ad
Deshabhimani

ഓൾറൗണ്ടർ മികവിൽ ഗ്രീൻഫീൽഡിൽ റോയലായി സിജോമോൻ

sijomom trivandrum royals
വെബ് ഡെസ്ക്

Published on Aug 25, 2026, 09:31 AM | 1 min read

തിരുവനന്തപുരം: ബാറ്റുകൊണ്ട് വെടിക്കെട്ട് തീർത്തും പന്തുകൊണ്ട് എതിരാളികളെ വരിഞ്ഞുമുറുക്കിയും ട്രിവാൻഡ്രം റോയൽസിന്റെ ഓൾറൗണ്ടർ സിജോമോൻ ജോസഫിന്റെ റോയൽ പ്രകടനം. പുറത്താകാതെ അർധ സെഞ്ചുറി നേടിയ സിജോമോൻ, പിന്നീട് ബൗളിംഗിലും കളം നിറഞ്ഞതോടെ ട്രിവാൻഡ്രം റോയൽസ് ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ആറാമനായി ക്രീസിലെത്തി പുറത്താകാതെ 37 പന്തിൽ 56 റൺസടിച്ച താരത്തിന്റെ ഓൾറൗണ്ട് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം 185 എന്ന മികച്ച സ്കോറിലേക്ക് കുതിച്ചെത്തിയത്.


സ്കോർബോർഡിന് അടിത്തറ പാകിയത് അക്ഷയ് മനോഹറും സിജോമോനും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. മികച്ച ഫോമിൽ ബാറ്റുവീശിയ ഇരുവരും 40 പന്തിൽ നിന്ന് 67 റൺസ് കൂട്ടിച്ചേർത്തു. 32 റൺസെടുത്ത അക്ഷയിനെ സാലി സാംസൺ മടക്കിയെങ്കിലും സിജോമോൻ സ്കോറിങ് വേഗം കുറച്ചില്ല. തുടർന്നെത്തിയ വിനോദ് കുമാറിനെ കൂട്ടുപിടിച്ച് ഡെത്ത് ഓവറുകളിൽ റണ്ണടിച്ചുകൂട്ടി. 26 പന്തിൽ നിന്നാണ് സഖ്യം 44 റൺസ് അടിച്ചെടുത്തത്.


ഇന്നിങ്സിന്റെ തുടക്കത്തിൽ കരുതലോടെ കളിച്ച സിജോമോൻ പതിനൊന്നാം ഓവറെറിഞ്ഞ മുഹമ്മദ് ആഷിഖിനെ ബൗണ്ടറി കടത്തിയാണ് തന്റെ അറ്റാക്കിങ് ഗെയിമിന് തുടക്കമിട്ടത്. 14-ാം ഓവറിൽ ആഷിഖിനെതിരെ തുടർച്ചയായി രണ്ട് ഫോറുകൾ കൂടി പായിച്ച് റൺറേറ്റ് ഉയർത്തി. ഈ ഓവറിൽ മാത്രം 16 റൺസാണ് പിറന്നത്. 15-ാം ഓവർ എറിഞ്ഞ കൊച്ചിയുടെ ക്യാപ്റ്റൻ സാലി സാംസൻ്റെ രണ്ട് പന്തുകൾ തുടരെ അതിർത്തി കടത്തി. ഇന്നിങ്സിലെ അവസാന രണ്ട് പന്തുകൾ ഫോറും സിക്സും പറത്തി സ്കോർ 185-ൽ എത്തിച്ചതിനൊപ്പം താരം തന്റെ അർധസെഞ്ചുറിയും പൂർത്തിയാക്കി. രണ്ട് സിക്സറുകളും അഞ്ച് ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.


ബാറ്റിങ്ങിലെ ഹീറോയിസത്തിന് പിന്നാലെ പന്തുമായി എത്തിയപ്പോഴും സിജോമോൻ എതിരാളികൾക്ക് വലിയ വെല്ലുവിളിയുയർത്തി. മൂന്ന് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ഈ ഓൾറൗണ്ടർ പിഴുതത്. മൊഹമ്മദ് ഷാനു, ആൽഫി ഫ്രാൻസിസ് എന്നിവരെ കൃത്യതയാർന്ന പന്തുകളിലൂടെ പവലിയനിലേക്ക് മടക്കിയ സിജോമോൻ ട്രിവാൻഡ്രത്തിന്റെ വിജയത്തിൽ നിർണായക സാന്നിധ്യമായി മാറി. മത്സരത്തിൽ കൊച്ചി ബ്ലൂടൈഗേഴ്സിനെ 55 റൺസിന് ട്രിവാൻഡ്രം റോയൽസ് പരാജയപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home