ഇത് വിദർശാ മാജിക്; ഏഷ്യൻ ഗെയിംസിൽ രണ്ടാമത്തെ വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മലയാളി താരം വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലാണ് വിദർശ ഉൾപ്പെട്ട ഇന്ത്യൻ സംഘം വെള്ളി നേടിയത്. ആഷി ചൗക്സി, തിലോത്തമ സെൻ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ.
രാവിലെ നടന്ന യോഗ്യതാ മത്സരത്തിലെ മൂന്ന് ഇന്ത്യൻ താരങ്ങളുടെയും ആകെ പ്രകടനമാണ് ടീം മെഡൽ നിർണയിച്ചത്. ഇതോടെ വിദർശയുടെ ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം രണ്ടായി. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ എളവേനിൽ വാളറിവൻ, സോനം മാസ്കർ എന്നിവർക്കൊപ്പം വിദർശ വെള്ളി നേടിയിരുന്നു. അത് ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടവും വിദർശയ്ക്ക് സമ്മാനിച്ചിരുന്നു.
50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് വ്യക്തിഗത ഇനത്തിലും വിദർഷ മികച്ച പ്രകടനം പുറത്തെടുത്തു. യോഗ്യതാ റൗണ്ടിൽ ആദ്യ എട്ടിലെത്തി വ്യക്തിഗത ഫൈനലിലേക്ക് മുന്നേറി. തിലോത്തമ സെന്നും ഫൈനലിന് യോഗ്യത നേടി. വ്യക്തിഗത ഫൈനൽ ഇന്ത്യൻ സമയം രാവിലെ 9.30നാണ് നിശ്ചയിച്ചിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയായ 27കാരി വിദർഷയുടെ പ്രധാന ഇനങ്ങളിലൊന്നാണ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ്. കോളേജ് കാലത്ത് എൻസിസി ട്രയൽസിലൂടെയാണ് ഷൂട്ടിങ്ങിലേക്ക് എത്തിയത്. സ്വന്തമായി റൈഫിൾ പോലും ഇല്ലാതെ തുടക്കകാലത്ത് പരിശീലനം നടത്തിയ വിദർഷ പിന്നീട് വായ്പയെടുത്താണ് മത്സരത്തിനാവശ്യമായ ഉപകരണങ്ങൾ സ്വന്തമാക്കിയത്.
ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ രണ്ട് വെള്ളി മെഡലുകളാണ് വിദർഷ സ്വന്തമാക്കിയത്. വ്യക്തിഗത ഫൈനലിലും മെഡൽ നേടാനായാൽ ഒരേ ഏഷ്യൻ ഗെയിംസിൽ മൂന്ന് ഷൂട്ടിങ് മെഡലുകൾ നേടുന്ന അപൂർവ നേട്ടത്തിലേക്കാകും മലയാളി താരം എത്തുക.









0 comments