേറിയതുമാണ് ഗിസയിലെ പിരമിഡ്. പ്രാചീനകാലത്തെ ഏഴു അദ്ഭുതങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഒന്നാണിത്. ​ഗിസയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സക്കാറ ഈജിപ്തിലെ ഏറ്റവും വലിയ പുരാവസ്തു ഗവേഷണ പ്രദേശമാണ്. അനേകം ഫറോവമാരുടെ മൃതശരീരങ്ങൾ പതിനൊന്ന് പ്രധാന പിരമിഡുകളിലായാണ് ഇവിടെ അടക്കിയിരിക്കുന്നത്.

പുരാതന ഈജിപ്തിലെ രാജകീയ തലസ്ഥാനമായ മെംഫിസ്, ഫറവോമാരുടെ ശവകുടീരങ്ങള്‍ സ്ഥിതിചെയ്യുന്ന നൈലിന്റെ തീരങ്ങള്‍ തുടങ്ങിയവയെല്ലാം ജിവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടു പോകണമെന്ന് ലക്ഷക്കണക്കിന് ആളുകള്‍ ആ​ഗ്രഹിക്കുന്നു.

12. ധ്രുവദീപ്തി കാണാന്‍ ഐസ്‌ലാൻഡിലേക്ക്

പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങളുടെ നാടാണ് ഐസ്‌ലാൻഡ്. തീയുടെയും മഞ്ഞിന്റെയും നാട്... കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്ന ഐസ്‌ലാൻഡ് അക്ഷരാര്‍ഥത്തില്‍ കാഴ്ചകളുടെ ഒരു വിസ്മയ ലോകമാണ്. നാല് ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യ ഉള്ള ഐസ്‌ലാന്‍ഡില്‍ മനുഷ്യരേക്കാളധികം ആടുകളാണ്. യൂറോപ്പിലെ ഏറ്റവും വലിയ ഹിമാനി സ്ഥിതി ചെയ്യുന്നതിവിടെയാണ്.

ഏഴ് പ്രാകൃതിക വിസ്മയങ്ങളില്‍ ഒന്നായ ധ്രുവദീപ്തി ഏറ്റവും വ്യക്തമായും വര്‍ഷം മുഴുവനും കാണാനാകുന്നത് ഇവിടെയാണ്.  ആകാശത്തിന്റെ ക്യാന്‍വാസില്‍ നേരിയ പച്ചയും നീലയും ചുവപ്പും ഓറഞ്ചും ‌ചായക്കൂട്ടുകള്‍ ചിതറിച്ച് പ്രകൃതി ഒരുക്കുന്ന ഈ വിസ്മയം കാണാന്‍ ചിലപ്പോള്‍ കുറച്ച് ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരും. എങ്കിലും ആ കാഴ്ച പകരുന്ന ഈ അത്ഭുതകരമായ അനുഭൂതി അതിമനോഹരവും അവിസ്മരണീയവുമാണ്.

13. ന്യൂയോർക്ക് സിറ്റി, യുഎസ്എ

ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ മുൻപന്തിയിലുളള ന്യൂയോർക്ക് സിറ്റി എല്ലാ വിഭാഗം ജനങ്ങളേയും ആകർഷിക്കാൻ പോന്ന സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന നഗരമാണ്.  എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, സെൻട്രൽ പാർക്ക്, ഗഗ്ഗൻഹൈം മ്യൂസിയം ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന നിരവധി കാര്യങ്ങള്‍ ഈ കോസ്‌മോപൊളിറ്റൻ  ന​ഗരത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.  ഭക്ഷണം കഴിക്കുകയോ, നൃത്തം ചെയ്യുകയോ, ഷോപ്പിംഗ് നടത്തുകയോ, തീയറ്ററുകളിൽ പോകുകയോ, നിങ്ങളുടെ താൽപ്പര്യങ്ങൾ എന്തുതന്നെയായാലും അതാസ്വദിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കും. 

ജനനിബിഡമായ ന​ഗരത്തില്‍ രാത്രിയും പകലും ഒരുപോലെ ആകര്‍ഷണീയമായി തലയുയര്‍ത്തി നില്‍ക്കുന്ന അംബരചുംബികളായ മനോഹരമായ കെട്ടിട സമുച്ചയങ്ങള്‍  ഈ നഗരത്തിന്റെ സവിശേഷതയാണ്.

14. താജ്‌മഹൽ, ഇന്ത്യ

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. 1600-കളുടെ മധ്യത്തിൽ  മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ്മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.

സമചതുരാകൃതിയിലുള്ള പ്ലാറ്റ്ഫോമിലാണ് താജ്മഹല്‍ സ്ഥിതിചെയ്യുന്നത്. മധ്യഭാഗത്ത് മുകളിൽ കുംഭഗോപുരം. പ്ലാറ്റ്ഫോമിന്റെ ഓരോ മൂലയിലും മിനാരങ്ങളുണ്ട്. കുംഭഗോപുരത്തിന്റെ താഴെയാണ് മുംതാസ് മഹലിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ളത്. തൊട്ടടുത്തു തന്നെ ഷാജഹാന്റെ ഭൗതികാവശിഷ്ടവുമുണ്ട്.

15. അങ്കോർ വാട്ട്, കംബോഡിയ

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് അങ്കോർ വാട്ട്. കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. 12-ആം നൂറ്റാണ്ടിൽ ഖമേറുകൾ നിർമ്മിച്ച ഈ സ്ഥലം കംബോഡിയയുടെ ഹൃദയമായി വർത്തിക്കുന്നു. കാടിനുള്ളിൽ 400 ഏക്കറിലധികം സ്ഥലത്ത് ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ചിരിക്കുന്ന ഈ ക്ഷേത്രം ‌ യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

16. നയാഗ്ര വെള്ളച്ചാട്ടം, കാനഡ

വെള്ളച്ചാട്ടങ്ങളോട് വല്യ താത്പര്യങ്ങള്‍ ഒന്നുമില്ലാത്തവരെപോലും ആകര്‍ഷിക്കുന്ന പ്രകൃതി വിസ്മയങ്ങളിൽ ഒന്നാണ് നയാ​ഗ്ര. കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യുഎസ് സംസ്ഥാനമായ ന്യൂയോർക്കിനുമിടയിൽ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കൻ ഫാൾ‌സ്, ബ്രൈഡൽ വെയ്‌ൽ ഫാൾ‌സ്, കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾ‌സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ചേർ‌ന്നാണ് നയാഗ്ര രൂപംകൊള്ളുന്നത്.

ഓരോ സെക്കൻഡിലും 3,100 ടണ്ണിലധികം വെള്ളമാണ് താഴേക്ക് പതിക്കുന്നത്. അതിമനോഹമായ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ദിവസവും പതിനായിരക്കണക്കിന് പേര്‍ ഇങ്ങോട്ട് ഒഴുകി എത്തുന്നതുകൊണ്ടുതന്നെ ഈ ന​ഗരം പൂര്‍ണമായും ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. വിനോദ സഞ്ചാരികളെ ആനന്ദിപ്പിക്കാനായി വാട്ടര്‍ ​ഗെയിംസും, അക്വേറിയങ്ങളും മ്യൂസിയങ്ങളുമടക്കം വേണ്ടതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

17. ദുബായ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്

കുന്നും മലയും കടലും ഒക്കെ പോലെ ഈ ഭൂമിയുടെ മറ്റൊരു പ്രധാന അവയവമായ മരുഭൂമിയുടെ വിസ്മയങ്ങള്‍ ലോകത്ത് ഏറ്റവും മനോഹരമായി ആസ്വദിക്കാനാകുന്നിടങ്ങളിലൊന്നാണ് ദുബായ്. എന്നാല്‍ ദൂബായ് ഒരുക്കുന്ന വിസ്മയം മരുഭൂമിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ലോകത്തെ ഏറ്റവും മികച്ച അഞ്ച് ന​ഗരങ്ങളില്‍ ഒന്നാണിവിടം. മികച്ച ഷോപ്പിങ് അനുഭവത്തിനും ‌ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനും വാസ്തുവിദ്യയുടെ സാങ്കേതികതയുടെയും ഏറ്റവും നൂതനമായ കുതിപ്പ് കണ്ടറിയുന്നതിനും താത്പര്യമുള്ളവര്‍ക്ക് ഈ മധ്യ പൂര്‍വ്വദേശ സങ്കേതം ഒരു സ്വര്‍​ഗമാണ്.

ന​ഗരത്തിലെവിടെയും ബുർജ് ഖലീഫ പോലെ മേഘങ്ങളോളംപോന്ന അംബരചുംബികളായ കെട്ടിടങ്ങള്‍. കൂറ്റന്‍ അക്വേറിയങ്ങളും ഇൻഡോർ സ്കി സ്ലോപ്പും ഒക്കെയായി വിനോദത്തിനു കൂടി അവസരമൊരുക്കിക്കൊണ്ടുള്ള ഷോപ്പിങ് മാളുകള്‍. രാജകീമായ മനുഷ്യ നിര്‍മിത ദ്വീപുകളും അവയില്‍ നിര്‍മ്മിച്ചിരിക്കുന്ന ആഡംബര റിസോർട്ടുകളും ദുബായില്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം.

അതി മനോഹരമായ ജുമൈറ മസ്ജിദ്, ഷെയ്ഖ് സയീദ് അൽ-മക്തൂം ഹൗസ് എന്നിവ പോലെ  സാംസ്കാരിക പ്രാധാന്യം വിളിച്ചോതുന്ന ഇടങ്ങളും ന​ഗരത്തിലെത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാം.

18. ഗ്രേറ്റ് ബാരിയർ റീഫ്, ഓസ്‌ട്രേലിയ

ഫൈൻഡിങ് നെമോ, ഫൈൻഡിങ് ഡോറി തുടങ്ങിയ സിനിമകൾ കണ്ടവർ വിസ്മയിപ്പിക്കുന്ന രൂപങ്ങളും വര്‍ണങ്ങളുമുള്ള മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്ന വര്‍ണാഭമായ വിസ്മയ ലോകം ഒരിക്കലും മറക്കില്ല. ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് ആണ് പവിഴപ്പുറ്റുകളാല്‍ നിര്‍മിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഈ പവിഴ വൻമതില്‍. ‍ക്വീൻസ്‌ലാന്റിന്റെ അറ്റം മുതൽ തെക്കൻ പട്ടണമായ ബുണ്ടാബെർഗ് വരെ 2,300 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജൈവ വൈവിധ്യത്തിന്റെ അത്ഭുത ലോകമാണിത്. 

ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള, പ്രകൃതി വിസ്മയങ്ങളില്‍ ഒന്നായ ഗ്രേറ്റ് ബാരിയർ റീഫ്, ന​ഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത സൂപ്ലാങ്ക്ടൺ മുതൽ ഉഷ്ണമേഖലാ മത്സ്യങ്ങൾ, ഡുഗോങ്ങുകൾ, ഡോൾഫിനുകൾ തുടങ്ങിയ സമുദ്ര സസ്തനികൾ വരെ നിറഞ്ഞ ഒരു സമ്പന്നമായ ആവാസവ്യവസ്ഥയാണ്.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ മത്സ്യങ്ങള്‍ നീങ്ങുന്ന ശബ്ദംമാത്രം കേള്‍ക്കുന്ന വിശാലമായ സമുദ്ര പ്രദേശം അനുഭവവേദ്യമാക്കാവുന്നതാണ്. വെള്ളത്തിനടിയിലെ ഈ വിസ്മയലോകം നിങ്ങൾക്ക് പകരുന്നത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും അവിശ്വസനീയമായ അനുഭവങ്ങളിലൊന്നാകുമെന്ന് ഉറപ്പ്.
ഖേദകരം എന്ന് പറയട്ടെ സമീപകാല പഠനങ്ങൾ പറയുന്നതനുസരിച്ച് ആ​ഗോളതാപനം മൂലം ഗ്രേറ്റ് ബാരിയർ റീഫ് നശിച്ചുകൊണ്ടിരിക്കുകയാണ്. അത്കൊണ്ട് തന്നെ ഇവിടേക്ക് പോകാനാ​ഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് ആ  യാത്ര പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ഒരു പ്രവൃത്തിയും ഈ വിസ്മയ ജൈവവൈവിധ്യത്തിനു ദോഷമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

19. തഹീതി, ഫ്രഞ്ച് പോളിനേഷ്

ദക്ഷിണ പസിഫിക് സമുദ്രത്തിലെ ഒരു ദ്വീപാണ് തഹീതി. ഫ്രഞ്ച് പോളിനേഷ്യയുടെ ഭാഗമായ വിൻഡ്വേഡ് ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപാണിത്. മനോഹരമായ ഭൂപ്രകൃതിയും പ്രസന്നമായ കാലാവസ്ഥയും കൊണ്ട് ശ്രദ്ധേയമാണിവിടം.

അയല്‍ ദ്വീപായ ‍ബോറ ബോറയേക്കാൾ അൽപ്പം കൂടി മനോഹരിയാണ് തഹീതി. ബോറബോറ സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുന്ന മനോഹരമായ നീല സമുദ്രങ്ങളും ചടുലമായ പവിഴപ്പുറ്റുകളും സമൃദ്ധമായ പർവതപ്രദേശങ്ങളുമെല്ലാം കുറച്ചുകൂടി ആവേശത്തോടെ തഹീതി ഉറപ്പാക്കുന്നു.

ബീച്ചുകള്‍ക്ക് അപ്പുറത്ത് മറ്റു പലതും തഹീതി സന്ദര്‍ശകര്‍ക്ക് വാ​ഗ്ദാനം ചെയ്യുന്നു. ഫ്രഞ്ച്, പോളിനേഷ്യൻ സംസ്കാരങ്ങളുടെ ആകർഷണീയമായ മിശ്രിതമാണ് ദ്വീപിന്റെ തലസ്ഥാനമായ പപ്പേറ്റെ. മികച്ച റെസ്റ്റോറന്റുകൾ, പ്രശസ്തമായ റിസോർട്ടുകൾ, മ്യൂസിയങ്ങൾ, ഷോപ്പിംഗ് സെന്ററുകള്‍ എല്ലാം ഇവിടെയുണ്ടാകും.

വെള്ളച്ചാട്ടങ്ങളും തടാകങ്ങളും മനോഹരമായ താഴ്‌വരകളും നഗരത്തിന് പുറത്ത് സന്ദര്‍ശകരെ കാത്തിരിക്കുന്നു. ദ്വീപിലൂടെ ഒരു കരയാത്ര നടത്തുക, തടാകങ്ങളിലോ സമുദ്രങ്ങളിലോ നീന്തി നടക്കുക, ബോട്ടില്‍ കയറി തിമിം​ഗല നിരീക്ഷണത്തിനു പോകുക.. അങ്ങനെയങ്ങനെ തഹീതിയില്‍ നിങ്ങള്‍ക്ക് ഓരോ നിമിഷവും ആനന്ദകരമാക്കാന്‍ വഴികള്‍ അനേകമുണ്ട്.

20. ഇഗ്വാസു വെള്ളച്ചാട്ടം, അർജന്റീന

അർജന്റീനയുടെയും ബ്രസീലിന്റെയും അതിർത്തിയില്‍ സഞ്ചാരികളുടെ മനം കവരുന്ന  ഇ​ഗ്വാസു വെള്ളച്ചാട്ടം ലോകത്തെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്. ഏകദേശം മൂന്ന് കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന 275 വ്യത്യസ്ത വെള്ളച്ചാട്ടങ്ങളുടെ ഒരു വലിയ ശൃംഖലയാണിത്. തെക്കേ അമേരിക്കയിലെ ഏറ്റവും ആകർഷണീയമായ സൈറ്റുകളിൽ ഒന്നായ ഇവിടം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

60 മുതൽ 80 മീറ്റർ വരെ ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളത്തിന്റെ ഇടിമുഴക്കത്തിന് സമാനമായ ശബ്ദം സന്ദർശകരെ കീഴടക്കുന്നു. ബ്രസീലിലെ ഇഗ്വാസു നാഷണൽ പാർക്കിലെയും അജന്റീനയിലെ ഇഗ്വാസു നാഷണൽ പാർക്കിലെയും സമൃദ്ധമായ മഴക്കാടുകളിൽ നിന്നും ഈ വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കാം. വെള്ളച്ചാട്ടത്തിന്റെ 80 ശതമാനവും അര്‍ജന്റീനയിലാണെങ്കിലും അതിന്റെ ഭം​ഗി ഏറ്റവും മനോഹരമായി കണ്ടാസ്വദിക്കാനാകുക ബ്രസീലില്‍ നിന്നാണ്.

21. റോം, ഇറ്റലി

കൊളോസിയം, പാന്തിയോൺ, സെന്റ് പീറ്റേഴ്‌സ് ബസിലിക്ക എന്നിവ ഉള്‍പ്പെടെ യൂറോപ്പിലെ ഏറ്റവും അറിയപ്പെടുന്ന പല പ്രധാന സ്ഥലങ്ങളും റോമിലാണ്. ഭൂതകാലത്തിന്റെയും വർത്തമാനത്തിന്റെയും മികച്ച മിശ്രിതമാണ് റോം. റോമന്‍ ഫോറം ഉള്‍പ്പെടെയുള്ള പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍,  സെന്റ് ജോൺ ലാറ്ററന്‍ ബസലിക്ക അടക്കമുള്ള ദേവാലയങ്ങള്‍, എറ്റവും സ്വാദിഷ്ടവും കേട്ടുകേള്‍വിയില്ലാത്തതുമായ ഭക്ഷണം വിളമ്പുന്ന അത്യാധുനിക ഹോട്ടലുകള്‍  അങ്ങനെയെല്ലാമെല്ലാം റോമില്‍ കണ്ടെത്താനാകും.
നഗരത്തിലെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന ഉരുളൻകല്ലുകള്‍ പാകിയ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോള്‍ വിസ്മയിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ നിങ്ങളെ കാത്ത് അവിടെയുണ്ടാകും. എല്ലാ കോണിലും ജെലാറ്റോ മധുരം വിളമ്പുന്ന കടകളും അതിമനോഹരമായ ജലധാരകളും ബറോക് വാസ്തുവിദ്യയില്‍ നിര്‍മിച്ച വിശാലമായ കെട്ടിടങ്ങളും ഷോപ്പിങ് സൈറ്റുകളുമെല്ലാം റോമില്‍ നിങ്ങളെ കാത്തിരിക്കുന്നു.

22. ഡാൽമേഷ്യൻ തീരം, ക്രൊയേഷ്യ

നഗരവൽക്കരണത്തിന്റെ പശ്ചാത്തലത്തിലും സംരക്ഷിക്കപ്പെടുന്ന, മങ്ങാത്ത പ്രകൃതി വൈഭവത്തിന്റെയും കൗതുകമുണർത്തുന്ന പുരാവസ്തുക്കളുടെയും സമന്വയമാണ് ക്രൊയേഷ്യ. ഭൂതകാലത്തിന്റെ ഒര്‍മകള്‍ പേറി നില്‍ക്കുന്ന ന​ഗരം മഹത്തായ വാസ്തുവിദ്യകളാൽ നിറഞ്ഞതാണ്. അത്യാകര്‍ഷകമായ പ്രകൃതിദൃശ്യങ്ങളും അപൂർവയിനം സസ്യജന്തുജാലങ്ങളാലും നിറഞ്ഞതാണ് ഇവിടുത്തെ ദേശീയ ഉദ്യാനങ്ങൾ.

ക്രൊയേഷ്യയുടെ അത്യാകർഷകമായ ഡാൽമേഷ്യൻ തീരത്ത് കൂടി ഒരു ആഡംബരക്കപ്പല്‍ യാത്ര നടത്തുക, അഡ്രിയാറ്റിക് കടലിലെ തെളിഞ്ഞ് നീലനിറത്തിലുള്ള വെള്ളത്തിന് മുകളിൽ നിന്ന് തീരത്തിന്റെ അസാധാരണമായ പ്രകൃതിയുടെ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണാൻ കഴിയും. ചുണ്ണാമ്പുകല്ലുകളില്‍ തീര്‍ന്ന പുരാതന മതിലുകളുള്ള പട്ടണങ്ങൾ, കുന്നിൻമുകളിലെ കൊട്ടാരങ്ങൾ, മനോഹരമായ തുറമുഖങ്ങൾ അങ്ങനെ അനവധി കാഴ്ചകള്‍ ഇവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്.

അതിമനോഹരമായ ബീച്ചുകളോ ആകർഷകമായ ദ്വീപ് ഗ്രാമങ്ങളോ സന്ദർശിക്കുക, ഡുബ്രോവ്നിക്കിലെ സ്ട്രാ‌ഡൂ‌ണിൽ അതുവരെ രുചിച്ചിട്ടില്ലാത്ത ഭക്ഷണം ആസ്വദിക്കുക, സ്‍പ്ലിറ്റിലെ ഡയോക്ലെഷ്യൻസ് കൊട്ടാരമോ ഹ്വാറിലെ സ്റ്റാരി ഗ്രാഡ് സമതലമോ പോലുള്ള യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകൾ സന്ദര്‍ശിക്കുക അങ്ങനെയങ്ങനെ അനന്തമായ അനുഭവങ്ങള്‍ ഇവിടം ഓരോ യാത്രികനും വാ​ഗ്ദാനം ചെയ്യുന്നു.

23. സിന്‍ക് ടെറെ, ഇറ്റലി

സിന്‍ക് ടെറെക്ക് സന്ദര്‍ശകരെ ശ്വാസം മുട്ടിക്കുന്ന സൗന്ദര്യമാണെന്നാണ് പറയാറ്. അഞ്ച് ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന ഈ ഇറ്റാലിയന്‍ പറുദീസയുടെ മനോഹാരിതയിൽ അത്ഭുതപ്പെടാതിരിക്കുക എന്നത് അക്ഷരാർത്ഥത്തിൽ അസാധ്യമാണ്. തിളങ്ങുന്ന നീല കടലിന്റെ തീരത്ത് സമൃദ്ധവും ദുർഘടവുമായ പർവതങ്ങളുടെയും പച്ചപ്പിന്റെയും പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ക്ലിഫ്-ടോപ്പ് വീടുകൾ. ഇതിലും മനോ​ഹരമായ ഒരു ക്രമീകരണം മറ്റെവിടെ കണ്ടെത്താനാകും? ഏതൊരാളെയും എത്രനേരം വേണമെങ്കിലും ലിഗൂറിയൻ കടലിലേക്ക് കണ്ണും നട്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന അതിശാന്തമായ അന്തരീക്ഷമാണിവിടെ എല്ലായിപ്പോഴും.

24. ഗാലപ്പഗോസ് ദ്വീപുകൾ, ഇക്വഡോർ

Image credit: Wikimedia Common

Image credit: Wikimedia Common

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നു 973 കിലോമീറ്റർ വടക്കുപടിഞ്ഞാറായി പൂർവ–പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് ഗാലപ്പഗോസ്. ഭൂകമ്പങ്ങളുടെയും സ്ഫോടനങ്ങളുടെയും ഫലമായുണ്ടായ ലാവയാൽ നിർമിതമായ 19  ദ്വീപുകളുടെ കൂട്ടമാണിത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവിടം  ഇക്വഡോറിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

വന്യജീവികളെ അവരുടെ ആവാസവ്യവസ്ഥക്കുള്ളില്‍ നിന്ന് കാണാനുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായതിനാല്‍ ഗാലപ്പഗോസ് ദ്വീപുകൾ ലോകമെമ്പാടുമുള്ള പ്രകൃതിസ്‌നേഹികളുടെ ഒരു ബക്കറ്റ് ലിസ്റ്റ് ലക്ഷ്യസ്ഥാനമായി ഇതിനകം മാറിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്നതും മറ്റെങ്ങും കാണാത്തതുമായ സസ്യ– ജന്തു വർഗങ്ങളുടെ ജീവിതസങ്കേതമായി ഈ പ്രദേശം നിലനിൽക്കുന്നു.

ഈ ദ്വീപുകളിൽ മാത്രം കാണുന്ന പ്രത്യേക ആവാസ വ്യവസ്ഥയും ജൈവ സാന്നിധ്യവുമാണ് ‘പ്രകൃതി നിർധാരണത്തിലൂടെയുള്ള പരിണാമം’ എന്ന സിദ്ധാന്തം ആവിഷ്കരിക്കാൻ ചാൾസ് ഡാർവിനെ പ്രേരിപ്പിച്ച സംഗതി. ഗാലപ്പഗോസ് എന്ന സ്പാനിഷ് വാക്കിന്റെ അർഥം തന്നെ വലിയ കരയാമ എന്നാണ്. ഉരഗ വർഗത്തിൽപെട്ട 415 കിലോയിലധികം തൂക്കം വരുന്ന ഭീമനാമയുടെ സാന്നിധ്യം ഇവിടെയുള്ളതിനാലാണ് ദ്വീപുകൾക്ക് ഈ പേരു വീണത്. കടല്‍ത്തീരങ്ങളില്‍ കൂട്ടം കൂടുന്ന ആമകളും ഉല്ലസിക്കുന്ന പെന്‍​ഗ്വിനുകളുമൊക്കെ ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

25. ന്യൂ ഓർലിയൻസ്, യുഎസ്എ

അമേരിക്കന്‍ സംസ്ഥാനമായ ലൂസിയാനയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ന്യൂ ഓർലിയൻസ്. ക്രിയോൾ, ആഫ്രിക്കൻ അമേരിക്കൻ, ഫ്രഞ്ച് സംസ്കാരത്തിന്റെ മിശ്രിതമാണ് ഈ ന​ഗരം. ഭക്ഷണം, വാസ്തുവിദ്യ, വിശ്വാസം, കല തുടങ്ങി എല്ലായിടത്തും അതിന്റെ സ്വാധീനം അനുഭവവേദ്യമാണ്. ഏത് പാതിരാത്രിയിലും ജാസ് സം​ഗീതം ഒഴുകിയെത്തുന്ന തെരുവുകളാണ് ഈ ന​ഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇവിടെ നടക്കുന്ന മാർഡി ഗ്രാസ് ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ ഉത്സവങ്ങളില്‍ ഒന്നാണ്. ഫെബ്രുവരി മുതൽ മെയ് വരെയുള്ള മാസങ്ങളില്‍ ഈ ആഘോഷങ്ങളുടെ ഭാഗമാകാന്‍ പതിനായിരങ്ങളാണ് ഇങ്ങോട്ടേക്ക് ഒഴികിയെത്താറ്. തിളങ്ങുന്ന വസ്ത്രങ്ങളും മുഖംമൂടിയുമണിഞ്ഞ് ഓർലിയൻസിലൂടെ അലഞ്ഞു തിരിയുക, പരേഡുകളില്‍ ഭാ​ഗമാകുക, ജാസ് സം​ഗീതം അതിന്റെ ഏറ്റവും മനോഹാരിതയില്‍ കേള്‍ക്കുക, ക്രിയോള്‍ ഭക്ഷണ വൈവിധ്യങ്ങള്‍ ആസ്വദിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവിടെ സന്ദര്‍ശകരെ കാത്തിരിപ്പുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top