ad
Deshabhimani

ഞാൻ അവളെ തൊട്ടിട്ട് പോലുമില്ല, ഒരിക്കലും അങ്ങനെ ചെയ്യില്ല'; ഫ്രഞ്ച് ഓപ്പണിനിടയിലെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ജോദാർ

jodar Pushed Ball Girl

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 30, 2026, 06:31 PM | 2 min read

പാരീസ്: ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിൽ അമേരിക്കൻ താരം അലക്സ് മിഷേൽസനെതിരെയുള്ള വിജയത്തിന് പിന്നാലെ, താൻ കോർട്ടിലെ ബോൾ ഗേളിനെ തള്ളി മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി സ്പാനിഷ് താരം റാഫേൽ ജോദാർ.


സെറ്റുകൾക്കിടയിലുള്ള വിശ്രമവേളയിൽ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും, താരം പെൺകുട്ടിയെ മനഃപൂർവ്വം തള്ളിയതാണോ എന്ന കാര്യത്തിൽ ദൃശ്യങ്ങൾ വ്യക്തത നൽകുന്നില്ല.


തന്റെ ഇടതു കൈകൊണ്ട് ബോക്സിലേക്ക് ഒരു വാട്ടർ ബോട്ടിൽ എറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബോൾ ഗേൾ ജോദാറിന്റെ മുന്നിലേക്ക് വന്നത്. "ഞാൻ അവളെ തൊട്ടിട്ട് പോലുമില്ല, ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല," ജോദാർ പറഞ്ഞു.


താരത്തിന്റെ മുന്നിൽ നിന്നും പെട്ടെന്ന് മാറാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ കാലിടറിയെങ്കിലും ഉടൻ തന്നെ അവർ ബാലൻസ് വീണ്ടെടുത്തിരുന്നു. ആ സമയം ജോദാർ ടോയ്‌ലറ്റ് ബ്രേക്കിന് ശേഷം തന്റെ പിതാവിനോട് സാധനങ്ങൾ ആവശ്യപ്പെട്ട് ഇടതു കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് കടന്നുപോകുകയായിരുന്നു. അതിനാൽ ഇരുവരും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള സമ്പർക്കം ഉണ്ടായോ എന്ന് വ്യക്തമല്ല.


"ഞാൻ അവളെ തള്ളുകയോ മറ്റോ ചെയ്തിട്ടില്ല. ടോയ്‌ലറ്റ് ബ്രേക്കിന് ശേഷം തിരികെ വരുമ്പോൾ എനിക്ക് തരാമെന്ന് ഏറ്റ സാധനങ്ങൾ ചോദിച്ച് ഞാൻ അച്ഛനോട് സംസാരിക്കുകയായിരുന്നു," മത്സരത്തിന് ശേഷം ജോദാർ കാര്യങ്ങൾ വിശദീകരിച്ചു.


"അവൾ എന്റെ വഴിക്ക് നടുവിലായിരുന്നു. അവിടെ നിന്നും മാറിനിൽക്കാൻ പിന്നോട്ട് നടക്കുന്നതിനിടയിലാണ് അവൾ വീണത്, അല്ലാതെ ഞാൻ തള്ളിയിട്ടല്ല." കോർട്ട് മൂടിയിരുന്ന കവറിൽ കാലുടക്കിയാണ് പെൺകുട്ടി വീണതെന്നും താരം കൂട്ടിച്ചേർത്തു.


"അവളുടെ തൊട്ടുപിന്നിലായിരുന്നു ആ കവർ ഉണ്ടായിരുന്നത്. പിന്നോട്ട് നടന്നപ്പോൾ അതിൽ തട്ടി വീഴുകയായിരുന്നു. ബോൾ കിഡ്സ് ചെയ്യുന്ന എല്ലാ ജോലികളെയും ഞാൻ ഏറെ ബഹുമാനിക്കുന്നുണ്ട്. കടുത്ത ചൂടിലും പ്രതികൂല സാഹചര്യങ്ങളിലും അവിടെ തുടരുക എന്നത് പ്രയാസമേറിയ കാര്യമാണെന്ന് എനിക്കറിയാം.


അതുകൊണ്ട് തന്നെ ഞാൻ അവരെ അഭിനന്ദിക്കുന്നു. ഒരു ബോൾ കിഡിനെ തള്ളിമാറ്റാൻ എനിക്ക് ഒരിക്കലും കഴിയില്ല," ജോദാർ വ്യക്തമാക്കി. മത്സരത്തിൽ 27-ാം സീഡായ റാഫേൽ ജോദാർ മികച്ച സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ താരം തന്റെ കരിയറിലാദ്യമായി ഒരു ഗ്രാൻഡ് സ്‌ലാം ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ പ്രവേശിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home