ad
Deshabhimani

ഫ്രഞ്ച് ഓപ്പണിൽ ലിംഗവിവേചന വിവാദം; വനിതാ അമ്പയർക്കെതിരെ സംസാരിച്ച പരാഗ്വേൻ താരത്തിന് കടുത്ത വിമർശനം

french open

അഡോൾഫോ ഡാനിയൽ വലേജോ | Photo Credit: AP

വെബ് ഡെസ്ക്

Published on May 29, 2026, 10:32 PM | 2 min read

പാരീസ്: ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ട് മത്സരത്തിൽ വനിതാ അമ്പയർ നിയന്ത്രിച്ചതിനെതിരെ ലിംഗവിവേചനപരമായ പരാമർശം നടത്തിയ പരാഗ്വേൻ ടെന്നീസ് താരം അഡോൾഫോ ഡാനിയൽ വലേജോയ്ക്ക് കടുത്ത വിമർശനം.


ആവേശം അണപൊട്ടി ഒഴുക്കുന്ന കാണികളെ നിയന്ത്രിക്കാൻ വനിതകൾക്ക് ആവശ്യത്തിന് 'ധൈര്യമില്ലെന്നും' ഇത്തരം മത്സരങ്ങൾ പുരുഷ അമ്പയർമാർ മാത്രമേ നിയന്ത്രിക്കാവൂ എന്നുമാണ് ലോക 71-ാം നമ്പർ താരമായ വലേജോ പറഞ്ഞത്.


കഴിഞ്ഞ വ്യാഴാഴ്ച കോർട്ട് സുസെയ്ൻ-ലെൻഗ്ലനിൽ നടന്ന കടുത്ത പോരാട്ടത്തിൽ ഫ്രഞ്ച് കൗമാരതാരം മോയിസ് കുവാമെയോട് വലേജോ പരാജയപ്പെട്ടിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് ആതിഥേയ താരമായ 17-കാരൻ കുവാമേ വിജയം സ്വന്തമാക്കിയത്. കളിയിലുടനീളം ഫ്രഞ്ച് കൗമാരതാരത്തിന് ഗാലറിയിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്.


മത്സരത്തിനിടയിൽ ഫ്രഞ്ച് കാണികൾ അതിരുവിട്ട് പെരുമാറിയെന്നും വല്ലാതെ ശല്യപ്പെടുത്തിയെന്നും ആരോപിച്ച വലേജോ, ബ്രസീൽ സ്വദേശിയായ അമ്പയർ അന കാർവാലോയ്ക്ക് കാണികളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് കുറ്റപ്പെടുത്തി. കൂടാതെ പോയിന്റുകൾക്കിടയിൽ കുവാമെയക്ക് കൂടുതൽ സമയം അനുവദിച്ചതിലും താരം അതൃപ്തി പ്രകടിപ്പിച്ചു.


സാധാരണയായി രണ്ട് പോയിന്റുകൾക്കിടയിൽ 25 സെക്കൻഡ് മാത്രമേ അനുവദിക്കാറുള്ളൂ എങ്കിലും, കാണികൾ ശാന്തരാകുന്നത് വരെ ഷോറ്റ് ക്ലോക്ക് തുടങ്ങാതിരിക്കാൻ അമ്പയർമാർക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിക്കാം.


"ഇത്തരം മത്സരങ്ങൾ പുരുഷന്മാരായ അമ്പയർമാർ നിയന്ത്രിക്കണമെന്നാണ് ഞാൻ കരുതുന്നത്," ക്ലേ മാഗസിനുമായുള്ള അഭിമുഖത്തിൽ വലേജോ പറഞ്ഞു. "ഒരു സ്ത്രീക്ക് ഇത് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം കാണികൾ വളരെ ശല്യപ്പെടുത്തുന്ന രീതിയിലാണ് പെരുമാറുന്നത്.


കാണികൾക്കെതിരെ നിലപാടുകളെടുക്കാൻ വലിയ ധൈര്യം ആവശ്യമാണ്. കാണികൾ ഇങ്ങനെയായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. അത് എന്നെ ബാധിച്ചില്ല, പക്ഷേ അത് അവന് കൂടുതൽ കരുത്ത് നൽകി."


ഒരു പുരുഷ അമ്പയർ ആയിരുന്നെങ്കിൽ മത്സരത്തിൽ വ്യത്യാസമുണ്ടാകുമായിരുന്നോ എന്ന ചോദ്യത്തിന്, "അതേ, തീർച്ചയായും വ്യത്യാസമുണ്ടാകുമായിരുന്നു. കാണികൾ വളരെ ബഹുമാനമില്ലാത്ത രീതിയിലാണ് പെരുമാറിയത്. സ്വന്തം നാട്ടുകാരനായ കളിക്കാരനെ അവർ പിന്തുണയ്ക്കുന്നത് എനിക്ക് മനസ്സിലാകും," എന്നായിരുന്നു വലേജോയുടെ മറുപടി.


പരാമർശം വലിയ വിവാദമായതോടെ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന പ്രതിരോധവുമായി വലേജോ രംഗത്തെത്തി. താൻ പൊതുവായി വനിതാ അമ്പയർമാരെ ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും അമ്പയർ അന കാർവാലോയെ വ്യക്തിപരമായി ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും എക്സ് പ്ലാറ്റ്‌ഫോമിലൂടെ താരം വ്യക്തമാക്കി. അതേസമയം ടൂർണമെന്റ് സംഘാടകരായ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home