Deshabhimani

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല: യുഎസ് സാമ്പത്തിക സമ്മർദങ്ങൾക്കെതിരെ തിരിച്ചടിച്ച് കാനഡ

Trump - Photo by FILIP SINGER / POOL / AFP

Photo by FILIP SINGER / POOL / AFP

വെബ് ഡെസ്ക്

Published on Aug 25, 2026, 09:32 AM | 2 min read

വാഷിങ്ടൺ: അമേരിക്കയുടെ ഏകപക്ഷീയമായ സാമ്പത്തിക സമ്മർദങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ മുട്ടുമടക്കില്ലെന്ന് കാനഡ. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ഭീമമായ തീരുവ പ്രഖ്യാപിച്ച് സമ്മർദത്തിലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത പ്രതിരോധവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്തെത്തി. അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങൾ ജനവിരുദ്ധവും 'മോശം കരാറു'മാണെന്ന് ചൂണ്ടിക്കാട്ടി ഉഭയകക്ഷി വ്യാപാര ചർച്ചകളിൽ നിന്ന് കാനഡ പിന്മാറി.


അമേരിക്ക നൽകിയ നിർദേശം ഒരു 'മോശം കരാർ' ആണെന്ന് ചൂണ്ടിക്കാട്ടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചർച്ചകളിൽ നിന്ന് പിന്മാറുകയും, അമേരിക്കയ്ക്ക് എതിരെ തീരുവകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അമേരിക്കൻ സ്റ്റീൽ, ക്ഷീര ഉൽപ്പന്നങ്ങൾ, കാർഷിക യന്ത്രങ്ങൾ, പേപ്പർ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയെ ലക്ഷ്യമിട്ടാണ് കാനഡ തീരുവകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പുതിയ കടുത്ത നിയന്ത്രണങ്ങൾ സെപ്തംബർ 8 മുതൽ പ്രാബല്യത്തിൽ വരും.


മരത്തിന്റെ ഉൽപ്പന്നങ്ങളുടെ 10 ശതമാനം തീരുവ ഒഴിവാക്കാമെന്നും വാഹനങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് കുറയ്ക്കാമെന്നും സ്റ്റീൽ തീരുവ പകുതിയാക്കാമെന്നും അമേരിക്ക വാഗ്ദാനം ചെയ്തിരുന്നതായി യു എസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ വ്യക്തമാക്കി. എന്നാൽ ഈ വാഗ്ദാനങ്ങൾ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മാർക്ക് കാർണി വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

അതിനുപിന്നാലെ, കാനഡയിൽ നിർമിക്കുന്ന വാഹനങ്ങളുടെ ഇറക്കുമതി തീരുവ അടുത്ത വർഷം മുതൽ ഇരട്ടിയാക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ച് രംഗത്തെത്തി. 2027 ജനുവരി 1 മുതൽ കാനഡയിൽ നിന്നുള്ള എല്ലാത്തരം കാറുകൾ, ട്രക്കുകൾ, വാഹന ഭാഗങ്ങൾ, സ്റ്റീൽ എന്നിവയുടെ ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്തുമെന്ന് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' അക്കൗണ്ടിലൂടെ വ്യക്തമാക്കി.


നിലവിൽ അമേരിക്കൻ നിർമിതമല്ലാത്ത ഭാഗങ്ങളുള്ള കനേഡിയൻ വാഹനങ്ങൾക്ക് 25 ശതമാനവും സ്റ്റീൽ ഇറക്കുമതിക്ക് 50 ശതമാനവുമാണ് യു എസ് തീരുവ ഈടാക്കുന്നത്. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം തീരുവ ചുമത്തുന്നത് ഒഴിവാക്കാൻ നടത്തിയ ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.


അമേരിക്കയിലേക്ക് കാനഡ നടത്തുന്ന ആകെ കയറ്റുമതിയുടെ 5.5 ശതമാനം ഉൽപ്പന്നങ്ങളെയാണ് പുതിയ തീരുവ നേരിട്ട് ബാധിക്കുന്നത്. ഹോക്കി സ്റ്റിക്ക് മുതൽ സിമന്റ് വരെയുള്ള ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള വ്യാപാരത്തെ ഈ തീരുമാനം ബാധിക്കും. അമേരിക്കയ്ക്ക് കാനഡയുടെ ആവശ്യമില്ലെന്നും എന്നാൽ കാനഡയ്ക്ക് മുന്നോട്ട് പോകാൻ അമേരിക്ക അത്യാവശ്യമാണെന്നും ട്രംപ് വാദിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home