ഇനി വാട്ട്സാപ്പ് മെസ്സേജിന് നെറ്റും വേണ്ട..! 'പീപ്പിൾ നിയർബൈ' പരിചയപ്പെടുത്താൻ വാട്ട്സാപ്പ്

ഇന്റർനെറ്റ് ഇല്ലാതെ തന്നെ സന്ദേശങ്ങൾ കൈമാറാനുള്ള ഫീച്ചർ പരീക്ഷിച്ച് വാട്ട്സാപ്പ്. ദൂരെയുള്ള ആളുകളിലേക്ക് സന്ദേശങ്ങൾ കൈമാറാനുള്ള ഏറ്റവും എളുപ്പമുള്ള ഉപാധിയായി വാട്ട്സാപ്പ് മാറിയത് ചുരുങ്ങിയ കാലം കൊണ്ടാണ്. എന്നാൽ ഇപ്പോൾ തൊട്ടടുത്തുള്ള ആളുകളിലേക്ക് ഇന്റർനെറ്റ് ഇല്ലാതെ തന്നെ സന്ദേശങ്ങൾ കൈമാറാം എന്ന ഫീച്ചറാണ് വാട്ട്സാപ്പ് പരീക്ഷിക്കാനൊരുങ്ങുന്നത്. ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് ഇന്റർനെറ്റ് ഇല്ലാതെ തന്നെ പ്രവർത്തിക്കാനുള്ള സംവിധാനം ലഭ്യമാക്കാനുദ്ദേശിക്കുന്നത്. ബീറ്റാ ടെസ്റ്റിംഗിന് ശേഷം പൊതുവേയുള്ള ഉപഭോക്താക്കൾക്ക് കൂടെ ഈ ഫീച്ചർ ഉപയോഗപ്പെടുത്താനാകും.
എന്നാൽ ചില അനുമതികളോട് കൂടി മാത്രമേ 'പീപ്പിൾ നിയർബൈ' ഫീച്ചർ എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കൂ. സ്റ്റോറേജ്, ഫയല്‍, ലൊക്കേഷന്‍ അനുമതികളും അടുത്തുള്ള ഡിവൈസുകൾ കണക്ട് ചെയ്യാനുള്ള ലോക്കൽ നെറ്റവർക്ക് അനുമതിയും നൽകിയാൽ ഈ ഫീച്ചർ ഉപയോഗിക്കാനാകും. വാട്ട്സാപ്പ് നൽകുന്ന എൻഡ് ടു എൻഡ് എന്‍ക്രിപ്ഷന്‍ എന്ന സുരക്ഷാ സംവിധാനം കൂടി നിലനിർത്തിയാണ് ഈ ഫീച്ചർ പരിചയപ്പെടുത്തുന്നത് എന്നതും ഒരു എടുത്തുപറയേണ്ട പ്രത്യേകതയാണ്.
കൂടുതൽ അഡ്വാൻസ് ആയ മറ്റു ഫീച്ചറുകളും ഇതോടൊപ്പം വാട്ട്സാപ്പ് പരിചയപ്പെടുത്തുന്നുണ്ട്. ഫോൺ നമ്പർ സേവ് ചെയ്യാതെ തന്നെ കാൾ ചെയ്യാനായുള്ള ഇൻ ആപ്പ് ഡയലറാണ് വാട്ട്സാപ്പ് മുന്നോട്ടുവയ്ക്കാനിരിക്കുന്ന മറ്റൊരു ഫീച്ചർ.








0 comments