കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ആലപ്പുഴ : കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ കുട്ടികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷയിൽ തീരുമാനമെടുക്കുന്നത് ജുവനൈൽ ജസ്റ്റിസ് ബോർഡ് 29 ലേക്ക് മാറ്റി. കേസിലെ രണ്ടുമുതൽ നാലുവരെ പ്രതികളെ അഞ്ചുദിവസത്തെ കസ്റ്റഡിയിലാവശ്യപ്പെട്ട് ഹരിപ്പാട് പൊലീസാണ് അപേക്ഷ നൽകിയത്.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകരുതെന്ന പൊലീസ് റിപ്പോർട്ടുകൂടി പരിഗണിച്ചാണ് തീരുമാനമെടുക്കുക. പ്രതികളെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്ത കുട്ടികൾ നിലവിൽ ഒബ്സർവേഷൻ ഹോമിലാണ്.
കുറ്റകൃത്യത്തിന്റെ ആസൂത്രണവും സ്വഭാവവും കൃത്യത്തിലെ ക്രൂരതയും പരിഗണിച്ച് പ്രായപൂർത്തിയാകാത്തവരെന്ന പരിഗണന കൂടാതെ ചോദ്യം ചെയ്യലും തെളിവെടുപ്പും അനുവദിക്കണമെന്ന് പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിലും തെളിവുശേഖരണത്തിലുമെല്ലാം ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ട്.
17നാണ് അമ്പലപ്പുഴ സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ (67) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അന്വേഷണത്തിലാണ് ശിവൻകുട്ടിയുടെ കൊച്ചുമകളായ 13കാരിയാണ് കൊലയ്ക്കുപിന്നിലെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ സുഹൃത്തുക്കളായ കൊല്ലം സ്വദേശികളാണ് കൊല നടത്തിയത്. അമിതമായ ഫോൺ ഉപയോഗത്തിന്റെ പേരിൽ ശിവൻകുട്ടിയും പെൺകുട്ടിയുമായി മുമ്പ് തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയത്. കൊലപാതകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വർണവും പ്രതികൾ അപഹരിച്ചു.









0 comments