മല്ലറെഡ്ഡിക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് ആയിരങ്ങൾ; മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും

സാരമ്പള്ളി മല്ലറെഡ്ഡിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർ
ഹൈദരാബാദ്: സിപിഐ എമ്മിന്റെയും അഖിലേന്ത്യ കിസാൻ സഭയുടെയും മുതിർന്ന നേതാവ് സാരമ്പള്ളി മല്ലറെഡ്ഡി (89)ക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് ആയിരങ്ങൾ. ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ സിപിഐ എം തെലങ്കാന സംസ്ഥാന കമ്മിറ്റി ഓഫീസായ എം ബി ഭവനിൽ മല്ലറെഡ്ഡിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. സമൂഹത്തിന്റെ വിവിധതുറകളിൽപെട്ട നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തുകയാണ്.
ഉച്ചയോടെ സെക്കന്തരാബാദ് ഗാന്ധി ആശുപത്രിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. അതിനുശേഷം മെഡിക്കൽ വിദ്യാർഥികളുടെ പഠന ഗവേഷണങ്ങൾക്കായി ഗാന്ധി മെഡിക്കൽ കോളേജിന് കൈമാറും. കണ്ണിന്റെ കോർണിയ എൽ വി പ്രസാദ് ആശുപത്രിക്കും ചർമം സ്‌കിൻ ബാങ്കിനും കൈമാറി.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മല്ലറെഡ്ഡി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 2005 മുതൽ 2015വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി പ്രവർത്തിച്ചു. അവിഭക്ത ആന്ധ്രാപ്രദേശിൽ കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
തെലങ്കാന കർഷക സായുധ പോരാട്ടത്തിന്റെ ആവേശത്തിലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. കിസാൻ സഭ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2003ൽ അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡന്റായി. തെലങ്കാന മേഖലയിലെ നിരവധി കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ ആധാരമാക്കി ഇരുപത് പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.
ഭാര്യ: ഭാഗ്യലക്ഷ്‌മി. മക്കൾ: വാസുദേവ റെഡ്ഡി, മധുസൂദനൻ റെഡ്ഡി, സുനിത, പരേതയാ അനിത.









0 comments