ദക്ഷിണാഫ്രിക്കൻ റഗ്ബി താരം ഹൈറൺ ആൻഡ്രൂസ് ഫ്രാൻസിൽ അന്തരിച്ചു

പാരിസ്: ദക്ഷിണാഫ്രിക്കൻ റഗ്ബി താരം ഹൈറൺ ആൻഡ്രൂസ് (31) ഫ്രാൻസിൽ വെള്ളിയാഴ്ച അന്തരിച്ചു. യൂറോപ്യൻ ചാമ്പ്യൻസ് കപ്പിൽ ലയൺസും ലാ റോഷെലും തമ്മിലുള്ള മത്സരത്തിന് തൊട്ടുമുമ്പാണ് താരത്തിന്റെ മരണം. ദക്ഷിണാഫ്രിക്കൻ റഗ്ബി ഭരണസമിതിയായ എസ്എ റഗ്ബിയും ലയൺസ് ക്ലബ്ബും മരണവാർത്ത സ്ഥിരീകരിച്ചു.
ലയൺസ് ടീം താമസിച്ചിരുന്ന ഹോട്ടലിനടുത്തുള്ള ഇൽ ദെ റെ ദ്വീപിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്തുനിന്ന് പൂട്ടിയ ഷവർ ക്യൂബിക്കിളിനുള്ളിലായിരുന്നു മൃതദേഹമെന്ന് ലാ റോഷെൽ പ്രോസിക്യൂട്ടർ ആർനോ ലറൈസ് അറിയിച്ചു.
മരണകാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടത്തുമെന്നും സംഭവത്തിൽ നിലവിൽ മറ്റാരുടെയെങ്കിലും ഇടപെടലിന് തെളിവുകളില്ലെന്നും അധികൃതർ വ്യക്തമാക്കി. വീഴ്ചയെ തുടർന്നാണ് ആൻഡ്രൂസ് മരിച്ചതെന്ന് എസ്എ റഗ്ബി അറിയിച്ചു.
ഈ സീസണിലാണ് ആൻഡ്രൂസ് ലയൺസ് ടീമിൽ ചേർന്നത്. ദക്ഷിണാഫ്രിക്കയിലെ കെസെഡ്എൻ ഷാർക്സിനും ഇംഗ്ലണ്ടിലെ സെയിൽ ഷാർക്സിനും വേണ്ടി താരം കളിച്ചിട്ടുണ്ട്. സെയിൽ ഷാർക്സിനായി 45 മത്സരങ്ങളിൽ കളിച്ച ആൻഡ്രൂസിന്റെ വിയോഗത്തിൽ ക്ലബ്ബുകളും സഹതാരങ്ങളും അനുശോചനം രേഖപ്പെടുത്തി.
ആൻഡ്രൂസിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ലയൺസ് സിഇഒ റുഡോൾഫ് സ്ട്രൗലി, മികച്ച താരമെന്നതിലുപരി ടീമിലെ പ്രിയപ്പെട്ട അംഗമായിരുന്നു അദ്ദേഹമെന്ന് പറഞ്ഞു. താരത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുന്നതായി സെയിൽ ഷാർക്സും വ്യക്തമാക്കി.
അതേസമയം, ലയൺസും ലാ റോഷെലും തമ്മിലുള്ള യൂറോപ്യൻ ചാമ്പ്യൻസ് കപ്പ് മത്സരം ശനിയാഴ്ച നിശ്ചയിച്ച പ്രകാരം നടക്കും. മത്സരത്തിന് മുമ്പ് ഹൈറൺ ആൻഡ്രൂസിന് ആദരാഞ്ജലി അർപ്പിക്കുമെന്ന് ലാ റോഷെൽ അറിയിച്ചു.








0 comments